kseb

കാട്ടാക്കട: കാട്ടാക്കട കിള്ളി കൊല്ലോട് 110കെ.വി സബ് സ്റ്റേഷനിൽ വൻ പൊട്ടിത്തെറിയോടെ തീപിടുത്തം. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. സബ് സ്റ്റേഷനിലെ ട്രാൻസ്ഫോർമർ ഒന്നിൽ തീ കത്തി ഇന്ധനത്തിലൂടെ പടരുകയും പിന്നീട് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ച് ആകാശത്തേക്ക് ഉയരുകയുമായിരുന്നു. ജീവനക്കാരെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ കൂടുതൽ ആളിപ്പടരുകയായിരുന്നു. തുടർന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സബ് സ്റ്റേഷനകത്തേക്ക് ഫയർഫോഴ്സ് വാഹനമെത്തിയെങ്കിലും ട്രാൻസ്ഫോർമറിന് അടുത്തെത്താൻ ഇടുങ്ങിയ വഴി തടസമായി. ഇത് പ്രതിസന്ധിയുണ്ടാക്കിയെങ്കിലും ഒന്നര മണിക്കൂറോളം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീയെങ്ങനെയുണ്ടായി എന്നത് വ്യക്തമല്ലെന്നും കൂടുതൽ പരിശോധനയ്ക്ക് ശേഷം മാത്രമെ വിവരങ്ങൾ ലഭ്യമാകൂവെന്നും അധികൃതർ പറഞ്ഞു. സംഭവത്തെ തുടർന്ന് കാട്ടാക്കട പ്രദേശത്ത് വൈദ്യുതി തടസം നേരിട്ടിരുന്നു. ഫയർ സ്റ്റേഷൻ മാസ്റ്റർ തുളസീധരൻ,സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രശോഭ്,ഫയർമാൻ സജീവ് രാജ്,ശ്രീകണ്ഠൻ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അഭിലാഷ്,സജു,മഹേന്ദ്രൻ,വിഷ്ണു മോഹൻ,ഹോംഗാർഡ് ബാലചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.