k-sudhakaran

തിരുവനന്തപുരം : ഡി.ജി.പി ഓഫീസ് മാർച്ചിനിടെ കോൺഗ്രസ് നേതാക്കൾക്ക് നേർക്കുള്ള

പൊലീസിന്റെ ടിയർ ഗ്യാസ് പ്രയോഗം മന:പൂർവ്വമായിരുന്നുവെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ .

താൻ സംസാരിച്ച് ഇരുന്നു. സതീശൻ പ്രസംഗിച്ച് തുടങ്ങുമ്പോഴാണ് ജലപീരങ്കി പ്രയോഗിച്ചത്. പിന്നാലെ ടിയർ ഗ്യാസും. സംസാരിക്കുന്ന സ്‌റ്റേജിന് അടുത്ത് നിന്നായിരുന്നു പ്രയോഗം. വാഹനത്തിൽ ഒരുക്കിയ സ്‌റ്റേജായതിനാൽ ചെറിയ ഇടമാണ്. അതിൽ നിറയെ ആളുകളുമുണ്ടായിരുന്നു. സ്‌റ്റേജിന് അടിയിൽ പതിച്ച ടിയർ ഗ്യാസ് ഷെൽ പൊട്ടിയിരുന്നെങ്കിൽ അതിന്റെ ആഘാതത്തിൽ എന്തെങ്കിലും സംഭവിക്കില്ലേ? ക്രിമിനൽ ആലോചനയിൽ നെറികെട്ട രീതിയിൽ വളരെ അടുത്തു നിന്ന് ടിയർ ഗ്യാസ് പ്രയോഗിച്ചത് വലിയ ആശങ്കയുണ്ടാക്കുന്നു.18 ഷെല്ലുകൾ പ്രയോഗിക്കാൻ മാത്രമുള്ള പ്രകോപനമൊന്നും അവിടെ ഉണ്ടായിട്ടില്ല. സ്‌റ്റേജിന്റെ ചുറ്റുമുള്ള ജനക്കൂട്ടത്തെ ഒഴിവാക്കലായിരുന്നു ലക്ഷ്യം. ജനക്കൂട്ടത്തിന് നേർക്ക് വർഷിച്ച ഷെല്ലുകൾ ആരുടെയെങ്കിലും ദേഹത്ത് കൊണ്ടിരുന്നെങ്കിൽ സ്ഥിതി മാറിയേനെ.

ടിയർ ഗ്യാസ് പ്രയോഗത്തിന് ശേഷം തനിക്കും ശശി തരൂരിനും മുരളീധരനും ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് നേരിട്ടു.കെ.പി.സി.സി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല ബോധരഹിതയായി വീണു. വാഹനത്തിൽ കയറ്റിയാണ് അവരെ അവിടെ നിന്ന് മാറ്റിയത്. ആശുപത്രിയിൽ എത്തിച്ച ശേഷം തനിക്ക്‌ നെബുലേഷനിലൂടെയാണ് ശ്വാസം വലിക്കാനായത്. അസ്വസ്ഥത കുറയും വരെ ആശുപത്രിയിൽ തുടർന്നു.

ഇതുകൊണ്ടും

ഞാൻ ഭയക്കില്ല

'ഒന്നിനും മടിക്കാത്ത മനസാണ് പിണറായിയുടേത്. ഇതുകൊണ്ടൊന്നും ഞാൻ ഭയക്കില്ല. എന്നെ അപായപ്പെടുത്താൻ സി.പി.എം ഇതിന് മുമ്പ് മൂന്ന് തവണ പരിശ്രമിച്ചതാണ്. മൂന്ന് അംബാസിഡർ കാറുകൾ പൂർണ്ണമായും തകർത്തു. രണ്ട് തവണ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഒരു തവണ പേരാവൂരിലെ വെള്ളാർവള്ളിയിൽ രാജീവ് ഗാന്ധിയുടെ സ്തൂപം അനാച്ഛാദനം ചെയ്യാൻ പോയപ്പോൾ എന്റെ കാറിന് നേരെ ബോംബെറിഞ്ഞു. ഒരു വളവിൽ വണ്ടിയുടെ വേഗത കുറഞ്ഞപ്പോഴായിരുന്നു ആക്രമണം. അന്ന് എന്റെ പുറത്ത് തറച്ച ബോംബിന്റെ ചീളുകൾ നീക്കാൻ 38 ദിവസമാണ് ആശുപത്രിയിൽ കിടന്നത്'.

ചികിത്സകൾക്കായി 31ന് അമേരിക്കയിലേക്ക് തിരിക്കുമെന്നും സുധാകരൻ അറിയിച്ചു.