bus-terminal

പാറശാല: തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ പാറശാലയിൽ വന്നുപോകുന്നത് നിരവധി പേരാണ്. എന്നാൽ ഇവിടെയെത്തുന്നവർക്ക് ബസ് കാത്തിരിക്കുന്നതിനോ വിശ്രമിക്കുന്നതിനോ വേണ്ടത്ര സൗകര്യമില്ല. ഇവിടെ യാത്രാക്ലേശം നന്നേ ജനങ്ങളെ ബാധിക്കുന്നുണ്ട്. പാറശാലയിൽ കാത്തിരിപ്പു കേന്ദ്രവും ബസ് ടെർമിനലും സ്ഥാപിക്കണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിച്ചിട്ട് മൂന്ന് പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും കടമ്പകൾ കടന്ന് അത് നടപ്പിലാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പാറശാല ഗ്രാമ പഞ്ചായത്തിൽ മാറിമാറി വരുന്ന ഭരണ നേതൃത്വങ്ങൾ ഓരോ വാർഷിക പദ്ധതികളിലും പാറശാലയിൽ ബസ് സ്റ്റാൻഡ് നിർമ്മിക്കണം എന്ന ആവശ്യത്തിന് മുന്തിയ പരിഗണന നൽകിക്കൊണ്ട് പ്രത്യേക ഫണ്ട് കണ്ടെത്താറുണ്ടെങ്കിലും കാലാവധി കഴിയുന്നതോടെ തുക വകമാറ്റി ചെലവാക്കുകയോ പാഴായിപ്പോവുകയോ ആണ് പതിവ്. ഈ വർഷവും ബസ് ടെർമിനലിനു വേണ്ടി വസ്തു വാങ്ങുന്നതിനായി പഞ്ചായത്ത് ഫണ്ടിൽ നിന്ന് രണ്ടുകോടി രൂപ മാറ്റിവച്ചിട്ടുണ്ട്. കൂടാതെ നിർമ്മാണ പ്രവർത്തങ്ങൾക്കായി എം.എൽ.എ ഫണ്ടിൽ നിന്നും ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

 വസ്തു വാങ്ങാൻ നീക്കിവച്ചത്........... 2 കോടി

 നിർമ്മാണത്തിന് അനുവദിച്ചത്....... 1 കോടി

 ബസ് ടെർമിനൽ, ഓഫീസ് സമുച്ഛയങ്ങൾ, പെട്രോൾ പമ്പ് ഉൾപ്പെടെ ആകെ 5 കോടി ഉപയോഗിച്ച് നടപ്പാക്കുന്ന ബൃഹത് പദ്ധതിയാണ് ഉദ്ദേശിക്കുന്നത്. എന്നാൽ ബസ് ടെർമിനൽ നിർമ്മാണത്തിന്റെ ഉദ്‌ഘാടനം കഴിഞ്ഞിട്ട് എട്ട് മാസങ്ങൾ പിന്നിടുമ്പോഴും ഇതുവരെ യാതൊന്നും നടന്നിട്ടില്ല.

 നടുറോഡിൽ യാത്രക്കാർ
പാറശാലയിൽ ദേശീയ പാതയോരത്ത് കാരാളി വളവിന് സമീപത്തായുള്ള പഞ്ചായത്ത്‌ വക സ്ഥലം പുറമ്പോക്ക് ഭൂമി ഉൾപ്പെട്ട 82 സെന്റിനോടൊപ്പം സമീപത്തെ സ്വകാര്യവ്യക്തിയുടെ ഒരേക്കർ വസ്തു ഉൾപ്പെടെയുള്ള സ്ഥലത്താണ് ബസ് ടെർമിനൽ സ്ഥാപിക്കുന്നത്. എന്നാൽ സ്വകാര്യ വ്യക്തിയുടെ വസ്തു കൈമാറുന്നതിനായുള്ള നടപടികൾ തുടരാത്തതു കാരണം നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നു എന്നതാണ് നാട്ടുകാർ പറയുന്നത്. പാറശാലയിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് പൊരി വെയിലായാലും പെരുമഴയായാലും കടവരാന്തകളെ ആശ്രയിക്കുകയോ അല്ലെങ്കിൽ ഇതെല്ലാം സഹിച്ച് വഴിയിൽ തന്നെ നിൽക്കുകയോ വേണ്ടിവരും.