1

വിഴിഞ്ഞം: നഗരസഭയിലെ അഞ്ച് വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കുന്ന പദ്ധതിക്കായി കെട്ടിട നിർമ്മാണം ആരംഭിച്ചു.

അദാനി തുറമുഖ കമ്പനിയുടെ സി,എസ്.ആർ ഫണ്ട്,വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി (വിസിൽ),നഗരസഭ എന്നിവയുടെ സഹകരണത്തോടെയുള്ള പദ്ധതി മാർച്ചിൽ ഉദ്‌ഘാടനം ചെയ്യുമെന്നാണ് അധികൃതർ പറയുന്നത്. പദ്ധതിത്തുകയായ 90 ലക്ഷം രൂപയിൽ 45 ലക്ഷം രൂപ വീതം അദാനി ഗ്രൂപ്പും വിസിൽ കമ്പനിയുമാണ് നൽകുന്നത്.

പ്ലാന്റിലെത്തിച്ച് സംസ്‌കരിച്ച് കട്ടകളായി മാറ്റുന്ന പ്ലാസ്റ്റിക് റോഡ് ടാറിംഗിനും തരികളാക്കുന്നവ മറ്റ് ഉത്പന്നങ്ങളാക്കി മാറ്റുന്നതിനുമാണ് പദ്ധതി. മെറ്റീരിയൽ റിക്കവറി ഫെസിലിറ്റേഷൻ സെന്ററെന്ന (എം.ആർ.എഫ്) പേരിലാണ് പ്ലാന്റ് ആരംഭിക്കുന്നത്. വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷനു സമീപം ഹാർബർ എൻജിനിയറിംഗ് വകുപ്പ് നഗരസഭയ്‌ക്ക് നൽകിയ 15 സെന്റ് സ്ഥലത്താണ് നിർമ്മാണം.

പ്രവർത്തനം ഇങ്ങനെ

ദിവസവും ഒരു ടൺ പ്ലാസ്റ്റിക് പൊടിയാക്കാൻ കഴിയുന്ന വിധത്തിലാണ് പ്ലാന്റിന്റെ നിർമ്മാണം. നഗരസഭയ്‌ക്ക് മികച്ച വരുമാനവും ലഭിക്കും. ശേഖരിക്കുന്ന പ്ലാസ്റ്റിക് കഴുകി വൃത്തിയാക്കി കെട്ടുകളാക്കിയശേഷം പ്ലാന്റിലൂടെ കടത്തിവിട്ട് കല്ലും കുപ്പി ചില്ലുകളുമടക്കമുള്ളവ നീക്കും. ശേഷം ആറ് മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക്ക് പൊടിരൂപത്തിലും മറ്റുള്ളവ കട്ടകളുമാക്കി വിൽക്കും. നഗരസഭയുടെ ഹരിതകർമ്മ സേനാംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് പ്ലാന്റിലെത്തിക്കും. കെട്ടിടം നിർമ്മിച്ച് നഗരസഭയ്ക്ക് കൈമാറിയാൽ ശുചിത്വ മിഷൻ യന്ത്രങ്ങൾ സ്ഥാപിക്കും. ക്ലീൻ കേരള മിഷൻ നടത്തിപ്പും പ്ലാന്റിന്റെ പരിപാലനം നഗരസഭയുമാണ് ചെയ്യുന്നത്.