
വർക്കല: ബീച്ച് ടൂറിസത്തിൽ സ്വകാര്യ നിക്ഷേപം പരമാവധി പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കഴിഞ്ഞ മാസം നടന്ന പ്രഥമ ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റിൽ ബീച്ച് ടൂറിസത്തിൽ നിക്ഷേപത്തിന് താത്പര്യം പ്രകടിപ്പിച്ച് നിരവധി നിക്ഷേപകരാണ് മുന്നോട്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. വർക്കല പാപനാശം ഫ്ലോട്ടിംഗ് ബ്രിഡ്‌ജ് ആൻഡ് വാട്ടർ സ്‌പോർട്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വാട്ടർ സ്‌പോർട്സ് രംഗത്തെ സാദ്ധ്യതകൾ കേരളം ഉപയോഗപ്പെടുത്താൻ തുടങ്ങിയപ്പോൾ മറ്റിടങ്ങളിൽ സഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നത് മുന്നിൽക്കണ്ട് അന്യസംസ്ഥാന ലോബികൾ കുപ്രചാരണം നടത്തുന്നുണ്ട്. ചാവക്കാട് ഫ്ലോട്ടിംഗ് ബ്രിഡ്‌ജ് തകർന്നെന്നുള്ള കുപ്രചാരണങ്ങൾ ഇതിന്റെ ഭാഗമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി അഴിച്ചുമാറ്റേണ്ടി വന്ന ഫ്ലോട്ടിംഗ് ബ്രിഡ്ജ് ചാവക്കാട് ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഫ്ലോട്ടിംഗ് ബ്രിഡ്ജിലൂടെ യാത്ര ചെയ്‌ത മന്ത്രി കടലിലൂടെ ജെറ്റ്സ്‌കീയിൽ സഞ്ചരിച്ചു.
വി.ജോയി എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ കെ.എം.ലാജി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്‌മിത സുന്ദരേശൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ രാജീവ് ജി.എൽ,കെ.എ.ടി.പി.എസ് സി.ഇ.ഒ ബിനു കുര്യാക്കോസ്,ഡി.ടി.പി.സി സെക്രട്ടറി ശ്യാം കൃഷ്ണൻ,കേരള ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടർ അഡ്വ.എസ്.ഷാജഹാൻ,സി.പി.എം ഏരിയാസെക്രട്ടറി എം.കെ.യൂസഫ്,കൗൺസിലർമാരായ സി.അജയകുമാർ,നിതിൻ നായർ,വർക്കല സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് അഡ്വ.കെ.ആർ.ബിജു,സുനിൽ മർഹബ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ,ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.