
പൂവാർ: തിരുപുറം പുറത്തിവിളയിൽ സംഘടിപ്പിച്ച തിരുപുറം ഫെസ്റ്റിന്റെ ഭാഗമായി തടികൾ ഉപയോഗിച്ച് നിർമ്മിച്ച താത്കാലിക നടപ്പാലം തകർന്ന് 15 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ നെയ്യാറ്റിൻകര നിംസ് ഹോസ്‌പിറ്റലിലും തിരുവനന്തപുരം കിംസ് ഹോസ്‌പിറ്റലിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 8.15ഓടെയാണ് സംഭവം.
തിരുപുറം ജോയി (36),മുള്ളുവിള സനൽ (29),അയിര റീജ (34),കുളത്തൂർ ആതിര (30),പത്തനാവിള ജയിൻ രാജ് (46),ചാവടി അനിൽകുമാർ (37) എന്നിവർ നെയ്യാറ്റിൻകര നിംസിലും തിരുപുറം ലൈല (50) കിംസ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. ഇതിൽ ജയിൻരാജ്,ലൈല എന്നിവരുടെ പരിക്ക് ഗുരുതരമെന്നാണ് റിപ്പോർട്ട്. നിസാര പരിക്കേറ്റവർ പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.
അപകടം ഇങ്ങനെ
കഴക്കൂട്ടം കാരോട് ബൈപ്പാസ് റോഡിൽ തിരുപുറം പുറുത്തിവിള ജംഗ്ഷന് സമീപം പ്രത്യേകം തയ്യാറാക്കിയ ഗ്രൗണ്ടിൽ തടിപ്പലകകൾ ഉപയോഗിച്ച് നിർമ്മിച്ച താത്കാലിക നടപ്പാലമാണ് തകർന്നത്. വെള്ളച്ചാട്ടം കാണുന്നതിനായി പ്രധാന കവാടത്തിലുള്ള മതിലിന് മുകളിലൂടെ ആൾക്കാരെ അടുത്ത ഗ്രൗണ്ടിലേക്ക് കടത്തിവിടാനാണ് തൂണുകൾ നാട്ടി പാലം നിർമ്മിച്ചത്. 25ന് വൈകിട്ട് 7ന് ആരംഭിച്ച ഷോ മൂന്നെണ്ണം കഴിഞ്ഞ് നാലാമത്തെ ഷോ തുടങ്ങാനുള്ള ആളെ കയറ്റുന്നതിനിടെയാണ് അപകടം. ആളുകൾ തിക്കും തിരക്കും കൂട്ടിയതും കണ്ടവർ പുറത്തേക്ക് ഇറങ്ങാൻ വൈകിയതും കാരണം തിരക്ക് വർദ്ധിച്ചു. ഇതിനിടെ പാലത്തിന് മുകളിൽ കയറി നിന്ന് ഫോട്ടോയും വീഡിയോയും മൊബൈലിൽ പകർത്താൻ ആളുകൾ ശ്രമിച്ചതോടെയാണ് പാലം തകർന്നത്. താഴേക്ക് വീണ് പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചു.
പാലത്തിൽ ആളുകൾ കൂട്ടത്തോടെ കയറിയതും നിർമ്മാണത്തിലെ അപാകതയും അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. 23നാണ് തിരുപുറം ഗ്രാമ പഞ്ചായത്തിന്റെ അനുമതിയോടെ തിരുപുറം ഫെസ്റ്റ്റ്റ് എന്ന പേരിൽ ക്രിസ്‌മസ് പുതുവത്സര ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. 31ന് സമാപിക്കുകയായിരുന്നു ലക്ഷ്യമെങ്കിലും അപകടത്തെ തുടർന്ന് പരിപാടി നിറുത്തിവയ്പിച്ചു. പ്രദേശത്തെ നാല് കലാകായിക സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി ആസൂത്രണം ചെയ്‌തിരുന്നത്. നെയ്യാറ്റിൻകര തഹസിൽദാർ, എ.ഡി.എം അനിൽ ജോസ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ സന്ദർശിച്ചു.
അന്വേഷിക്കും
--------------------------
ഫെസ്റ്റ് നടത്തുന്നതിനാവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും അനുമതിയും ഉറപ്പുവരുത്തുന്നതിൽ സംഘാടക സമിതി വീഴ്ച വരുത്തിയോ എന്ന് അന്വേഷിക്കും. ജില്ലാ കളക്ടറുമായി ചർച്ച ചെയ്‌ത് തുടർ നടപടികൾ സ്വീകരിക്കുമെന്ന് എ.ഡി.എം അനിൽ ജോസ് പറഞ്ഞു. അപ്രതീക്ഷിത ജനത്തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ പോയതാണ് അപകടത്തിന് കാരണമെന്ന് സംഘാടക സമിതി ജനറൽ കൺവീനർ എസ്.സ്റ്റീഫൻ പറഞ്ഞു.