fgv

അലോസരമോ അലോഹ്യമോ ഇല്ലാതെ മുന്നണി കരാർ പ്രകാരം മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവച്ചൊഴിഞ്ഞ് പുതിയ രണ്ടുപേർക്ക് അവസരം നൽകിയിരിക്കുകയാണ്. മന്ത്രിസഭാ മാറ്റം ഇത്ര സുഗമമായി നടക്കുമെന്ന് പലരും പ്രതീക്ഷിച്ചുകാണില്ല. മന്ത്രിമാരാകാനുള്ള നിയോഗം സിദ്ധിച്ച കെ.ബി. ഗണേശ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഈ വരുന്ന വെള്ളിയാഴ്ച അധികാരമേൽക്കുകയാണ്. മന്ത്രിമാരെന്ന നിലയിൽ ഇരുവരും പുതുമുഖങ്ങളല്ല. ഗണേശ്‌കുമാർ നേരത്തെ രണ്ടുവട്ടം മന്ത്രിസഭാംഗമായി കഴിവു തെളിയിച്ച ആളാണ്. അതുപോലെ പതിറ്റാണ്ടുകളായി രാഷ്ട്രീയരംഗത്തു നിൽക്കുന്ന കടന്നപ്പള്ളി രാമചന്ദ്രനും ഇത് മൂന്നാം ഊഴമാണ്. അനുഭവസമ്പത്തും ഭരണപരിചയവും ഏറെ അവകാശപ്പെടാവുന്നവരാണ് ഇരുവരും. അതുകൊണ്ടുതന്നെ തങ്ങൾക്കു ലഭിക്കുന്ന വകുപ്പുകൾ നന്നായി കൈകാര്യം ചെയ്ത് പുതിയൊരു അദ്ധ്യായം കുറിക്കാൻ ഇരുവർക്കും കഴിയുമെന്നുതന്നെ വിശ്വസിക്കാം. അധികാരമേൽക്കാൻ പോകുന്ന ഗണേശ്‌കുമാറിനും കടന്നപ്പള്ളി രാമചന്ദ്രനും എല്ലാവിധ ആശംസകളും നേരുന്നു.

എൽ.ഡി.എഫ് നല്ല ഭൂരിപക്ഷം നേടി അധികാരത്തിലേറിയപ്പോൾ മുന്നണി എടുത്ത പ്രതിജ്ഞകളിലൊന്ന് എല്ലാ ഘടകകക്ഷികൾക്കും മന്ത്രിസഭാ പ്രാതിനിദ്ധ്യം നൽകുമെന്നതായിരുന്നു. പുതിയ രണ്ടു മന്ത്രിമാർ സ്ഥാനമേൽക്കുന്നതോടെ പ്രതിജ്ഞ ഏതാണ്ടു പാലിക്കപ്പെട്ടു എന്നു പറയാം. ഘടകകക്ഷികളിൽ പത്തെണ്ണത്തിനും മന്ത്രിസഭയിൽ പ്രാതിനിദ്ധ്യം ലഭിച്ചുകഴിഞ്ഞു. ഇനി പഴയ എൽ.ജെ.ഡി മാത്രമാണ് പുറത്തുനിൽക്കുന്നത്. ആ പാർട്ടിയിലുണ്ടായ ഭിന്നിപ്പും മറ്റുമാണ് അവർക്കു വിനയായതെന്നു പറയാം.

മന്ത്രിപദമൊഴിഞ്ഞ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും വഹിച്ചിരുന്ന വകുപ്പുകൾ തന്നെയാകുമോ പുതിയ മന്ത്രിമാർക്കു നൽകുകയെന്ന് വ്യക്തമായിട്ടില്ല. അങ്ങനെ നടന്നാൽ ഗണേശ്‌കുമാറിനും കടന്നപ്പള്ളിക്കും തങ്ങൾ മുമ്പു വഹിച്ചിരുന്ന വകുപ്പുകൾ തന്നെയാകും ലഭിക്കുക. രണ്ടുപേരും സ്വന്തം പേര് എഴുതിച്ചേർത്ത വകുപ്പുകൾ തന്നെയാണ് അവയെന്ന പ്രത്യേകതയുമുണ്ട്. വകുപ്പു വിഭജനം മുഖ്യമന്ത്രിയുടെ അധികാര പരിധിയിൽപ്പെട്ട കാര്യമായതിനാൽ അദ്ദേഹത്തിന്റെ തീരുമാനം കാത്തിരിക്കുകയാണ് എല്ലാവരും. മറ്റു മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വല്ലതുമുണ്ടാകുമോ എന്നു പറയാറായിട്ടില്ല. അത്തരത്തിലുള്ള അഭ്യൂഹങ്ങൾ നേരത്തെ അന്തരീക്ഷത്തിൽ ഉണ്ടായിരുന്നു.

പുതുതായി മന്ത്രിസഭയിലെത്തുന്നവർക്ക് കഷ്ടിച്ച് രണ്ടര വർഷമാണ് ഭരിക്കാനുള്ള കാലയളവ്. ഗതാഗതവകുപ്പ് തന്നെയാണ് തനിക്കു ലഭിക്കുന്നതെങ്കിൽ കെ.എസ്.ആർ.ടി.സിയെ നന്നാക്കാനുള്ള ചില ആശയങ്ങൾ തന്റെ മനസ്സിലുണ്ടെന്ന് ഗണേശ്‌കുമാർ സൂചിപ്പിച്ചിട്ടുണ്ട്. ഗതാഗത മന്ത്രിയെന്ന നിലയിൽ കോർപ്പറേഷനെ നന്നാക്കാൻ മുൻപും അദ്ദേഹം മികച്ച സംഭാവന നൽകിയിട്ടുണ്ട്. കഴിവുറ്റ മന്ത്രിയെന്ന പേരും ചുരുങ്ങിയ കാലത്തിനുള്ളിൽ നേടാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ഇപ്പോഴും മൂക്കറ്റം കടത്തിൽ മുങ്ങിനിൽക്കുന്ന കെ.എസ്.ആർ.ടി.സിയെ കരകയറ്റുക നിലവിലെ സാഹചര്യത്തിൽ അത്ര എളുപ്പമല്ല. എന്നിരുന്നാലും ശ്രമിച്ചാൽ നടക്കാവുന്നതേയുള്ളൂ. ഓരോ വർഷവും സർക്കാർ എത്ര കോടി രൂപയാണ് കോർപ്പറേഷനു നൽകുന്നത്. ബാദ്ധ്യതകൾ ഒറ്റയടിക്കു തീർക്കാൻ കഴിഞ്ഞെങ്കിൽ സ്വന്തം കാലിൽ നിൽക്കാൻ കോർപ്പറേഷനു കഴിയുമായിരുന്നു. മാസംതോറും ശമ്പളവും പെൻഷനും നൽകാൻ സർക്കാരിന്റെ മുമ്പിൽ കൈനീട്ടുന്നതും ഒഴിവാക്കാമായിരുന്നു.

കടന്നപ്പള്ളി മുമ്പ് തുറമുഖ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ആളാണ്. സംസ്ഥാനത്തിന്റെ വികസനത്തിൽ പുതിയ അദ്ധ്യായം എഴുതിച്ചേർക്കാൻ പോകുന്ന വിഴിഞ്ഞം തുറമുഖം പ്രവർത്തനസജ്ജമാകാൻ പോകുന്ന വേളയിലാണ് അദ്ദേഹം വീണ്ടും തുറമുഖ വകുപ്പിന്റെ ചുമതലയേൽക്കാൻ പോകുന്നത്. സ്ഥാനമൊഴിഞ്ഞ അഹമ്മദ് ദേവർകോവിൽ തുറമുഖ വകുപ്പിന്റെ പ്രവർത്തനം വിപുലീകരിക്കാൻ നിരവധി പദ്ധതികൾക്ക് തുടക്കമിട്ടിരുന്നു. ചെറുകിട തുറമുഖങ്ങളുടെ വികസനം, ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കപ്പൽ, ഫിഷിംഗ് ഹാർബറുകളുടെ നവീകരണം തുടങ്ങി പല പദ്ധതികളും പാതിവഴിയിൽ നിൽക്കുകയാണ്. അതൊക്കെ രണ്ടര വർഷംകൊണ്ടു പൂർത്തിയാക്കുക എന്ന വലിയ കടമ്പയാണ് പുതിയ മന്ത്രിയെ കാത്തിരിക്കുന്നത്.