
തിരുവനന്തപുരം: യു.ജി.സി പെൻഷൻ പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക, ശമ്പളപരിഷ്കരണത്തിനുള്ള ഗ്രാന്റ് കേന്ദ്രസർക്കാർ ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വിരമിച്ച കോളേജ്-സർവകലാശാല അദ്ധ്യാപകർ 27ന് സെക്രട്ടേറിയറ്റ് മാർച്ചും സത്യാഗ്രഹവും നടത്തും. അഡ്വ.വി.ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബഡ്‌ജറ്റിൽ ഉൾപ്പെടുത്തിയതും നടപ്പാക്കിയതുമായ യു.ജി.സി ഏഴാം പരിഷ്കരണത്തിന്റെ ഗ്രാന്റാണ് കേന്ദ്രസർക്കാർ കേരളത്തിന് നിഷേധിച്ചിരിക്കുന്നത്. ഇതുമൂലം 2016 മുതലുള്ള ശമ്പള പരിഷ്കരണ കുടിശ്ശികയാണ് അദ്ധ്യാപകർക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നത്. 2013ൽ യു.ഡി.എഫ് സർക്കാർ നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതി മൂലം വലിയൊരു വിഭാഗം അദ്ധ്യാപകരും ജീവനക്കാരും ഇന്ന് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിക്ക് പുറത്താണ്. പി.എഫ്.ആർ.ഡി.എ നിയമം പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ കേരളത്തോട് സ്വീകരിക്കുന്ന കടുത്ത സാമ്പത്തിക ഉപരോധം അവസാനിപ്പിച്ച് പെൻഷൻകാർക്ക് അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ പ്രൊഫ.വി.എൻ. ചന്ദ്രമോഹനനും ജനറൽ കൺവീനർ പ്രൊഫ.ആർ. മോഹനകൃഷ്ണനും ആവശ്യപ്പെട്ടു.