തിരുവനന്തപുരം: 2024ൽ തുടങ്ങുന്ന അമൃത്- 2 (ടൽ മിഷൻ ഫോർ റീജുവനേഷൻ ആൻഡ് ട്രാൻസ്‌ഫർമേഷൻ)​ പദ്ധതിയുടെ ഭാഗമായി തലസ്ഥാന നഗരത്തിൽ 22,000 കുടിവെള്ള കണക്ഷനുകൾ കൂടി നൽകാനൊരുങ്ങി വാട്ടർ അതോറിട്ടി. നഗരത്തിലെ തെക്ക്,​വടക്ക് ഡിവിഷനുകളിലായി 11,​000 എണ്ണം കണക്ഷനുകൾ വീതമാണ് നൽകുക.അമൃത് -1 പദ്ധതിയിൽ കുടിവെള്ള കണക്ഷനുകൾക്ക് നൽകിയിരുന്നില്ല. പകരം സ്വീവേജ്,​ ജലസ്രോതസുകളുടെ പുനരുജ്ജീവനം,​ മറ്റ് പദ്ധതികൾ എന്നിവയ്ക്കായിരുന്നു ഊന്നൽ നൽകിയത്. വടക്കൻ ഡിവിഷനുകളിലെ പേട്ട,​ശംഖുംമുഖം,​പൗഡിക്കോണം,​ പോത്തൻകോട്,​കഴക്കൂട്ടം,​കുടപ്പനക്കുന്ന്,​പേരൂർക്കട തുടങ്ങിയ സ്ഥലങ്ങളിലായി ഇതിനോടകം 4000 കുടിവെള്ള കണക്ഷനുകൾ അമൃത് പദ്ധതി വഴി നൽകിയിട്ടുണ്ട്. വട്ടിയൂർക്കാവ്,​വിഴിഞ്ഞം,​കോവളം,​പൂന്തുറ എന്നിവിടങ്ങളിലായി 500 കണക്ഷനുകളും നൽകി. വാട്ടർ അതോറിട്ടി നടപ്പാക്കുന്ന പദ്ധതിയുടെ നോഡൽ ഏജൻസി കോർപ്പറേഷനാണ്.

1.30 കോടി

22,​000 കണക്ഷനുകൾ നൽകുന്നതിനായി 1.30 കോടി രൂപയാണ് ചെലവിടുന്നത്.കേന്ദ്രവും സംസ്ഥാനവും തദ്ദേശ സ്ഥാപനങ്ങളും ചേർന്നാണ് ഫണ്ട് നൽകുന്നത്. 40 ശതമാനം കേന്ദ്രം നൽകുമ്പോൾ സംസ്ഥാനവും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് 60 ശതമാനം തുക ചെലവിടും.ഇത്രയും കണക്ഷനുകൾ നൽകിയ ശേഷം വാട്ടർ അതോറിട്ടി സർവേ നടത്തും. അപ്പോൾ പൈപ്പ് ലൈൻ ഇല്ലാത്ത വീടുകൾ ഉണ്ടെങ്കിൽ അമൃത് രണ്ടാംഘട്ടത്തിലുൾപ്പെടുത്തി അവർക്കും കണക്ഷൻ നൽകും.

ചന്തവിള - കാട്ടായിക്കോണം ലെയിൻ


ചന്തവിള,കാട്ടായിക്കോണം പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള ചന്തവിള-കാട്ടായിക്കോണം പദ്ധതിക്ക് 30.93 കോടി ചെലവിടും. -ഇതിന്റെ നടപടികൾ പുരോഗമിക്കുകയാണ്. -ബൈപ്പാസിലൂടെയാണ് പൈപ്പ് ‌ലൈൻ കടന്നുപോകുക. നിലവിൽ ചന്തവിളയിലും കാട്ടായിക്കോണത്തും രൂക്ഷമായ ജലദൗർലഭ്യമാണ് അനുഭവപ്പെടുന്നത്. ശുദ്ധജല ലഭ്യതയ്ക്കായി ഈ രണ്ട് പ്രദേശങ്ങളെ ഒരു കുടിവെള്ള നെറ്റ്‌വർക്കിലൂടെ ബന്ധിപ്പിക്കണമെന്നാണ് ശുപാർശ.ഇതിലൂടെ 4000 വീടുകളിലെ ജനങ്ങൾക്ക് ഉപയോഗമുണ്ടാകും.പദ്ധതിയുടെ 33 ശതമാനം തുക നഗരസഭയും 67 ശതമാനം അമൃത് മിഷനും വഹിക്കും. പേരൂർക്കട - മൺവിള ലെയിനും ഉടൻ നടപ്പാക്കും.


നഗരത്തിലെ കുടിവെള്ള കണക്ഷനുകൾ 2.73 ലക്ഷം

നഗരത്തിന് പ്രതിദിനം വേണ്ട ജലം 400 ദശലക്ഷം ലിറ്റർ

ഉത്പാദിപ്പിക്കുന്നത് 325 ദശലക്ഷം