k

പ്രകൃതി ലാവണ്യം കൊണ്ട് വിശ്വവിഖ്യാതമായ ശിവഗിരി ആശ്രമത്തിന്റെയും പൗരാണിക ക്ഷേത്രസങ്കേതങ്ങളിൽ അദ്വിതീയമെന്ന് പുരാണങ്ങൾ പോലും ഉദ്‌ഘോഷിക്കുന്ന ജനാർദ്ദന സ്വാമി ക്ഷേത്രത്തിന്റെയും സാന്നിദ്ധ്യംകൊണ്ട് ധന്യമായ വർക്കലയിലേക്ക് ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ഓരോ വർഷവും വന്നുപോകുന്നത്. പാപനാശിനിയായ വർക്കലയിലേക്ക് പിതൃതർപ്പണത്തിനായി വാവുദിവസങ്ങളിൽ- പ്രത്യേകിച്ച് കടർക്കടക വാവിന്- ലക്ഷക്കണക്കിന് വിശ്വാസികൾ എത്തുന്നു. വർക്കല ബീച്ചും,​ വർക്കലയിലെ ലാറ്ററൈറ്റ് ക്ളിഫും ഭൗമശാസ്ത്ര രംഗത്തെ വിസ്‌മയമായാണ് കരുതപ്പെടുന്നത്. ഇക്കാരണങ്ങൾകൊണ്ട് വർക്കല ഇന്ന് വിനോദസഞ്ചാര ഭൂപടത്തിൽ ഏറ്റവും പ്രമുഖസ്ഥാനം വഹിക്കുന്ന കേന്ദ്രമാണ്.

അഞ്ചുതെങ്ങ് കായലിനെ അറബിക്കടലുമായി ബന്ധിപ്പിക്കുന്ന വർക്കല തുരപ്പും ടൂറിസ്റ്റുകളെ ആകർഷിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ്. എന്നാൽ അനന്തമായ ഈ സാദ്ധ്യതകളെ ടൂറിസത്തിനും സുരക്ഷിതമായ തീർത്ഥാടനത്തിനും ഉതകുന്ന രീതിയിൽ സജ്ജമാക്കാൻ നമുക്കു കഴിയുന്നില്ല എന്ന ദൗർഭാഗ്യകരമായ അവസ്ഥയാണുള്ളത്. വർക്കല മുനിസിപ്പാലിറ്റിയും സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഒക്കെ മേൽപ്പറഞ്ഞ എല്ലാ കാര്യങ്ങളും തത്വത്തിൽ അംഗീകരിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമായ നടപടികളിലേക്ക് നീങ്ങാൻ എന്തുകൊണ്ടോ കഴിഞ്ഞിട്ടില്ല.

ഒരിക്കലും നടക്കാതിരിക്കുന്നതിലും നല്ലത്,​ അല്പം താമസിച്ചാണെങ്കിലും നടക്കുന്നതാണ് എന്ന,​ ആംഗല ഭാഷയിലെ ചൊല്ല് ഈ അവസരത്തിൽ പ്രസക്തമാണെന്നു തോന്നുന്നു. വർക്കല തുരപ്പിന്റെ നവീകരണം ടൂറിസ്റ്റുകളെ ആകർഷിക്കാൻ ഏറെ സഹായിക്കുമെന്നതിൽ തർക്കമില്ല. ഈ ലക്ഷ്യം സാക്ഷാത്‌കരിക്കാൻ കേരള സർക്കാർ 165 കോടി രൂപയുടെ ഭരണാനുമതി നൽകിയത് വർക്കലയുടെ ടൂറിസം സ്വപ്നങ്ങൾക്ക് ചിറകേകുന്ന നടപടിയായി വേണം കാണാൻ. എന്നാൽ ഇതിന്റെ ഭരണാനുമതിക്ക് അപ്പുറത്ത് സാങ്കേതിക കാര്യങ്ങൾ രൂപകല്പന ചെയ്ത് യാഥാർത്ഥ്യമാക്കി മാറ്റുന്നതിൽ കൂടുതൽ ശുഷ്കാന്തിയും സമർപ്പണ ബോധവും കഠിനാദ്ധ്വാനവും ആവശ്യമായിരിക്കുന്നു.

ഇക്കാര്യത്തിൽ സർക്കാരിനോടൊപ്പം രാഷ്‌ട്രീയ,​ സാമൂഹ്യ പ്രസ്ഥാനങ്ങൾ എല്ലാ ഭിന്നചിന്തകളും മാറ്റിവച്ചുകൊണ്ട് തികഞ്ഞ ലക്ഷ്യബോധത്തോടെ മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഇങ്ങനെ ഒരു കൂട്ടായ്മ കെട്ടിപ്പടുക്കാൻ കഴിഞ്ഞാൽ വർക്കല തുരപ്പും ശിവഗിരി ഉൾപ്പെടുന്ന പ്രാന്ത പ്രദേശങ്ങളും വർക്കല ബീച്ചും ഒക്കെത്തന്നെ ടൂറിസ്റ്റുകളുടെ പറുദീസയായി മാറുക തന്നെ ചെയ്യും. വർക്കല ഒരു വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി ഹൈന്ദവരുടെ പുണ്യഭൂമിയാണ്. സാമൂഹ്യ നവോത്ഥാനത്തിന്റെ പ്രഭവസ്ഥാനം എന്നു വിശേഷിപ്പിക്കാവുന്ന ശിവഗിരിയും ഗുരുദേവന്റെ പാദസ്പർശത്താൽ പരിപാവനമായിത്തീർന്ന പ്രാന്തപ്രദേശങ്ങളും ഉൾക്കൊള്ളുന്ന വർക്കലയെ പ്രകൃതിയുടെ വരദാനമായി മാത്രമേ വിശേഷിപ്പിക്കാനാവൂ.

ശിവഗിരിയെയും ജനാർദ്ദനസ്വാമി ക്ഷേത്രത്തെയും പരസ്പരം ബന്ധിപ്പിച്ചിരുന്ന ഒരു പ്രധാന കവാടമായിരുന്നു മൈതാനത്തെ റെയിൽവേ ഗേറ്റ്. ശിവഗിരിയിലേക്കുള്ള തീർത്ഥാടന ഘോഷയാത്രയും ചതയ ഘോഷയാത്രയും ഈ ഗേറ്റിലൂടെയാണ് കടന്നുപോയിരുന്നത്. ആത്മീയ ചൈതന്യം നിറഞ്ഞു തുളുമ്പി നിൽക്കുന്നു എന്ന് ഭക്തജനങ്ങൾ വിശ്വസിച്ചിരുന്ന ഈ കവാടം ഇന്ന് അടഞ്ഞുകിടക്കുകയാണ്. ഗേറ്റ് അടഞ്ഞുകിടക്കുന്നുവെങ്കിലും തീർത്ഥാടന കാലത്ത് ഈ പ്രദേശം മുഴുവൻ ജനസാഗരമായി മാറാറുണ്ട്. ഇവിടെ നിരന്തരമായുണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരം കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. വർഷാവർഷം തീർത്ഥാടകരുടെ എണ്ണം കൂടിവരികയും റെയിൽവേ ട്രാക്കുകളുടെ എണ്ണം വർദ്ധിച്ചുവരികയും ചെയ്യുന്നു.

ദുരന്തസാദ്ധ്യതയുള്ള ഇവിടെ സ്വീകരിക്കാവുന്ന ഏറ്റവും ഫലപ്രദമായ മാർഗം രണ്ടുവശങ്ങളിലായി കാൽനട മേൽപ്പാലങ്ങളും അതോടു ചേർന്ന് ലിഫ്‌റ്റുകളും നിർമ്മിക്കുക എന്നതാണ്. ഇതിനു സമാനമായ മറ്റ് സാങ്കേതിക വിദ്യകൾ ലഭ്യമാണെങ്കിൽ അങ്ങനെയുമാവാം. അപകടങ്ങൾ സംഭവിക്കും വരെ കണ്ണടച്ചു കാത്തിരുന്നിട്ട്, അതിനു ശേഷം പരിഹാരക്രിയ സ്വീകരിക്കുന്ന പതിവു ശീലം ഇക്കാര്യത്തിലെങ്കിലും ഉണ്ടായിക്കൂടാ. അതുകൊണ്ട് വർക്കല മൈതാനം ഗേറ്റിന് സുരക്ഷിതത്വം ഉറപ്പുവരുത്തിക്കൊണ്ട് ആവശ്യമായ മേൽപ്പാലങ്ങളും ലിഫ്‌റ്റ് സമ്പ്രദായവും ഏർപ്പെടുത്തുന്നതിന് ഇനിയും വൈകരുത് എന്ന് ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു.

കോവളം മുതൽ കാസർകോട് വരെയുള്ള വെസ്റ്റ് കോസ്റ്ര് കനാലിന്റെ ഭാഗമായിട്ടാണ് വർക്കല തുരപ്പിന്റെ ആഴവും വീതിയും കൂട്ടി വിനോദസഞ്ചാരത്തിന് സുരക്ഷിതമായ പാത ഒരുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ഇപ്പോൾ പദ്ധതിക്ക് ഭരണാനുമതി നൽകിയിട്ടുള്ളത്. ഇതിനാവശ്യമായിട്ടുള്ള ടെൻഡർ നടപടിക്രമങ്ങൾ സയബന്ധിതമായി പൂർത്തിയാക്കി, നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങേണ്ടിയിരിക്കുന്നു. ഭരണാനുമതി ലഭിച്ചിട്ടുള്ള തുകയുടെ വിവേകപൂർവമായ ചെലവിടലിലൂടെ മാത്രമേ ബൃഹത്തായ ഈ ലക്ഷ്യം കൈവരിക്കാൻ കഴിയൂ. പ്രാപ്തരായ സാങ്കേതിക വിദഗ്ദ്ധരേയും, ആത്മാർത്ഥതയും സന്മനസുമുള്ള തൊഴിലാളികളെയും നൽകുന്നതിൽ സമ്പന്നമായ പൈതൃകമുള്ള സ്ഥലമാണ് വർക്കല. അനുകൂലമായ ഈ സാഹചര്യങ്ങളെ കഴിയുന്നത്ര ഉപയോഗിച്ച് വർക്കലയെ അന്തർദ്ദേശീയ നിലവാരമുള്ള ഒരു വലിയ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ നമുക്ക് കഴിയട്ടെ.

(മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുൻ ഡയറക്ടർ ആണ് ലേഖകൻ)