തിരുവനന്തപുരം: തിരുപ്പിറവിയുടെ സ്മരണ പുതുക്കി ദേവാലയങ്ങളിൽ ഇന്നലെ പ്രത്യേക പ്രാർത്ഥനകളും പാതിരാകുർബാനയും നടന്നു.
പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിൽ ഇന്നലെ രാത്രി ഏഴിനുള്ള രാത്രി നമസ്‌കാരത്തോടെ പ്രാർത്ഥനകൾക്ക് തുടക്കമായി. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാന നടന്നു. ക്രിസ്മസ് ദിനത്തിൽ രാവിലെ 6.15ന് വിശുദ്ധ കുർബാന നടക്കും.
പാളയം സെന്റ് ജോസഫ്‌സ് മെട്രോ പൊളിറ്റൻ കത്തീഡ്രലിൽ രാത്രി 11നുള്ള പാതിരാ കുർബാനയ്ക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യ കാർമികനായി. ഈ വർഷത്തെ ആദ്യ കുർബാന സ്വീകരണം ക്രിസ്മസ് ദിനത്തിൽ രാവിലെ ഒൻപതിന് സഹായ മെത്രാൻ ഡോ.ആർ. ക്രിസ്‌തുദാസിന്റെ കാർമികത്വത്തിൽ നടത്തും.
സ്പെൻസർ ജംഗ്ഷൻ സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രൽ ദേവാലയത്തിൽ ക്രിസ്‌മസ് ദിനത്തിൽ പുലർച്ചെ 2.30ന് രാത്രി നമസ്കാരം, തിജ്വാല ശുശ്രൂഷ, വിശുദ്ധ കുർബാന എന്നിവ നടന്നു. ഡോ.ജോസഫ് സാമുവൽ കറുകയിൽ കോറെപ്പിസ്‌കോപ്പ മുഖ്യകാർമികത്വം വഹിച്ചു.
പി.എം.ജി ലൂർദ് ഫൊറോന പള്ളിയിൽ ഇന്നലെ രാത്രി 11.45 ന് ക്രിസ്മസ് തിരുക്കർമങ്ങൾ ആരംഭിച്ചു. ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ മുഖ്യകാർമികനായി. ഇന്ന് രാവിലെ 5.30നും 7.15നും വിശുദ്ധ കുർബാന.
പാളയം സമാധാന രാജ്ഞി ബസിലിക്കയിലെ ക്രിസ്‌മസ് ശുശ്രൂഷകൾ ഇന്നലെ വൈകിട്ട് ഏഴിന് ആരംഭിച്ചു. റെക്ടർഡോ. ജോൺ കുറ്റിയിൽ കാർമികത്വം വഹിച്ചു. രാത്രി പത്തിന് മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ കരോൾ ഗാനാലാപനം. തുടർന്ന് ഹാർമണി ഫോർ ഹോപ് എന്ന ടെലിഫിലിമിന്റെ ആദ്യ പ്രദർശനം ഉണ്ടായിരുന്നു.
വഴുതക്കാട് കാർമ്മൽഹിൽ ആശ്രമ ദേവാലയത്തിൽ ക്രിസ്‌മസ് തിരുക്കർമങ്ങൾക്ക് ഇന്നലെ രാത്രി 11ന് തുടക്കമായി. ക്രിസ്‌മസ് ദിനമായ ഇന്നു രാവിലെ 6.30നും 8.30നും 11ന് ഇംഗ്ലീഷിലും വൈകുന്നേരം 5.30നും ദിവ്യബലിയുണ്ടാകും.
കവടിയാർ മാർ അപ്രേം ഓർത്തഡോക്സ് പള്ളിയിൽ ഇന്നലെ വൈകിട്ട് ആറിന് ജനന പെരുന്നാൾ സന്ധ്യാ നമസ്കാരം നടന്നു. ക്രിസ്മസ് ദിനത്തിൽ പുലർച്ചെ നാലിന് രാത്രി നമസ്‌കാരം. 4.30ന് തീജ്വാല ശുശ്രൂഷ, 5.30ന് വിശുദ്ധ കുർബാന 7ന് ക്രിസ്മസ് സന്ദേശം. 7.30ന് പ്രഭാത ഭക്ഷണം.