
വർക്കല: ഹോട്ടൽ ഉടമയെ വെട്ടിപ്പരിക്കേല്പിച്ച ആറംഗ സംഘത്തിലെ നാലുപേരെ വർക്കല പൊലീസ് പിടികൂടി. വർക്കല ആർ.ടി.ഒ ഓഫീസിനു സമീപം പ്രവർത്തിക്കുന്ന സംസം ഹോട്ടൽ ഉടമ നൗഷാദിനാണ് (47) 17ന് രാത്രിയിൽ നടന്ന ആക്രമണത്തിൽ തലയ്‌ക്ക് വെട്ടേറ്റത്.
സംഭവത്തിൽ ചെറുന്നിയൂർ പാലച്ചിറ മുസ്ലിം പള്ളിക്ക് സമീപം വൃന്ദാവനം വീട്ടിൽ ഉണ്ണി എന്ന ബിജു (34),പാലച്ചിറ പള്ളിക്കുന്ന് വീട്ടിൽ കിട്ടൂസ് എന്ന വിഷ്ണു (26), മേൽവെട്ടൂർ ആശാൻമുക്ക് പുത്തൂരം വീട്ടിൽ റിക്കാസ് മോൻ (34),കൊച്ചുപാലച്ചിറ പള്ളിക്കുന്ന് വീട്ടിൽ ശ്രീക്കുട്ടൻ എന്ന ശ്രീജിത്ത് (23) എന്നിവരെയാണ് അറസ്റ്റുചെയ്‌തത്.
സംഭവദിവസം തലേന്ന് ഇവർ ഹോട്ടലിൽ നിന്ന് പാഴ്സൽ വാങ്ങിയതിൽ ഒരു ഐറ്റം ഉൾപ്പെടുത്തിയില്ലെന്നാരോപിച്ച് ഹോട്ടലിലെത്തി വഴക്കിട്ടു. തുടർന്ന് അർദ്ധരാത്രിയോടെ ഹോട്ടൽ അടയ്‌ക്കുന്ന സമയത്ത് വീണ്ടുമെത്തി അസഭ്യം വിളിക്കുകയും പൊലീസിൽ വിവരമറിയിക്കാൻ ശ്രമിച്ച നൗഷാദിന്റെ മൊബൈൽ പിടിച്ചുവാങ്ങിയശേഷം മർദ്ദിക്കുകയുമായിരുന്നു.
ഈ സമയം പ്രതികൾ കൈയിൽ കരുതിയിരുന്ന ഒന്നര അടി നീളമുള്ള ഇരുതല മൂർച്ചയുള്ള വെട്ടുകത്തി കൊണ്ട് തലയ്‌ക്ക് വെട്ടിയെന്നാണ് പരാതി. പരിക്കേറ്റ നൗഷാദ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവശേഷം ഒളിവിലായിരുന്ന പ്രതികളെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്‌തു. ഒളിവിലുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.