
ലോക സമാധാനത്തിന് വെല്ലുവിളി ഉയർത്തുന്ന സംഭവങ്ങളാണ് 2023 ൽ അരങ്ങേറിയത്.
ലോകം പോയ വർഷത്തിലേക്കൊരു തിരിഞ്ഞു നോട്ടം
2023ലെ ലോക രാഷ്ട്രീയം പല അപ്രതീക്ഷിത സംഭവങ്ങളാൾ സംഘർഷപൂരിതവും പ്രവചനാതീതവും ആയിരുന്നു. ലോക രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെയും ലോക ക്രമത്തെ ആകെയും മാറ്റിമറിക്കുവാൻ ഈ സംഭവവികാസങ്ങൾക്ക് കഴിയും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അപ്രതീക്ഷിതമായി പശ്ചിമേഷ്യയിൽ പൊട്ടിപുറപ്പെട്ട ഇസ്രയേൽ - ഹമാസ് യുദ്ധം. റഷ്യ യുക്രെയ്ൻ സംഘർഷം പരിഹാരം കാണാതെ രണ്ടാം വർഷത്തേക്ക് അടുക്കുമ്പോഴാണ് മറ്റൊരു യുദ്ധം ആരംഭിച്ചത്. ഇതോടൊപ്പം ലോകത്തിലെ വൻ ശക്തിയായ അമേരിക്കയും ചൈനയും തമ്മിലുള്ള സംഘർഷവും, ഇന്ത്യ- ചൈന -കാനഡ- അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ തമ്മിലുള്ള മത്സരവും സംഘർഷവും കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു. ചന്ദ്രയാൻ നേട്ടവും ജി 20യുടെ നേതൃത്വവും ലോക ജനസംഖ്യയിലെ ഒന്നാം സ്ഥാനമൊക്കെ ഇന്ത്യയ്ക്ക് തിളക്കമേകി. എന്നിരുന്നാലും ലോക രാഷ്ട്രീയത്തെ ആകെ നിരീക്ഷിക്കുമ്പോൾ കാര്യങ്ങൾ പ്രവചനാതീതവും സംഘർഷപൂരിതവുമാണ്.
ഇസ്രയേൽ - ഹമാസ് യുദ്ധം
പശ്ചിമേഷ്യയിൽ കാര്യങ്ങൾ സാധാരണ നിലയിലേക്ക് പോകുന്നുവെന്ന അവസ്ഥയിൽ നിന്നാണ് ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ അപ്രതീക്ഷിത അക്രമം. പശ്ചിമേഷ്യയെ ആകെമാനം യുദ്ധ ഭീതിയിൽ നിറുത്തുന്നത്. മുമ്പൊന്നും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ആൾ നാശവും നശീകരണവും പാലായനവും മനുഷ്യഅവകാശ ലംഘനങ്ങൾക്കുമാണ് ദൈവത്തിന്റെ വാസസ്ഥലമെന്ന് വിശേഷിപ്പിക്കുന്ന പാലസ്തീൻ സാക്ഷ്യം വഹിക്കുന്നത്. 20,000ൽപ്പരം ഗാസ നിവാസികളും 1500ൽപ്പരം ഇസ്രയേൽ പൗരൻമാർക്കും സൈന്യങ്ങൾക്കും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. മനുഷ്യാവകാശങ്ങളെക്കുറിച്ച് പുരോഗമനപരമായ ബോദ്ധ്യമുള്ള മനുഷ്യൻ ഇപ്പോൾ ഇരുട്ടിൽ തപ്പുകയാണ്. അബ്രാഹം കരാരിലൂടെ ഇസ്രയേലും അറബ് രാഷ്ട്രങ്ങളും തമ്മിലും, ചൈനയുടെ മദ്ധ്യസ്ഥതയിൽ സൗദി അറേബ്യയും ഇറാനും തമ്മിലും നയതന്ത്രബന്ധം പുനഃസ്ഥാപിച്ചതുമൊക്കെ പശ്ചിമേഷ്യ സമാധാനത്തിന്റെ പാതയിലേക്ക് എന്ന പ്രതീതി ജനിപ്പിച്ചു. I2U2, ഇന്ത്യ യൂറോപ്പ് സാമ്പത്തിക ഇടനാഴി തുടങ്ങിയ കരാറുകൾ വഴി ഇന്ത്യയും പശ്ചിമേഷ്യയും തമ്മിലുള്ള ബന്ധം ഒരു നവയുഗത്തിന്റെ പാതയിൽ ആയിരുന്നു. ഈ സാധാരണവത്കരണ നടപടികളെയെല്ലാം അട്ടിമറിക്കുന്നതാണ് നിലവിലെ യുദ്ധം.
പശ്ചിമേഷ്യയിൽ സൗദി അറേബ്യയും ഇറാനും തമ്മിലും ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിലുള്ള സ്ഥിര വൈര്യം ശമിക്കപ്പെടുന്നവെന്ന അവസ്ഥയിൽ നിന്നാണ് യുദ്ധത്തിന്റെ പുതിയ സമവാക്യങ്ങൾ രചിക്കപ്പെടുന്നത്. പശ്ചിമേഷ്യയിലെ സമവാക്യങ്ങളെ മാത്രമല്ല ലോക സമാധാനത്തെതന്നെ യുദ്ധം സ്വാധീനിക്കും. സംഘർഷം ഉടനെയൊന്നും അവസാനിക്കുന്നതിന്റെ സൂചനയുമില്ല. പാലസ്തീൻ വിഷയം വീണ്ടും ലോകശ്രദ്ധയിൽ കൊണ്ടുവരുകയായിരുന്നു ഹമാസിന്റെ ലക്ഷ്യം. ലക്ഷ്യസാക്ഷാത്കാരത്തിന് നൽകുന്ന വില വളരെ വലുതാണ്. ഇസ്രയേലിനെ സംബന്ധിച്ചടത്തോളം ഹമാസിനെ ഇല്ലാതാക്കുക, ഇത്തരത്തിലുള്ള മറ്റൊരു ആക്രമണം തടയുക, ബന്ദികളെ മോചിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. ഇതിൽ ഒന്നുപോലും നേടിയെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഏത് നിമിഷവും യുദ്ധം വ്യാപിക്കാവുന്ന അവസ്ഥയിലാണ്. ഇറാന്റെ പിന്തുണയുള്ള ഹിസ്‌ബുള്ളയും ഹൂതികളും തുടങ്ങിയ നിഴൽ സംഘടനകൾ ഇപ്പോൾ തന്നെ യുദ്ധത്തിന്റെ ഭാഗമാണ്. അമേരിക്കയോടും ഇസ്രയേലിനോടും പകരം ചോദിക്കാൻ കാത്തിരിക്കുന്ന ഇറാന് ഇതൊരു അവസരമാണ്. ചൈനയുടെയും റഷ്യയുടെയും നിലപാട് ഇക്കാര്യത്തിൽ വ്യത്യസ്തമല്ല.
സ്വന്തം ശക്തിയിൽ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അമേരിക്ക പ്രശ്നം സങ്കീർണമാകാതെ ഇരിക്കാൻ ശ്രമിക്കുമ്പോഴും ഇസ്രയേലിനെ കൈവിട്ടൊരു കളിക്കും തയ്യാറല്ല. യുദ്ധം വ്യാപിച്ചാൽ അമേരിക്കയ്ക്ക് നഷ്ടപ്പെടുവാൻ ഏറെയുണ്ട്. ഇത് ചൈനയ്ക്കും റഷ്യയ്ക്കും ഇറാനും ഒക്കെ നേട്ടമാകും. ചുരുക്കത്തിൽ പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമായി തുടരും.
അവസാനിക്കാത്ത റഷ്യ - യുക്രെയ്ൻ പോര്
റഷ്യ - യുക്രെയ്ൻ യുദ്ധം ആരംഭിച്ചിട്ട് ഏകദേശം രണ്ടുവർഷം ആകുന്നു. യുദ്ധം അവസാനിക്കാനുള്ള സാദ്ധ്യത വളരെ വിരളം. പൊടുന്നനെ പൊട്ടിപുറപ്പെട്ട പാലസ്തീൻ സംഘർഷം കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു. പാശ്ചാത്യ ചേരിയിൽ നിന്ന് അമേരിക്കയുടെ ശ്രദ്ധ കൂടുതലായി പശ്ചിമേഷ്യയിലാണ്. ആവശ്യത്തിന് പടക്കോപ്പും പണവും ഇല്ലാതെ യുക്രെയ്ൻ പ്രതിസന്ധിയിലാണ്. സൈനിക സഹായം തുടരുന്നുവെങ്കിലും യൂറോപ്പിൻ യൂണിയനേയും നിസംഗത ബാധിച്ചിട്ടുണ്ട്. ഈ കഴിഞ്ഞ ദിവസങ്ങളിൽ യുദ്ധത്തിൽ നേട്ടം റഷ്യയ്ക്കാണ്. യുക്രെയ്‌ന്റെ ഇസ്രയേൽ അനുകൂല നിലപാട് മൂന്നാം ലോക രാജ്യങ്ങളിൽ പിന്തുണ കുറച്ചിട്ടുണ്ട്. പിടിച്ചെടുത്ത പ്രദേശങ്ങൾ വിട്ട് നൽകുകയാണെങ്കിൽ യുദ്ധം അവസാനിപ്പിക്കുമെന്ന സൂചന റഷ്യ നൽകുന്നു. സാദ്ധ്യമല്ലെന്ന് യുക്രെയ്നും. ഇത് ഉയർത്തുന്ന അനിശ്ചിതത്വവും സാമ്പത്തിക സുരക്ഷാ പ്രത്യാഘാതവും വളരെ വലുതാണ്. ഈ യുദ്ധത്തിൽ നേട്ടമുണ്ടാക്കിയ പ്രധാന രാജ്യം ചൈനയാണ്. റഷ്യ - ചൈന വ്യാപാരം ചൈനയ്ക്ക് അനുകൂലമായി പതിന്മടങ്ങാണ് വർദ്ധിച്ചത്.
കുഴഞ്ഞ് മറിഞ്ഞ് ഇന്ത്യ- കാനഡ ബന്ധം
ഇന്ത്യക്കാരുടെ പ്രത്യേകിച്ച് സിക്കുകാരുടെ കുടിയേറ്റത്തോടെ തുടങ്ങിയ ഇന്ത്യ-കാനഡ ബന്ധങ്ങളിലെ കുരുക്ക് അഴിഞ്ഞിട്ടില്ല. ഏകദേശം 20 ലക്ഷത്തോളം ഇന്ത്യക്കാരാണ് കാനഡയിൽ ഉള്ളത്. ഇതിൽ നല്ലൊരു ശതമാനം സിക്കുകാരും. രാഷ്ട്രീയമായി വലിയ സ്വാധീനമുള്ളതാണ് കാനഡയിലെ സിക്ക് വിഭാഗം. ഇതിൽ ചെറിയൊരു വിഭാഗം ഖാലിസ്ഥാൻ വിഭാഗങ്ങളാണ്. ഏതാനും മാസങ്ങൾക്ക് മുൻപ് ഇക്കൂട്ടത്തിൽ കൊല്ലപ്പെട്ട ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പരസ്യമായി പ്രഖ്യാപിച്ചു. ഇതോടൊപ്പം കാനഡയിലെ ഇന്ത്യൻ രഹസ്യാന്വേഷണ തലവനെയും പുറത്താക്കി. വിസ സർവീസ് നിറുത്തിവച്ചും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയുമാണ് ഇന്ത്യ പ്രതികരിച്ചത്. തുടർന്നുള്ള പരസ്പര ആരോപണ പ്രത്യാരോപണങ്ങൾ ബന്ധത്തെ കാര്യമായി ബാധിച്ചു. കാനഡയിലെ ഇന്ത്യൻ കുടിയേറ്റക്കാർ, വിദേശ വിദ്യാർത്ഥികളിൽ 40 ശതമാനം വരുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ, മറ്റു ജോലികളിൽ ഏർപ്പെട്ട ഇന്ത്യക്കാരേയും ഇന്ത്യ- കാനഡ വ്യാപാര ബന്ധത്തേയും ഇത് ദോഷകരമായി ബാധിക്കും. ഇന്ത്യയെ സംബന്ധിച്ചടത്തോളം ഖാലിസ്ഥാൻ വാദികൾക്ക് കാനഡയിൽ ലഭിക്കുന്ന മൃദു സമീപനം ദേശീയ സുരക്ഷ പ്രശ്നമാണ്. ഇതിൽ വിട്ടുവീഴ്ച ചെയ്യുക സാദ്ധ്യമല്ല.
ഇന്ത്യ - യു.എസ് ബന്ധത്തിലെ
വിശ്വാസകുറവ്
21-ാം നൂറ്റാണ്ടിലെ ഏറ്റവും നിർണായകരമായ ബന്ധമായിട്ടാണ് ഇന്ത്യ അമേരിക്ക ബന്ധത്തെ ഇരു രാജ്യങ്ങളും വിശേഷിപ്പിക്കുന്നത്. മാറുന്ന ലോക ക്രമത്തിൽ ഇന്ത്യയുടെയും അമേരിക്കയുടെയും താത്പര്യങ്ങൾ സംരക്ഷിക്കൽ ഇവർ തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് മാത്രമേ സാധിക്കൂവെന്നാണ് വിലയിരുത്തൽ. ചൈനയുടെ വളർച്ചയും അത് ഉയർത്തുന്ന ഭീഷണിയും തടയേണ്ടത് ഇരു രാജ്യങ്ങളുടെയും ലക്ഷ്യമാണ്. ഈ ലക്ഷ്യം നേടുന്നതിനായി QUAD പോലുള്ള നിരവധിയായ സംഖ്യങ്ങളിലും ധാരണയിലുമായാണ് ഇന്ത്യയും അമേരിക്കയും ഒന്നിച്ച് പ്രവർത്തിക്കുന്നത്. ഇതിനായി അവർ മലബാർ എക്സർസൈസ് പോലുള്ള സംയുക്ത അഭ്യാസങ്ങൾ നടത്തുന്നു. പാലസ്തീൻ വിഷയത്തിൽ ഇവർ വിവിധ ചേരിയിലാണ്. ജി 20ന്റെ നടത്തിപ്പിൽ ചൈനയിൽ നിന്ന് കിട്ടാതിരുന്ന പിന്തുണ ഇന്ത്യയ്ക്ക് അമേരിക്കയിൽ നിന്ന് കിട്ടി.
തന്ത്രപരമായ ബന്ധത്തെ അവസരവാദപരമായ ബന്ധമായാണ് പലരും വിധിയിരുത്തുന്നത്. ഇത് ശരിവയ്ക്കുന്നതാണ് കാനഡ വിഷയത്തിൽ അമേരിക്ക സ്വീകരിച്ച നിലപാട്. ഇന്ത്യ- അമേരിക്ക ബന്ധത്തിലെ പരിമിതിയാണ് ഇത് കാണിക്കുന്നത്.
വിട്ടുവീഴ്ച ഇല്ലാതെ ചൈനയും - യു.എസും
ലോകത്തിലെ വൻ ശക്തികളായ അമേരിക്കയും ചൈനയും തമ്മിലുള്ള മത്സരവും മൂർച്ഛിക്കുകയാണ്. തായ്‌വാൻ വിഷയത്തിൽ ഇവർ തമ്മിലുള്ള പോർവിളി യുദ്ധ സമാപനമായ സാഹചര്യം സൃഷ്ടിച്ചു. വ്യാപാര ബന്ധത്തിലെ വിള്ളലുകൾ പരിഹരിക്കാവുന്നതിന് അപ്പുറമാണ്. ചൈനയുടെ ചാര - ബലൂണിനെ യു.എസ് എയർഫോഴ്സ് വെടിവച്ചിട്ടത്, ബന്ധം വീണ്ടും വഷളാക്കി. അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള ഫോൺ വിളിപോലും ഇല്ലാതെയായി. എന്നിരുന്നാലും APEC ഉച്ചകോടിയുടെ ഭാഗമായി ഇരുരാഷ്ട്ര തലവൻമാരും പ്രത്യേകം കണ്ടുമുട്ടിയത് പ്രതീക്ഷ നൽകുന്നു. എന്നിരുന്നാലും അവരുടെ നിലപാടിൽ നിന്ന് പിന്നോട്ട് പോയിട്ടില്ല. തായ്‌വാനെ സംബന്ധിച്ച് ചൈനയുടെ വിട്ടുവീഴ്ച ഇല്ലാത്ത നിലപാടും അവരുടെ വൻ ശക്തി മോഹങ്ങളും അമേരിക്കൻ മേധാവിത്വത്തിന് ഭീഷണി തന്നെയാണ്. പഠനങ്ങൾ കാണിക്കുന്നത് ശീതസമര കാലത്ത് എപ്രകാരം അമേരിക്കൻ ജനത സോവിയറ്റ് യൂണിയനെ കണ്ടുവോ അപ്രകാരം ഭീഷണിയായി ആണ് ഇന്ന് അവർ ചൈനയെ കാണുന്നത്.
കനൽ കെടാതെ ചൈന - ഇന്ത്യ തർക്കങ്ങൾ
2020ലെ അതിർത്തി സംഘർഷങ്ങൾക്ക് ശേഷം ഇന്ത്യ-ചൈന ബന്ധം സാധാരണ ഗതിയിൽ ആയിട്ടില്ല. അതിർത്തി തർക്കം പരിഹരിക്കാനായി ഇതുവരെ 19 തവണ തല സൈനിക ചർച്ച നടത്തി. എന്നാൽ, ഇരുപക്ഷത്തും യുദ്ധ സജ്ജമായി ഒരുലക്ഷത്തിൽപ്പരം സൈനികർ മുഖാഭിമുഖം നിൽക്കുകയാണ്. 1990കൾക്കുശേഷം ബന്ധത്തിലുണ്ടായ എല്ലാ പുരോഗതിയും നിലവിൽ ഇല്ലാതായി കഴിഞ്ഞു. ബന്ധം സാധാരണഗതിയിൽ ആകാനുള്ള സാദ്ധ്യത നിലവിൽ ഇല്ല. പ്രധാന കാരണം ചൈനയ്ക്ക് ഇക്കാര്യത്തിൽ താത്പര്യമില്ല എന്നതുതന്നെ. എല്ലാ സംഘർഷങ്ങളിലും നേട്ടം കൊയ്ത ചൈന സമാധാനം ആഗ്രഹിക്കുന്നില്ല. മാത്രമല്ല, മിക്ക ലോക പ്രശ്നങ്ങളിലും വിരുദ്ധ ചേരിയിലാണ് ഇരുവരും നിലയുറപ്പിച്ചിട്ടുള്ളത്.
ആഗോള പ്രശ്നങ്ങളും
ലോകക്രമവും
ലോകത്തെ ആകമാനം ഒരുപോലെ ബാധിച്ച മറ്റു നിരവധി പ്രശ്നങ്ങൾ 2023ലുണ്ട്. മനുഷ്യചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില, യൂറോപ്യൻ യൂണിയൻ പാസാക്കിയ കുടിയേറ്റ വിരുദ്ധ നിയമം, സംഘർഷങ്ങളിൽ നിഷ്ക്രിയമായ യു.എൻ എന്നിവ ആശങ്കപ്പെടുത്തുന്നതാണ്. നിർഭാഗ്യമെന്ന് പറയട്ടെ, മനുഷ്യകുലത്തെ ആകമാനം ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ ലോക രാജ്യങ്ങൾ ചേരി തിരിഞ്ഞ് പോരാടുകയാണ്. പശ്ചിമേഷ്യയിലും യുക്രെയ്‌നിലും കാലാവസ്ഥാവ്യതിയാനത്തിലും ഈ പോരാട്ടം ദൃശ്യമാണ്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുവാൻ 2024ന് കഴിയുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.