hi

കിളിമാനൂർ: സ്ഥലപരിമിധി, പാർക്കിംഗ്‌ സൗകര്യമില്ലായ്മ, കളിസ്ഥലമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ഒരുങ്ങുകയാണ് പഴയകുന്നുമ്മേൽ പഞ്ചായത്ത്. പഞ്ചായത്ത് ബസ് സ്റ്റാൻഡിനോടു ചേർന്നുള്ള ഒരേക്കർ 16 സെന്റിൽ ഫുട്ബാൾ സ്റ്റേഡിയം, ക്രിക്കറ്റ് നെറ്റ് പിച്ച്, ഓപ്പൺ എയർ ഓഡിറ്റോറിയം, ഷോപ്പിംഗ് കോംപ്ലക്സ്, ഓപ്പൺ ജിം എന്നിവ നിർമ്മിക്കുന്നതു സംബന്ധിച്ചുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചുകഴിഞ്ഞു. പദ്ധതിക്ക് ആവശ്യമായ വിശദമായ പ്രോജക്ട് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ആറ് കോടിയുടെ പദ്ധതിക്കാണ് എസ്റ്റിമേറ്റ് തയാറാക്കിയിരിക്കുന്നത്.

കിളിമാനൂർ ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ട്രാഫിക് റെഗുലേറ്ററി അതോറിട്ടിയുടെ നിർദ്ദേശാനുസരണം ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും കൃത്യമായ പരിശോധനയും നിർദേശങ്ങളും നൽകുന്നതിനും പൊലീസിനൊപ്പം ഹോം ഗാർഡിന്റെയും പഞ്ചായത്തിന്റെ മേല്‍നോട്ടത്തിൽ നിയമിക്കാൻ ഉദ്ദേശിക്കുന്ന ട്രാഫിക് വാർഡന്റെയും സേവനം കൂടി ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും.

2023-24 വർഷത്തെ ബഡ്ജറ്റിൽ സർക്കാർ അനുവദിച്ച ആയുർവേദ- ഹോമിയോ ആശുപത്രി കെട്ടിട സമുച്ചയ നിർമ്മാണത്തിന് 1 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്.

പദ്ധതി ഇങ്ങനെ

പഞ്ചായത്ത് ഓഫീസിനോടു ചേർന്നുള്ള കമ്മ്യൂണിറ്റി ഹാൾ, പഞ്ചായത്ത് ഓഫീസ് കെട്ടിടം, പഴയ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം എന്നിവയുൾപ്പെടുന്ന സ്ഥലത്ത് ആധുനിക രീതിയിൽ കൊമേഴ്സ്യൽ കെട്ടിടങ്ങളും ഓഫീസ് സമുച്ചയവും നിർമ്മിക്കും

 ആധുനിക സൗകര്യങ്ങളോടുകൂടിയ രാജരവിവർമ്മ കമ്മ്യൂണിറ്റി ഹാൾ,​ ഘടക സ്ഥാപനങ്ങളുടെ ഓഫീസ് സമുച്ചയം, ഷോപ്പിംഗ് കോംപ്ലക്സ്, വാഹന പാർക്കിംഗ് ഉൾപ്പെടെ വിശാലമായ സൗകര്യം

 പുതിയകാവ് മുതൽ പാപ്പാല വരെയെങ്കിലും സുഗമമായി വാഹനങ്ങൾ കടന്നുപോകുന്ന ഒരു സമാന്തര പാത നിർമ്മിക്കും

 മാലിന്യത്തിനും പരിഹാരം

കിളിമാനൂരിലെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് ഹരിതകർമ്മസേനയുടെയും ഇതുമായി ബന്ധപ്പെട്ടുള്ള പഞ്ചായത്ത് ജീവനക്കാരുടേയും സേവനം

കിളിമാനൂർ ടൗണിൽ ഓരോ 500 മീറ്ററിലും മാലന്യശേഖരണ ബിന്നുകൾ സ്ഥാപിക്കാനും വ്യാപാര സ്ഥാപനങ്ങളിൽ സ്വന്തമായി തന്നെ ഇത്തരം ബിന്നുകൾ സ്ഥാപിച്ച് മാലിന്യങ്ങൾ വലിച്ചെറിയുന്നത് പൂർണമായും തടയാനുമാണ് പഞ്ചായത്തിന്റെ നടപടി.

 ഫണ്ട് അനുവദിച്ചു

കിളിമാനൂരിലെ പ്രധാനപ്പെട്ട മഹാദേവേശ്വരം- ടൗൺപള്ളി- മങ്കാട് റോഡിൽ ആർട്ട് ഗ്യാലറിക്ക് സമീപം പുതിയ പാലം നിർമ്മിക്കുന്നതിനും എം.എൽ.എ ഫണ്ട് അനുവദിച്ചിട്ടുണ്ട്. വിശാലമായ കളിസ്ഥലം നിർമ്മിക്കുന്ന നടപടി ആരംഭിച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിനുള്ള പരിശ്രമം പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്. എന്നാൽ അത്തരം സ്ഥലങ്ങൾ ലഭ്യമാക്കാൻ തയ്യാറായിട്ടുള്ള വ്യക്തികളോ, സ്ഥാപനങ്ങളോ ഉണ്ടെങ്കിൽ ആ വിവരം പഞ്ചായത്തിനെ അറിയിക്കേണ്ടതാണ്.