k

ചെങ്കടലിൽ ചരക്കുകപ്പലുകൾക്കു നേരെയുള്ള ഹൂതി വിമതരുടെ ആക്രമണത്തിനു പിന്നാലെ പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യ മൂന്ന് യുദ്ധക്കപ്പലുകളെ വിന്യസിച്ചിരിക്കുന്നു. ഐ.എൻ.എസ് മൊർമുഗാവ്, ഐ.എൻ. എസ് കൊച്ചി, ഐ.എൻ.എസ് കൊൽക്കത്ത എന്നീ യുദ്ധക്കപ്പലുകളാണ് ചരക്കു കപ്പലുകൾക്ക് ഇനിയൊരു പ്രതികൂല സാഹചര്യം നേരിടേണ്ടിവന്നാൽ നേരിടാനായി ചെങ്കടലിനു സമീപത്തായി വിന്യസിച്ചിരിക്കുന്നത്. അത്യാധുനിക ആയുധങ്ങൾക്കൊപ്പം കപ്പൽവേധ ബ്രഹ്‌മോസ് മിസൈലുകളും അവയിൽ സജ്ജമാക്കിയിട്ടുള്ളതായാണ് റിപ്പോർട്ടുകൾ.

ഇന്ത്യൻ പതാക വഹിച്ചിരുന്ന ക്രൂഡോയിൽ കപ്പൽ എം.വി ചെം പ്ളൂട്ടോയ്‌ക്കു നേരെ ഈ മാസം 23നാണ് ഡ്രോൺ ആക്രമണമുണ്ടായത്. കപ്പൽ ആക്രമിക്കപ്പെടുമ്പോൾ 21 ഇന്ത്യൻ പൗരന്മാരും ഒരു വിയറ്റ്‌നാം സ്വദേശിയും കപ്പലിലുണ്ടായിരുന്നു. ഇന്ത്യയിലെ ദ്വാരക തുറമുഖത്തിന് 201 നോട്ടിക്കൽ മൈൽ അകലെ വച്ചായിരുന്നു സംഭവം. ഇതിനു പിന്നാലെ ഹെബ്ബൺ പതാക വഹിക്കുന്ന എം.വി. സായിബാബ എന്ന കപ്പലിനു നേരെയും ചെങ്കടലിൽ വച്ച് ആക്രമണമുണ്ടായി. ഈ ആക്രമണത്തിനു പിന്നിൽ ഹൂതി ഷിയാ വിമതരാണെന്ന് അമേരിക്ക സ്ഥിരീകരിച്ചു. ഇറാന്റെ പിന്തുണയോടെയാണ് ആക്രമണമെന്ന് ആരോപണം ഉയർന്നെങ്കിലും ഇറാൻ ഇത് നിഷേധിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധം വിരാമമില്ലാതെ തുടരവെ കടലിൽ ചരക്കുകപ്പലുകൾക്ക് നേരെ നടക്കുന്ന ഈ ആക്രമണം ഒരു തീക്കളിയായി മാറാനും മറ്റു പല രാജ്യങ്ങളും യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടാനുള്ള സാദ്ധ്യത തുറക്കാനും ഇടയാക്കില്ലെന്ന് പറയാനാകില്ല.

ഒക്ടോബർ 17നു ശേഷം ഹൂതി തീവ്രവാദികൾ പതിനഞ്ചോളം വാണിജ്യ കപ്പലുകൾക്കു നേരെ ആക്രമണം നടത്തിയിട്ടുണ്ട്. ഒക്ടോബർ ഏഴിനാണ് ഇസ്രയേൽ - ഹമാസ് യുദ്ധമാരംഭിച്ചത്. ഇസ്രയേലിന്റെ ഒരു കപ്പൽ ഹൂതികൾ റാഞ്ചുകയും ചെയ്തു. യുദ്ധം അവസാനിക്കും വരെ ചെങ്കടൽ വഴി ഇസ്രയേലിലേക്കും അവിടെ നിന്നു തിരിച്ചും പോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നാണ് ഹൂതി വിമതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന പ്രധാന വ്യാപാര പാതയിൽ അപകട സാദ്ധ്യത കൂടിയതോടെ ഇറ്റലി, ഫ്രാൻസ്, സ്വിറ്റ്‌സർലൻഡ്, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ കപ്പൽ കമ്പനികൾ ഇതുവഴിയുള്ള ചരക്ക് നീക്കം താത്‌കാലികമായി നിറുത്തിവച്ചിരിക്കുകയാണ്.

വാണിജ്യ കപ്പലുകളുടെ ഗതാഗതം നിലച്ചാൽ രൂക്ഷമായ ഭക്ഷ്യ, ഇന്ധന ക്ഷാമവും വിലയക്കറ്റവും പല രാജ്യങ്ങളിലും ഉണ്ടാകാം. അതിനപ്പുറം ഇറാനും അമേരിക്കയും തമ്മിലുള്ള ഏറ്റുമുട്ടലിനു പോലും ഇത് കളമൊരുക്കാം. ഹൂതികൾ നടത്തുന്ന ആക്രമണത്തെ ചെറുക്കാൻ യു.എസ് പ്രഖ്യാപിച്ച പ്രതിരോധ സഖ്യത്തിൽ 20 രാജ്യങ്ങൾ അണിചേർന്നിരിക്കുകയാണ്. ഇതിനിടെ സിറിയയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ റവലൂഷണറി ഗാർഡിന്റെ മുതിർന്ന സൈനിക ജനറൽ റാസി മൗസവി കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഇത് ഇറാൻ നേരിട്ട് ഇസ്രയേലിനെതിരെ പോരിന് ഇറങ്ങുമെന്ന അഭ്യൂഹങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. 2020 ജനുവരിയിൽ യു.എസിന്റെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ അടുത്ത കൂട്ടാളിയായിരുന്നു ഇപ്പോൾ കൊല്ലപ്പെട്ട റാസി മൗസവി. ആധുനിക കാലത്തെ ഏറ്റവും തിരക്കേറിയ ചരക്കുനീക്ക പാതയായ ചെങ്കടലിൽ നടക്കുന്ന തീക്കളി ലോകമാകെ പടരാതെ നോക്കാൻ ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യങ്ങൾക്കും ഉത്തരവാദിത്വമുണ്ട്.