
തിരുവനന്തപുരം: ഇടതുമുന്നണി സർക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനും വികസന നേട്ടങ്ങൾ പെരുപ്പിച്ചു കാട്ടി അഴിമതി ആരോപണങ്ങളിൽ നിന്നു ജനശ്രദ്ധ മാറ്റാനും നടത്തിയ നവകേരളയാത്ര വെളുക്കാൻ തേച്ചത് പാണ്ടായി എന്ന ചൊല്ലുപോലെയാണ് അവസാനിച്ചതെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ.
യാത്ര സംസ്ഥാനത്ത് ഭരണസ്തംഭനമുണ്ടാക്കി. ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് ശബരിമല ദർശനത്തിന് സൗകര്യം ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയെ രൂക്ഷമാക്കുകയും ക്രമസമാധാന നില തകർക്കുകയും ചെയ്ത യാത്രയായി മാറി. നവ കേരളസദസിനുവേണ്ടി 14 സർക്കാർ സ്‌കൂളുകളുടെ മതിലുകൾ പൊളിച്ചു.
കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ്-കെ.എസ്.യു-ലീഗ് പ്രവർത്തകരെ കല്യാശ്ശേരി മുതൽ കാട്ടാക്കട വരെ പൊലീസും ഡി.വൈ.എഫ്.ഐക്കാരും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. ധൂർത്തിന്റെ ആഡംബര യാത്ര വിദ്വേഷവും പകയും വെറുപ്പും വർദ്ധിപ്പിക്കാൻ ഇടയാക്കി.