majer-ravi

തിരുവനന്തപുരം: നടനും സംവിധായകനുമായ മേജർ രവിയെ ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷനായും കണ്ണൂരിൽ നിന്നുള്ള സി.രഘുനാഥിനെ ദേശീയ കൗൺസിലിലേക്കും നാമനിർദ്ദേശം ചെയ്തതായി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു.ഇരുവരും കഴിഞ്ഞ ദിവസം ഡൽഹിയിൽ ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയുടെയും സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെയും സാന്നിദ്ധ്യത്തിലാണ് ബി.ജെ.പി.യിൽ ചേർന്നത്.

കുരുക്ഷേത്ര, കീർത്തിചക്ര, കർമയോദ്ധ, കാണ്ഡഹാർ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് മേജർ രവി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർഥിയാണ് സി.രഘുനാഥ്. കോൺഗ്രസ് വിടുന്നതായി വ്യക്തമാക്കി ഈ മാസമാദ്യം രഘുനാഥ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരന്റെ അടുത്ത അനുയായി ആയിരുന്ന രഘുനാഥ് അഞ്ച് പതിറ്റാണ്ടു നീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് ബി.ജെ.പിയിൽ എത്തിയത്.