
തിരുവനന്തപുരം: പുരപ്പുറ സോളാർ ഉത്പാദനത്തിൽ റെക്കോഡ് കുറിച്ച് കേരളം. 2023-24ൽ (മാർച്ച് വരെ) 500 മെഗാവാട്ട് ലക്ഷ്യം വച്ചിടത്ത് നവംബറിൽ തന്നെ ഉത്പാദനം 541 മെഗാവാട്ടിലെത്തി. ഇതിനകം 1.7 ലക്ഷം വീട്ടുകാരാണ് കണക്ഷനെടുത്തത്. മൂന്ന് ലക്ഷം പേർ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നു.
വൈദ്യുതി ബിൽ 1500- 2500 രൂപ വരുന്നവർക്ക് മൂന്ന് കിലോവാട്ടിന്റെ സോളാർ മതിയാകും. മൂന്ന് കിലോവാട്ടിന് ചെലവ് 1.9 - 2 ലക്ഷം രൂപ. ഇതിന്റെ 40 ശതമാനം സബ്സിഡിയാണ്. വീട്ടാവശ്യം കഴിഞ്ഞ് കെ.എസ്.ഇ.ബിക്ക് നൽകുമ്പോൾ യൂണിറ്റിന് 2.69 രൂപ കിട്ടും.
2019ലാണ് കേരളത്തിൽ പുരപ്പുറ സോളാർ തുടങ്ങിയത്. കൊവിഡിൽ പദ്ധതി പ്രതിസന്ധിയിലായി. പിന്നീട് 2021ൽ പുനരാരംഭിച്ചതോടെ വൻ ഡിമാന്റായി. 2021ൽ 122.17 മെഗാവാട്ടും 2022ൽ 127.5 മെഗാവാട്ടും ഉത്പാദിപ്പിച്ചു.
അടുത്ത വർഷം തിരുവനന്തപുരത്ത് സോളാർ സിറ്റി പദ്ധതിയും കേന്ദ്രസർക്കാരിന്റെ 155 മെഗാവാട്ടിന്റെ സോളാർ പാർക്കും വരും. ഇതുകൂടിയാകുമ്പോൾ സൗരോർജ്ജ ഉൽപാദനം വീണ്ടും കുതിക്കും.
വീട്ടിലെ സോളാറിന് സബ്സിഡിയുണ്ട്. സബ്സിഡിയേതര പദ്ധതിവഴി (10 കിലോവാട്ടിന് മുകളിൽ) 352 മെഗാവാട്ട് സംസ്ഥാനത്ത് ഇക്കൊല്ലം വെറെ ഉത്പാദിപ്പിച്ചു. ഈ സാമ്പത്തിക വർഷം രണ്ട് പദ്ധതിയിലും കൂടി 1000 മെഗാവാട്ട് ലക്ഷ്യം മറികടക്കാമെന്നാണ് പ്രതീക്ഷ.
പാനലുകൾ മുതൽ ത്രീഫേസ് നെറ്റ്മീറ്റർ വരെയുള്ള വസ്തുക്കളുടെ കുറവാണ് കൂടുതൽ കണക്ഷൻ നൽകുന്നതിന് തടസ്സം. നെറ്റ് മീറ്റർ കുറവാണെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കുറച്ച് എത്തിച്ചിരുന്നു. പുതിയ ടെൻഡർ നീളുന്നതിനാൽ ആവശ്യക്കാർക്കെല്ലാം കൊടുക്കാനാകുന്നില്ല. അധിക വൈദ്യുതി കെ.എസ്.ഇ.ബിക്ക് വിൽക്കാനുള്ളതാണ് നെറ്റ് മീറ്റർ.
സോളാർ വയ്കാൻ
ഒരു കിലോവാട്ട് സൗരോർജ്ജമുണ്ടാക്കാൻ 10 ചതുരുശ്ര അടി മേൽക്കൂര വേണം
ഇല. ബോർഡിന്റെ ഇ- കിരൺ, അനർട്ട്, കേന്ദ്രത്തിന്റെ എം.എൻ.ആർ.ഇ വഴി സോളാർ വയ്ക്കാം
ഇ കിരൺ (ekiran.kseb.in) വഴിയെങ്കിൽ സബ്സിഡി കിഴിച്ചുള്ള തുക നൽകിയാൽ മതി
മറ്റ് രണ്ടിലും മുഴുവൻ തുകയും അടയ്ക്കണം. സബ്സിഡി അക്കൗണ്ടിൽ ക്രെഡിറ്റാകും
മൂന്ന് കിലോവാട്ട് വരെയുള്ള പദ്ധതിക്ക് 40% കേന്ദ്ര- സംസ്ഥാന സബ്സിഡി
മൂന്ന് മുതൽ 10 കിലോവാട്ട് വരെയെങ്കിൽ സബ്സിഡി 20% ആയി കുറയും
10 കിലോവാട്ടിന് മുകളിലുള്ള പദ്ധതികൾക്ക് സബ്സിഡി കിട്ടില്ല