തിരുവനന്തപുരം: ദീപാലങ്കാരത്തിന്റെ മായക്കാഴ്ചകളും മനംമയക്കുന്ന പുഷ്പമേളയുമായി തലസ്ഥാന നഗരിയിൽ ക്രിസ്മസ്-പുതുവത്സരാഘോഷത്തിന് തിരിതെളിഞ്ഞു. വസന്തോത്സവമെന്ന പേരിൽ ടൂറിസം വകുപ്പ് കനകക്കുന്നിൽ സംഘടിപ്പിച്ച പുഷ്പമേളയും ദീപാലങ്കാരവും മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഇതോടെ ജനുവരി രണ്ടുവരെ നീണ്ടുനിൽക്കുന്ന ആഘോഷത്തിന് തുടക്കമായി.മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.മന്ത്രി ജി.ആർ. അനിൽ മുഖ്യാതിഥിയായിരുന്നു. വി.കെ പ്രശാന്ത് എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ, ടൂറിസം ഡയറക്ടർ പി.ബി. നൂഹ്, ഡി.ടി.പി.സി സെക്രട്ടറി ശ്യാം കൃഷ്ണൻ എന്നിവർ പങ്കെടുത്തു.കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിലാണ് പുഷ്പമേള. പുഷ്പമേളയിൽ 75,000 ത്തോളം പുഷ്പങ്ങളുണ്ട്. യൂറോപ്യൻ മോഡൽ വീട്, പൂന്തോട്ടം, ബട്ടർഫ്ളൈ, ഊഞ്ഞാൽ തുടങ്ങിയവ പ്രധാന ആകർഷണങ്ങളാണ്. കനകക്കുന്നിലെ നടപ്പാതകളും മരങ്ങളുമെല്ലാം ദീപാലങ്കാരവത്കരിച്ചു.
മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് പ്രവേശന നിരക്ക്.സാംസ്കാരിക പരിപാടികൾ, ഭക്ഷ്യമേള, പെറ്റ്സ് പാർക്ക്, ട്രേഡ് ഫെയർ എന്നിവയാണ് മറ്റു ആകർഷണങ്ങൾ. വസന്തോത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും മ്യൂസിക്ക് ബാൻഡുകളുടെ പ്രകടനവും അരങ്ങേറും. ഉദ്ഘാടനദിവസം മാങ്കോസ്റ്റിൻ ബാൻഡിന്റെ പ്രകടനം അരങ്ങേറി. 25ന് ഫ്ളൈ ഡെ ബാൻഡ്, 26ന് ഹൈ ഹോപ്പ്, 27ന് വോയ്സ് ഒഫ് ട്രിവാൻഡ്രം, 28ന് മൽഹാർ, 29ന് മജസ്റ്റിക് നയന്റിസ്, 30ന് കോത്താലിസ്, 31ന് ബേക്കറി ജംഗ്ഷൻ, ജനുവരി ഒന്നിന് ഭൈരവി എൻസെമ്പിൾസ്, രണ്ടിന് ക്ലാപ് ബോക്സ് എന്നീ ബാൻഡുകളുടെ പ്രകടനം നടക്കും.