
തിരുവനന്തപുരം: സ്ഥാനമൊഴിഞ്ഞ രണ്ട് മന്ത്രിമാരുടെയും രാജി സ്വീകരിച്ച ഗവർണർ, കെ.ബി. ഗണേശ്കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളിഎന്നിവരെ പകരം ഉൾപ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെ ശുപാർശയും അംഗീകരിച്ചു. 29ന് വൈകിട്ട് നാലിന് രാജ്ഭവനിൽ ഒരുക്കുന്ന പ്രത്യേക പന്തലിലാണ് സത്യപ്രതിജ്ഞ.
മന്ത്രിമാർ രാജിവച്ച വിവരം ഇന്ന് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി ഔദ്യോഗികമായി അറിയിക്കും. അഹമ്മദ് ദേവർകോവിൽ കൈകാര്യം ചെയ്തിരുന്ന തുറമുഖ വകുപ്പ് കടന്നപ്പള്ളിക്കും ആന്റണി രാജുവിന്റെ ഗതാഗത വകുപ്പ് ഗണേശ്കുമാറിനും നൽകാനാണ് സാദ്ധ്യത. ഒന്നാം പിണറായി സർക്കാരിലും തുറമുഖ വകുപ്പ് കടന്നപ്പള്ളിക്കായിരുന്നു.
2001ലെ ആന്റണി മന്ത്രിസഭയിലാണ് ഗതാഗത വകുപ്പിന്റെ ചുമതലയുമായി ഗണേശ് മന്ത്രിയാകുന്നത്. രണ്ട് വർഷത്തിനുശേഷം രാജിവച്ചു. പിന്നീട് 2011ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വനത്തിനുപുറമേ, സാംസ്കാരിക വകുപ്പിലെ സിനിമയും ലഭിച്ചു. പിന്നീടുണ്ടായ വിവാദങ്ങളിൽപ്പെട്ട് രാജിവയ്ക്കേണ്ടിയും വന്നു.
ഇത്തവണ മന്ത്രിയാകുംമുമ്പേ ഗണേശ്കുമാറിനെതിരെ യു.ഡി.എഫ് രംഗത്തെത്തി. സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്ക്കരിക്കാൻ ഒരു കാരണമായി അവർ പറയുന്നത് ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കേസിൽ നിയമനടപടി നേരിടുന്ന ഗണേശിനെ മന്ത്രിയാക്കുന്നതാണ്.