
കൊച്ചി: ഫ്ളാറ്റ് നിർമ്മിച്ചുനൽകാമെന്നു പറഞ്ഞ് ചലച്ചിത്രനിർമ്മാതാവ് കിരീടം ഉണ്ണിയിൽനിന്ന് ഏഴുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതികൾക്ക് രണ്ടുവർഷംവീതം തടവും 20ലക്ഷംരൂപ പിഴയും വിധിച്ചു. 25വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് എറണാകുളം ജുഡിഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് കോടതി ശിക്ഷ വിധിച്ചത്. ജോസ് ബ്രദേഴ്സ് ആൻഡ് ജോസഫ് വാളക്കുഴി കൺസ്ട്രക്ഷൻസ് ഉടമകളായ രവിപുരം ആലപ്പാട്ട് ക്രോസ്റോഡിൽ കളത്തിപ്പറമ്പിൽവീട്ടിൽ കെ.ജെ. തോമസ്, കലൂർ ഷേണായ് റോഡിൽ വാളക്കുഴിവീട്ടിൽ ഔസേപ്പച്ചൻ എന്ന ജോസഫ് വാളക്കുഴി എന്നിവരെയാണ് എറണാകുളം ജുഡിഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് കോടതി (എട്ട്) ശിക്ഷിച്ചത്.
പിഴയൊടുക്കിയില്ലെങ്കിൽ ആറുമാസംകൂടി തടവുശിക്ഷ അനുഭവിക്കണം. പിഴത്തുക കെട്ടിവച്ചാൽ ആ തുക കിരീടം ഉണ്ണിക്ക് നഷ്ടപരിഹാരമായി നൽകണം. എളംകുളം വില്ലേജിൽ നിർമ്മിക്കുന്ന ഗീത് മിനി കാസിൽ എന്ന ഫ്ളാറ്റ് സമുച്ചയത്തിൽ 15.67ലക്ഷം രൂപയ്ക്ക് മൂന്നു ബെഡ്റൂമുകളോടു കൂടിയ ഫ്ളാറ്റ് നൽകാമെന്ന് 1996 മേയ് 30ന് പ്രതികൾ കിരീടം ഉണ്ണിയുമായി കരാറുണ്ടാക്കി. തുടർന്ന് വിവിധ ഗഡുക്കളായി ഏഴുലക്ഷം രൂപയും നൽകി. 1997 ഡിസംബർ 31ന് ഫ്ളാറ്റിന്റെ നിർമ്മാണം പൂർത്തിയാകുമെന്നും തുടർന്ന് 15 ദിവസത്തിനകം ഫ്ളാറ്റ് കിരീടം ഉണ്ണിക്ക് നൽകുമെന്നുമായിരുന്നു കരാർ. എന്നാൽ ഫ്ളാറ്റിന്റെ പണി ഇടയ്ക്ക് മുടങ്ങി. ഹൈക്കോടതി സ്റ്റേചെയ്തതോടെയാണ് പണി മുടങ്ങിയതെന്നും സ്റ്റേ നീങ്ങുന്ന മുറയ്ക്ക് പണി പുനരാരംഭിക്കുമെന്നും പ്രതികൾ അറിയിച്ചു. എന്നാൽ ഇവർ ഹർജിക്കാരനെ അറിയിക്കാതെ ഫ്ളാറ്റ് സമുച്ചയം ബെട്രോൺ ബിൽഡേഴ്സിന് വിറ്റു. ഇക്കാര്യം അറിഞ്ഞ പരാതിക്കാരൻ ബെട്രോൺ ബിൽഡേഴ്സിനെ ബന്ധപ്പെട്ടെങ്കിലും 44 ലക്ഷം രൂപയാണ് ഫ്ളാറ്റിന് ആവശ്യപ്പെട്ടത്. തുടർന്ന് നൽകിയ പരാതിയിൽ 25വർഷത്തെ നിയമപോരാട്ടം പരാതിക്കാരന് നടത്തേണ്ടിവന്നെന്ന് കോടതി വിധിയിൽ പറയുന്നു. ക്രിമിനൽ വിശ്വാസ വഞ്ചനാക്കുറ്റത്തിനാണ് പ്രതികളെ ശിക്ഷിച്ചത്.