
വിഴിഞ്ഞം: വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റിയുമായി സഹകരണം വിപുലീകരിച്ചുകൊണ്ട് കാർഷിക ബിരുദ വിദ്യാർത്ഥികൾക്ക് വിദേശപഠനത്തിന് അവസരമൊരുക്കി കാർഷിക സർവകലാശാല. ബിരുദാനന്തര ബിരുദം, ഡോക്ടറൽ ഗവേഷണ വിദ്യാർത്ഥികൾക്ക് ഡബ്ലിയു എസ്. യുവിൽ പഠിച്ച് ഇരട്ട ഡിഗ്രി കരസ്ഥമാക്കുന്നതിനുള്ള ധാരണപത്രം ഒപ്പിട്ടിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ബിരുദവിദ്യാർത്ഥികൾക്കു കൂടി പ്രയോജനകരമാകുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്. ഓസ്ട്രേലിയയിലും ഇന്ത്യയിലും ഉള്ള സൗകര്യങ്ങളും വിഭവങ്ങളും ഉപയോഗിക്കാനും വിവിധ അക്കാഡമിക് വിഷയങ്ങളിൽ വിജ്ഞാനവും വൈദഗ്ദ്ധ്യവും കൈമാറ്റം ചെയ്യാനും ഈ അവസരം വിദ്യാർത്ഥികളെ സഹായിക്കുമെന്ന് കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ബി. അശോക് പറഞ്ഞു. വെള്ളായണി കാർഷിക കോളേജിലെ ഡോക്ടറൽ വിദ്യാർത്ഥിയായ അരിന്തംദേബ് പ്രതിവർഷം 31500 ഓസ്ട്രേലിയൻ ഡോളർ സ്കോളർഷിപ്പുമായി വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റിയിൽ ഗവേഷണം പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്. ഈ പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയാൽ കേരള കാർഷിക സർവകലാശാല, വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്ന് ഡോക്ടറൽ ബിരുദം ലഭിക്കും. അന്താരാഷ്ട്ര സഹകരണങ്ങൾ കാർഷിക സർവകലാശാല വിദ്യാർത്ഥികൾക്ക് ഗവേഷണ അവസരങ്ങൾ വർദ്ധിപ്പിക്കാനും ഗവേഷണ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനും അവസരം ഒരുക്കുമെന്ന് കാർഷിക സർവകലാശാല ഡീൻ ഓഫ് ഫാക്കൽറ്റി ഡോ.റോയി സ്റ്റീഫൻ പറഞ്ഞു. വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റി പ്രവേശനത്തിനുള്ള ഓഫർ ലെറ്റർ ഡോ. ബി. അശോക് അരിന്തംദേബിന് കൈമാറി.