
തിരുവനന്തപുരം: നഗരത്തിലെ ഏറ്റവും തിരക്കേറിയ വെള്ളയമ്പലം - വഴുതക്കാട് (സി.വി.രാമൻ പിള്ള) റോഡ് സ്മാർട്ടാക്കാൻ പണികൾ തുടങ്ങിയതോടെ ഗതാഗതക്കുരുക്കിനൊപ്പം അപകടസാദ്ധ്യതയുമേറുന്നു. റോഡിൽ ഓട നിർമ്മാണവും മാൻഹോൾ നിർമ്മാണവും തുടങ്ങിയതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. പണികൾ നടക്കുന്നതിനാൽ വഴുതക്കാട് നിന്ന് വെള്ളയമ്പലത്തേക്കുള്ള റോഡ് ഭാഗികമായി അടച്ചു. വെള്ളയമ്പലത്തു നിന്ന് വഴുതക്കാട്ടേക്കും തിരിച്ചുമുള്ള വാഹനങ്ങൾ റോഡിന്റെ ഒരേവശത്തു കൂടിയാണ് കടത്തിവിടുന്നത്. വീതി കുറവായതിനാൽ ഒരു കിലോമീറ്റർ നീളമുള്ള ഈ റോഡ് കടന്നുകിട്ടാൻ ഏറെ പ്രയാസമാണ്. ഇന്നലെ സന്ധ്യയ്ക്ക് വഴുതക്കാട് നിന്ന് വെള്ളയമ്പലത്തേക്കു പോയ വി.എസ്.എസ്.സിയുടെ വലിയ ബസ് ഡിവൈഡറിന് മദ്ധ്യത്തിലുള്ള ഓടയിൽ താഴ്ന്നു. ഒറ്റവരിയായി പോവുകയായിരുന്ന ബസ് ഡി.ജി.പി ഓഫീസിനു സമീപം ഇടത്തേക്ക് തിരിഞ്ഞ് വെള്ളയമ്പലത്തേക്കുള്ള റോഡിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് ബസിന്റെ വലതുവശത്തെ മുൻചക്രങ്ങൾ ഓടയിൽ താഴ്ന്നത്. പിന്നീട് വർക്ക് ഷോപ്പിൽ നിന്ന് ആളെത്തിയാണ് ബസ് മാറ്റിയത്.
നടക്കാൻ പോലും വയ്യ
ഓടനിർമ്മാണം നടക്കുന്നതിനാൽ കാൽനടയാത്രയും ദുഷ്കരമായിട്ടുണ്ട്. തിരുവനന്തപുരം വികസന അതോറിട്ടിയുടെ (ട്രിഡ) ഓഫീസ്, ഡി.ജി.പി ഓഫീസ്, ടാഗോർ തിയേറ്റർ, കുന്നുംപുറം ചിന്മയ സ്കൂൾ തുടങ്ങിയവ ഈ റോഡിന്റെ സമീപത്താണ് സ്ഥിതി ചെയ്യുന്നത്. മാനവീയം വീഥിയിലേക്ക് എത്താനുള്ള വഴികൂടിയാണിത്. തിരുമല ഭാഗത്തുനിന്നുള്ള യാത്രക്കാരും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. വെള്ളയമ്പലത്തുനിന്ന് റെയിൽവേ സ്റ്റേഷനിലേക്കും ബസ് ടെർമിനലിലേക്കും പോകാനുള്ള എളുപ്പവഴിയും ഇതാണ്. വൈകുന്നേരങ്ങളിലാണ് ഗതാഗതക്കുരുക്ക് രൂക്ഷം.
ഈ മാസം 15നാണ് മാൻഹോളിന്റെ പണി ആരംഭിച്ചത്. 77 കോടി രൂപയാണ് ചെലവ്. കേരള റോഡ് ഫണ്ട് ബോർഡിനാണ് (കെ.ആർ.എഫ്.ബി) നിർമ്മാണ മേൽനോട്ടം. ഇതോടൊപ്പം ആൽത്തറയിൽ നിന്ന് മാനവീയത്തിലേക്ക് തിരിയുന്നിടത്ത് മാൻഹോളിന്റെ പണി നടക്കുകയാണ്. ഇതുമൂലം മാനവീയം വഴി വാഹനങ്ങൾ കടത്തിവിട്ടിരുന്നു.
നിർമ്മാണം പുരോഗമിക്കുന്നു
രാമൻ പിള്ള റോഡിനെ കൂടാതെ സ്റ്റാച്യു - ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ, ജനറൽ ഹോസ്പിറ്റൽ - വഞ്ചിയൂർ, നോർക്ക - ഗാന്ധിഭവൻ, ബേക്കറി - ഫോറസ്റ്റ് ഓഫീസ് ജംഗ്ഷൻ, മോഡൽ സ്കൂൾ - തൈക്കാട്, സ്പെൻസർ - എ.കെ.ജി, ഓവർബ്രിഡ്ജ് - ഉപ്പിടാംമൂട്, കിള്ളിപ്പാലം - അട്ടക്കുളങ്ങര റോഡ് എന്നീ റോഡുകളും സ്മാർട്ട് റോഡുകളിൽ ഉൾപ്പെടുന്നവയാണ്. ഇവിടങ്ങളിലും പണികൾ പുരോഗമിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി റോഡിന് ഇരുവശത്തും 'അണ്ടർഗ്രൗണ്ട് ഡക്ടിംഗ് ' പ്രക്രിയയിലൂടെ എല്ലാ ഇലക്ട്രിക് കേബിളുകളും ഭൂമിക്കടിയിലാക്കും. ഓട നവീകരണം, തെരുവ് വിളക്കുകൾ, സൈക്ലിംഗ് പാത്ത്, ഫുട്പാത്ത് എന്നിവയും നിർമ്മിക്കും.