
ചെന്നൈ: തമിഴ്നാട് മന്ത്രി കെ.പൊന്മുടിക്കും ഭാര്യയ്ക്കും മൂന്നു വർഷം തടവ് വിധിച്ച ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് ഡി.എം.കെ നേതൃത്വം. സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധി നേടാനാണ് തീരുമാനം. അപ്പീൽ നൽകാൻ 30 ദിവസത്തേക്ക് ശിക്ഷ മരവിപ്പിച്ചിട്ടുണ്ട്. മുമ്പ് ഭരിച്ച അണ്ണാ ഡി.എം.കെ മന്ത്രിമാരുടെ അഴിമതി അന്വേഷിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ സ്റ്റാലിൻ ഇപ്പോൾ സ്വന്തം മന്ത്രിമാർ അഴിമതിക്കേസിൽ പെടുമ്പോൾ ന്യായീകരികരിക്കേണ്ട അവസ്ഥയിലാണ്. ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കിയാൽ പൊന്മുടിയുടെ അയോഗ്യത നീങ്ങും. മറിച്ചായാൽ ജയിലിൽ പോകേണ്ടി വരും.
കരുണാനിധി മന്ത്രിസഭയിൽ ഉന്നതവിദ്യാഭ്യാസ, ഖനി മന്ത്രി ആയിരിക്കെ 2006 - 2010 കാലയളവിൽ 1.79 കോടി രൂപ അനധികൃതമായി സമ്പാദിച്ചു എന്ന കേസിലാണ് പൊൻമുടിക്കും ഭാര്യയ്ക്കും ജസ്റ്റിസ് ജി. ജയചന്ദ്രന്റെ ബെഞ്ച് മൂന്നുവർഷം തടവുശിക്ഷ വിധിച്ചത്. 2016. ഇരുവരെയും വെറുതെവിട്ട വിചാരണക്കോടതി ഉത്തരവിനെതിരെ 2017ൽ വിജിലൻസ് നൽകിയ അപ്പീൽ അനുവദിച്ചാണ് ഹൈക്കോടതി വിധി.
ശിക്ഷവിധിച്ച ജസ്റ്റിസ് ജയചന്ദ്രൻ അണ്ണാ ഡി.എം.കെ. ഭരണകാലത്ത് ലീഗൽ സെക്രട്ടറിയായിരുന്നെന്നും ഇക്കാര്യം തടസ്സമായി ഉന്നയിക്കുമെന്നും പൊൻമുടിയുടെ അഭിഭാഷകൻ ഇളങ്കോ പറഞ്ഞു. കോടതിവിധി ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ.ക്ക് തിരിച്ചടിയാകില്ലെന്ന് ഡി.എം.കെ. വക്താവ് ശരവണൻ അണ്ണാദുരൈ പറഞ്ഞു.
പൊന്മുടിക്ക് മറ്രൊരു കുരുക്കും
ഈ കേസിൽ സുപ്രീംകോടതി അപ്പീൽ അനുവദിച്ചാലും ഹൈക്കോടതിയുടെ പരിഗണനയിലുള്ള മറ്റൊരു സ്വത്തുകേസ് പൊൻമുടിക്ക് ഭീഷണിയാവും. കരുണാനിധിയുടെ ഡി.എം.കെ. സർക്കാരിൽ ഗതാഗത മന്ത്രി ആയിരിക്കെ 1.4 കോടി രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചെന്ന കേസിൽ പൊൻമുടിയെയും കുടുംബാംഗങ്ങളെയും കുറ്റവിമുക്തരാക്കിയ വെല്ലൂർ പ്രിൻസിപ്പൽ ജില്ലാകോടതിയുടെ വിധി ഹൈക്കോടതി സ്വമേധയാ പുനഃപരിശോധിക്കുകയാണ്.