
ശിവഗിരി: ഏകത്വത്തിന്റെയും മാനവികതയുടെയും സഹിഷ്ണുതയുടെയും സന്ദേശമാണ് ശ്രീനാരായണ ഗുരു നമ്മെ പഠിപ്പിച്ചതെന്ന് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ഇന്ത്യൻ നവോത്ഥാന പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായ ശ്രീനാരായണഗുരുവിന്റെ ദർശനത്തിന്റെ സത്ത ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങളിൽ കാണാനാവുമെന്നും അദ്ദേഹം പറഞ്ഞു..91-ാമത് ശിവഗിരി തീർത്ഥാനടനത്തോടനുബന്ധിച്ച് സർവ്വമത സമ്മേളന ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാംനാഥ് കോവിന്ദ്.
സർവ്വമത സമ്മേളന ശതാബ്ദി ഭൂതകാലത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ മാത്രമല്ല, ഭാവിയെ പ്രചോദിപ്പിക്കൽ കൂടിയാണ്. മതങ്ങളെല്ലാം പഠിപ്പിക്കുന്നത് സ്നേഹം ദയ , അനുകമ്പ തുടങ്ങിയ മൂല്യങ്ങളാണ്. ഒരു മതവും മറ്റൊന്നിനേക്കാൾ മഹത്തരമല്ല.
മനുഷ്യരാശിയെ യാതൊരു വേർതിരിവുകളുമില്ലാതെ ഒന്നു പോലെ കാണാൻ ദീർഘദർശിയായ ഗുരുവിന് കഴിഞ്ഞു. പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ മതവൈവിദ്ധ്യമാണ് ഇന്ത്യയുടെ കരുത്ത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി വിഭാവനം ചെയ്ത മതേതരത്വവും സഹവർത്തിത്വവും തന്നെയാണ് ഗുരുവിന്റെ ദർശനത്തിലും കാണാനാവുക.
ശ്രീനാരായണഗുരു അനീതിക്കെതിരെ പോരാടുകയും നീതിക്കായി നിലകൊള്ളുകയും ചെയ്തു. ഒരുജാതി ഒരുമതം ഒരു ദൈവം മനുഷ്യന് എന്ന സന്ദേശത്തിലൂടെ മനുഷ്യരാശിയുടെ ഏകത്വത്തെക്കുറിച്ചാണ് ഗുരു പഠിപ്പിക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിൽ പോലും ഗുരുവിന്റെ ദർശനത്തിന്റെ സത്തയുണ്ട്. വസുധൈവ കുടുംബകം എന്ന ഏക ലോക സിദ്ധാന്തമാണ് അദ്ദേഹത്തിന്റെ ചിന്തകളിൽ പുലർന്നിരുന്നതെന്നും രാം നാഥ് കോവിന്ദ് പറഞ്ഞു.
മതങ്ങളെക്കുറിച്ച് കൂടുതൽ അറിവ് പകരാനാണ് ഗുരുദേവൻ മതപഠനശാല ആരംഭിച്ചതെന്ന് സ്വാഗത പ്രസംഗത്തിൽ തീർത്ഥാടന കമ്മിറ്രി സെക്രട്ടറി ശ്വാമി ഋതംഭരാനന്ദ ചൂണ്ടിക്കാട്ടി. സർവ മതങ്ങളുടെയും സാരം ഒന്നാണെന്ന സത്യം ഗുരുമനസിലാക്കി. അതിൽ നിന്നാണ് ഒരുജാതി ഒരുമതം ഒരു ദൈവം മനുഷ്യന് എന്ന ദർശനം പിറന്നത്. മത സൗഹാർദ്ദത്തിന് വേണ്ടി ഗുരു നടത്തിയ പ്രവർത്തനങ്ങൾ ആഗോളതലത്തിൽ വിലമതിക്കപ്പെട്ടതാണെന്നും സ്വാമി ഋതംഭരാനന്ദ വിശദമാക്കി.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. അടൂർ പ്രകാശ് എം.പി, തീർത്ഥാടന കമ്മിറ്രി ചെയർമാൻ കെ.ജി.ബാബുരാജ് എന്നിവർ പ്രസംഗിച്ചു. തീർത്ഥാടന കമ്മിറ്റി ജോയിന്റ് സെക്രട്ടറി സ്വാമി അസംഗാനന്ദ ഗുരുസ്മരണ നടത്തി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് ട്രഷറർ സ്വാമി ശാരദാനന്ദ നന്ദി പറഞ്ഞു.
ശിവഗിരി മഠത്തിന്റെ ഉപഹാരം സ്വാമി ശുഭാംഗാനന്ദയും സ്വാമി ഋതംഭരാനന്ദയും ചേർന്നും ഗുരുദേവകൃതികൾ സ്വാമി സച്ചിദാനന്ദയും രാംനാഥ് കോവിന്ദിന് കൈമാറി.