photo

നെടുമങ്ങാട്: കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ പ്രവേശന കവാടത്തിൽ വഴിമുടക്കി കിടക്കുന്ന കണ്ടം ചെയ്ത വണ്ടി നീക്കം ചെയ്യാൻ ഒന്നേകാൽ വർഷം മുമ്പ് നഗരസഭ കൗൺസിൽ നൽകിയ നിർദേശം ഇനിയും നടപ്പായില്ല. പഴയ ബസുകൾ ഡിസ്‌പ്ലേയാക്കി ഫുഡ് കോർട്ട്‌ ആൻഡ് ഷോപ്പ് ഔട്ട്‌ലെറ്റ് തുറക്കുന്നതിന്റെ ഭാഗമായി ട്രാൻസ്പോർട്ട് അധികൃതർ സജ്ജമാക്കിയ വണ്ടിയാണ് പുലിവാല് പിടിച്ചത്. ഫു‌ഡ് കോർട്ട് വന്നതുമില്ല, ഇതിനു തയാറാക്കിയ ബസ് നോക്കു കുത്തിയുമായി. വഴിയാത്രികർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള സ്വകാര്യ ഇടവുമായി. നവകേരള സദസ് വന്നപ്പോഴെങ്കിലും കെ.എസ്.ആർ.ടി.സി വിശാല മനസ്കത കാട്ടുമെന്ന് നഗരസഭയും നാട്ടുകാരും വിചാരിച്ചു. പക്ഷെ, അധികൃതർ അനങ്ങിയില്ല. ഗത്യന്തരമില്ലാതെ ബസ് മറച്ച് കുടുംബശ്രീ തട്ടുകട തുടങ്ങേണ്ടി വന്നു. കെ.എസ്.ആർ.ടി.സി എം.ഡി ഡോ.ബിജു പ്രഭാകർ കൊണ്ടുവന്ന ഡിപ്പോ പരിഷ്കരണത്തോട് നെടുമങ്ങാട് ഡിപ്പോ അധികൃതർ നടത്തിയ അലംഭാവമാണ്‌ തിരക്കേറിയ നഗരമദ്ധ്യത്തെ ഈ ദുർമുഖം. ഫുഡ് കോർട്ട് നടത്തിപ്പിനായി സർക്കാർ, സ്വകാര്യ സംരംഭകരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിക്കാൻ മേലാപ്പീസിൽ നിന്ന് നിർദ്ദേശം ലഭിച്ചിട്ടും അധികൃതർക്ക് അനക്കമില്ല. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്നിന് നെടുമങ്ങാട് ബാറിലെ പ്രമുഖ അഭിഭാഷകന് നഗരസഭ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ആൻഡ് സൂപ്രണ്ട് എസ്.സുനിൽകുമാർ നൽകിയ വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് വഴിമുടക്കിയായ 'ഫുഡ് കോർട്ട് ബസ്" ഇവിടെ നിന്ന് നീക്കം ചെയ്യാൻ നിർദേശം നൽകിയതായി വെളിപ്പെടുത്തലുള്ളത്. അനധികൃത പാർക്കിംഗ് കണക്കിലെടുത്ത് വഴിമുടക്കി ആനവണ്ടി അടിയന്തരമായി മാറ്റുന്നതിന് ട്രാഫിക് പൊലീസിനും നിർദേശം നൽകിയതായി വിവരാവകാശ മറുപടിയിലുണ്ട്.