g

പ്രമേഹം വരുംതലമുറയ്ക്ക് ഭീഷണിയായി ഗർഭിണികളിലും പെൺകുട്ടികളിലും മറ്റ് ചെറുപ്പക്കാരിലും ശക്തമായ കടന്നാക്രമണമാണ് നടത്തുന്നത്. പ്രമേഹ രോഗിയായ അമ്മ പ്രസവിക്കുന്ന കുഞ്ഞിന് ചെറുപ്പത്തിൽത്തന്നെ പ്രമേഹം പിടിപെടാൻ സാദ്ധ്യതയുണ്ട്. യൗവനത്തിൽ പ്രമേഹത്തിന് അടിമപ്പെട്ടാൽ എത്രനാൾ ആ പോരാട്ടം തുടരാനാകും?​

......................

പ്രമേഹം ഇന്ന് ചെറുപ്പക്കാരികളിലും വ്യാപകമാണ്. പ്രത്യേകിച്ച്,​ ഗർഭകാല പ്രമേഹം (ജസ്റ്റേഷണൽ ഡയബറ്റിസ്)​. ഗർഭകാലത്തിന്റെ ആദ്യത്തെ മൂന്നു മാസത്തിൽ കാണുന്ന പ്രമേഹം അപകടകരമാണ്. കുഞ്ഞിന്റെ തലച്ചോർ ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ രൂപംകൊണ്ടു തുടങ്ങുന്ന ഈ ഘട്ടത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നുനിൽക്കുന്നത് അവയുടെ വളർച്ചയെ ബാധിക്കാം. പ്രമേഹം ഗർഭകാലത്ത് നിയന്ത്രിക്കാതിരിക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ദോഷകരമാണ്.

കേരളത്തിൽ പുരോഗമിക്കുന്ന ഒരു സർവേയുടെ സാമ്പിൾ ശേഖരണം പൂർത്തിയായപ്പോൾ 53 ശതമാനം പേരിലും പ്രമേഹം കണ്ടെത്തി. അവിടെയും കാരണം ജീവിത ശൈലി തന്നെയാണ്. പാരമ്പര്യമായി പ്രമേഹമുണ്ടെങ്കിലും ജീവിത ശൈലിയിലൂടെ അത് മാറ്റിയെടുക്കാം. എന്നാൽ അതിനുള്ള ശ്രമം പുതിയ തലമുറയിൽ ഉണ്ടാകുന്നില്ല.
ഗർഭം അലസൽ, അകാല പ്രസവം, രക്തസമ്മർദ്ദം, മൂത്രാശയ രോഗങ്ങൾ എന്നിവ മാതാവിനുണ്ടാവും.
ഹൃദയം, തലച്ചോർ, അംഗവൈകല്യങ്ങൾ എന്നിവ കുഞ്ഞുങ്ങൾക്ക് ഉണ്ടാകാം. 70 ശതമാനം ഗർഭകാല പ്രമേഹ ബാധിതരിലും ഭക്ഷണ ക്രമീകരണംകൊണ്ട് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനാകും.

പ്രസവശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് തനിയെ സാധാരണ നിലയിലെത്തുന്നു. എല്ലാ ഗർഭിണികളും, പ്രത്യേകിച്ച് കുടുംബത്തിൽ പ്രമേഹമുണ്ടെങ്കിൽ വിവരം ഡോക്ടറോട് പറയുകയും പ്രമേഹ നിർണയം നടത്തുകയും വേണം. ഗർഭധാരണം സ്ഥിരീകരിച്ചാൽ ആദ്യ പരിശോധനയിൽത്തന്നെ പ്രമേഹ പരിശോധനയും നടത്തണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്.

അമിത ദാഹവും ഇടയ്ക്കിടെ മൂത്രം ഒഴിക്കേണ്ടിവരുന്ന അവസ്ഥയുമാണ് ഗർഭകാല പ്രമേഹത്തിന്റെ പ്രധാന ലക്ഷണം.

ഗർഭകാല പ്രമേഹമുള്ളവരിൽ അമിത ക്ഷീണം അനുഭവപ്പെടുകയും,​ ശരീരഭാരം കുറയുകയും ചെയ്യാറുണ്ട്. ഗർഭകാലത്ത് കാണുന്നതെല്ലാം കഴിക്കുന്നത് കേരളത്തിൽ ഫാഷനായി മാറിക്കഴിഞ്ഞു. ഈ തെറ്റായ ധാരണകൊണ്ടുള്ള തെറ്റായ ഭക്ഷണക്രമം ഗർഭിണികളിൽ പ്രമേഹത്തിന് ആക്കം കൂട്ടി. മതിയായ ഊർജ്ജം കിട്ടുന്ന ഭക്ഷണം സാധാരണ നിലയിൽ കഴിക്കുന്നതു പോലെ മാത്രമേ ഗർഭകാലത്തും ആകാവൂ. ഇതോടൊപ്പം വ്യായാമവും വേണം.

പി.സി.ഒ.ഡി

എന്ന പ്രശ്നം

പെൺകുട്ടികൾ ഇന്ന് അനുഭവിക്കുന്ന പ്രശ്നമാണ് പോളിസിസ്റ്റിക്ക് ഓവറി ഡിസീസ് (പി.സി.ഒ.ഡി). പ്രമേഹത്തിലേക്ക് തള്ളിവിടുന്നതിൻെറ തുടക്കം. ശരീരത്തിലെ ഇൻസുലിൻ റസിസ്റ്റൻസ് മൂലമുണ്ടാകുന്ന രോഗമാണിത്. കേരളത്തിൽ 16 മുതൽ 20 ശതമാനം വരെ പെൺകുട്ടികൾ പി.സി.ഒ.ഡി ബാധിതരാണെന്നാണ് കണക്കുകൾ. ഇത്തരക്കാർ ഗർഭകാലത്തോടെ പൂ‌ർണമായും പ്രമേഹത്തിൻെറ പിടിയിലാകും. പി.സി.ഒ.ഡി കാരണം ഗർഭധാരണം നടക്കാത്ത സാഹചര്യവും വർദ്ധിക്കുകയാണ്.

ഹോർമോൺ വ്യതിയാനമാണ് പി.സി.ഒ.ഡിയ്ക്ക് കാരണം. ശരീരത്തിലെത്തുന്ന പഞ്ചസാര തന്മാത്രകളെ ഊർജമാക്കി മാറ്റുന്നത് പാൻക്രിയാസിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ ഹോർമോണാണ്. ഈ ഇൻസുലിൻ ഹോർമോണിൻെറ കുറവാണ് പി.സി.ഒ.ഡി കാരണം. ഇൻസുലിൻ ഹോർമോണുകൾക്ക് പഞ്ചസാര തന്മാത്രകളെ തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇൻസുലിൻ റെസിസ്റ്റൻസ്. ഇതിൻെറ ഫലമായി അണ്ഡാശയങ്ങൾ ചെറുകുമിളകൾ കൊണ്ട് നിറയും. അണ്ഡാശയങ്ങളിൽ പുരുഷ ഹോർമോണുകൾ അഥവാ ആൻഡ്രോജനുകൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ ഫലമായി അണ്ഡകോശങ്ങൾ വളർച്ച നിലച്ച് കുമിളകളാകും.

15 മുതൽ 20 വരെ സിസ്റ്റുകളോ അതിലധികമോ ഒരു ഓവറിയിൽത്തന്നെ കാണപ്പെടാറുണ്ട്. ഈ അവസ്ഥയിൽ എത്ര ഭക്ഷണം കഴിച്ചാലും ഊർജമില്ലാത്തതുപോലെ അനുഭവപ്പെടും. ഭക്ഷണം ഊർജ്ജമായി മാറാതെ കൊഴുപ്പായി ശരീരത്തിൽ അടിഞ്ഞുകൂടി പൊണ്ണത്തടിയിലേക്ക് നയിക്കും. ക്രമം തെറ്റിയുള്ള ആർത്തവം, മുഖത്തെ രോമവളർച്ച തുടങ്ങിയവയാണ് പി.സി.ഒ.ഡിയുടെ ലക്ഷണങ്ങൾ. വണ്ണം കൂടുക,​ മുഖക്കുരു വർദ്ധിക്കുക, തൊലിയിൽ കറുപ്പുനിറം പടരുക എന്നിവയും പി.സി.ഒ.ഡിയുടെ ലക്ഷണങ്ങളായി കാണപ്പെടാറുണ്ടെന്ന് ഡോക്ടമാർ ചൂണ്ടിക്കാട്ടുന്നു.

പി.സി.ഒ.ഡിയുടെ കാരണങ്ങൾ തേടുമ്പോഴും ജീവിതശൈലിയാണ് പ്രധാന വെല്ലുവിളിയായി ഉയരുന്നത്.

അൾട്രാ സൗണ്ട് സ്‌കാനിംഗിലൂടെയാണ് രോഗനിർണയം നടത്തുന്നത്. പി.സി.ഒ.ഡി. ഉള്ളവരുടെ രക്തത്തിൽ ഇൻസുലിന്റെ അളവ് കൂടുതൽ, എഫ്.എസ്.എച്ച്/എൽ.എച്ച്. അനുപാതത്തിൽ വ്യതിയാനം, ആൻഡ്രോജൻ കൂടുതലാണോ എന്നു തെളിയിക്കുന്ന DHEA-S- ന്റെ അളവിൽ വർദ്ധന എന്നിവ കണ്ടെത്താനാകും.

മരുന്ന് എത്ര

നാൾ കഴിക്കും?​

പ്രമേഹം ഒരു അവസ്ഥയായതിനാൽ,​ ഒരിക്കൽ ബാധിച്ചാതാൽ അതിനോടു പൊരുത്തപ്പെട്ടേ തീരൂ. അവിടെയാണ് യുവാക്കളിലെ പ്രമേഹം വില്ലനാകുന്നത്. കേരളത്തിൽ 25 വയസിൽ താഴെയുള്ളവരിൽ മുതിർന്നവരിൽ കാണുന്ന ടൈപ്പ് 2 പ്രമേഹത്തിൻെറ സാന്നിദ്ധ്യം വർദ്ധിക്കുകയാണ്. ഈ പ്രായക്കാർക്കിടയിൽ 20 ശതമാനത്തിലധികം ഇത്തരം കേസുകളുണ്ടാകുന്നുവെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ശരാശരി 70 വയസുവരെ ജീവിക്കേണ്ട ഒരാൾക്ക് 20 വയസിൽ പ്രമേഹം പിടിപെട്ടാൽ അതോടെ ജീവിതത്തിന്റെ നിറംകെടും.

സമപ്രായക്കാരുടെ അതേ ഭക്ഷണരീതി പാടെ ഉപേക്ഷിക്കണം. മറിച്ച്,​ പ്രമേഹം വന്നോട്ടെ; മരുന്നു കഴിക്കാം എന്ന് തെറ്റായി ധരിക്കുന്നവരുണ്ട്. നിയന്ത്രണങ്ങളില്ലാതെ മരുന്നു മാത്രം കഴിച്ചാൽ അവിടെയും അപകടം കാത്തിരിപ്പുണ്ട്. എല്ലാ മരുന്നിനും 80 ശതമാനം ഗുണമാണെങ്കിൽ 20 ശതമാനം പാർശ്വഫലങ്ങളുണ്ടാകും. 20 വയസു മുതൽ പ്രമേഹത്തിന് മരുന്ന് കഴിക്കേണ്ടി വന്നാൽ പരമാവധി 20 വർഷത്തിനുള്ളിൽ അത് മറ്റു പല അസുഖങ്ങളിലേക്കും വഴിതുറക്കും. അതോടെ ആയുർദൈർഘ്യവും കുറയും.

ജീവിതശൈലിയാണ് ഇവിടെയും പ്രധാന വില്ലൻ. അനാരോഗ്യകരമായ ഭക്ഷണക്രമവും ടിവി, കംപ്യൂട്ടർ, മൊബൈൽ ഫോൺ, ഇന്റർനെറ്റ് എന്നിവയിൽ അധിഷ്ഠിതമായ തെറ്റായ ജീവിതരീതിയും പ്രമേഹത്തെ നാൾക്കുനാൾ സങ്കീർണമാക്കും. വ്യായാമക്കുറവും ജങ്ക് ഫുഡുകളുടെ അമിത ഉപയോഗവും പ്രമേഹത്തിന് വളക്കൂറാകും. കുടുംബത്തിലെ പ്രമേഹ ചരിത്രം ഒരുഘടകമാണെങ്കിലും ശരിയായ ജീവിത ശൈലിയിലൂടെ യുവാക്കളിലും പ്രമേഹത്തെ അകറ്റി നിറുത്താനാകും

(നാളെ: അവയവങ്ങളെ

തകരാറിലാക്കും)​