
ചെന്നൈ: തമിഴ്നാട്ടിലെ സ്‌കൂൾ അദ്ധ്യാപികമാർക്ക് ചുരിദാർ ധരിച്ചും സ്‌കൂളിലെത്താം. ദീർഘനാളായുള്ള ആവശ്യത്തിനു വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി അംഗീകാരം നൽകുകയായിരുന്നു. സർക്കാർ സ്‌കൂളുകളിൽ ജോലി ചെയ്യുന്ന അദ്ധ്യാപികമാർക്ക് അവരുടെ ഇഷ്ടമനുസരിച്ച് സാരിയും ചുരിദാറും അടക്കമുള്ള വസ്ത്രങ്ങൾ ധരിക്കാമെന്ന് മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങും. 'കനവാശ്രിയർ' പുരസ്‌കാരദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
നിയമങ്ങൾക്കു വിധേയമായി, എന്തു വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയുമാണെന്ന് മന്ത്രി പറഞ്ഞു. തമിഴ്നാട്ടിലെ സ്‌കൂളുകളിൽ അദ്ധ്യാപികമാർ സാരി ധരിക്കണമെന്നായിരുന്നു ചട്ടം. പുരുഷ അദ്ധ്യാപകർ പാന്റ്സും ഷർട്ടും അല്ലെങ്കിൽ മുണ്ടും ഷർട്ടും ധരിച്ചാണ് സ്‌കൂളിലെത്തുന്നത്. വനിതാ അദ്ധ്യാപകരെ ചുരിദാർ ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ധ്യാപക സംഘടനകളടക്കം രംഗത്തെത്തിയിരുന്നെങ്കിലും വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അനുകൂല പ്രതികരണം ലഭിച്ചിരുന്നില്ല.
സർക്കാർ ജീവനക്കാരുടെ വസ്ത്രധാരണം സംബന്ധിച്ച് 2019 ജൂണിൽ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, വൃത്തിയുള്ളതും ഓഫിസിന് യോജ്യമായതുമായ വസ്ത്രങ്ങൾ ധരിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. വനിതാ ജീവനക്കാർക്ക് സാരി, സൽവാർ കമ്മീസ്, ചുരിദാർ, ദുപ്പട്ട എന്നിവ ധരിക്കാമെന്നും പുരുഷ ജീവനക്കാർ പാന്റ്സ് ഷർട്ട്, ദോത്തി അല്ലെങ്കിൽ ഇന്ത്യൻ സംസ്‌കാരം പ്രതിഫലിപ്പിക്കുന്ന ഏത് വസ്ത്രവും ധരിക്കാമെന്നായിരുന്നു ഉത്തരവ്. ഈ ഉത്തരവിനെ തുടർന്ന് അദ്ധ്യാപികമാർ ചുരിദാർ ധരിക്കാനുള്ള അനുമതിക്കായി വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചെങ്കിലും ആവശ്യം അംഗീകരിക്കപ്പെട്ടില്ല.
ഈ സാഹചര്യത്തിലാണ് അദ്ധ്യാപികമാരുടെ ആവശ്യത്തെ അംഗീകരിക്കുന്ന നടപടിയുമായി മന്ത്രി തന്നെ രംഗത്തെത്തിയത്. കേരളത്തിൽ നേരത്തെ തന്നെ അദ്ധ്യാപികമാർക്ക് ചുരിദാർ ധരിക്കാൻ അനുവാദം നൽകിയിരുന്നു.