vld-1

വെള്ളറട: മലയോര ടൂറിസത്തിന്റെ വികസനം ലക്ഷ്യമാക്കി ടൂറിസം ഡിപ്പാർട്ട്മെന്റും അമ്പൂരി ഗ്രാമപഞ്ചായത്തും സംയുക്തമായി അമ്പൂരി ടൂറിസ്റ്റ് ഫെസ്റ്റിനോടനുബന്ധിച്ച് തേക്കുപാറ കൂനിച്ചി മലയിലേക്ക് മാസ് ട്രക്കിംഗ് സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ചെറുസംഘങ്ങളായി പഞ്ചായത്തിനകത്തും പുറത്തുനിന്നുമെത്തിയവർ മലയടിവാരത്ത് സംഗമിച്ചാണ് സാഹസിക മലകയറ്റം നടത്തിയത്. ട്രക്കിംഗ് വിവരം സാമൂഹ്യമാദ്ധ്യമങ്ങൾ വഴിയറിഞ്ഞ് ചെന്നൈയിൽ നിന്നും ഒരു സംഘം മലകയറാനെത്തിയിരുന്നു. തമിഴ്നാടിന്റെ ഭാഗമായ തെക്കൻ കുരിശുമലയിൽ കാളിപ്പാറ ക്ഷേത്രവും ഉൾപ്പെടുന്ന മലകളും അമ്പൂരി പഞ്ചായത്തിലെ കൊകെട്ടിയും കൂനിച്ചിയും അടുത്തടുത്ത മലകളാണ്. 1870 അടി ഉയരമുള്ള കൂനിച്ചിയുടെ മുകൾ ഭാഗം വിശാലമായ പാറപരപ്പാണ്. ഇവിടെ എത്തുന്നവർക്ക് പ്രകൃതിഭംഗി ആസ്വദിക്കാനും സൂര്യാസ്തമയങ്ങൾ കാണാനും കഴിയും. ഈ മലയുടെ ടൂറിസം സാദ്ധ്യത പുറംലോകത്തെ അറിയിക്കുന്നതിനാണ് ഒരു ഗ്രാമം സംഘടിച്ച് മാസ് ട്രക്കിംഗ് നടത്തിയത്. മലമുകളിലെത്തിയ ട്രക്കിംഗിലെ അംഗങ്ങൾ ഒത്തുകൂടി പരസ്പരം പരിചയപ്പെടുകയും യോഗം ചേരുകയും ചെയ്ത ശേഷമാണ് മലയിറങ്ങിയത്. ശ്രീറാം, പഞ്ചായത്ത് പ്രസിഡന്റ് വത്സലരാജു,വൈസ് പ്രസിഡന്റ് തോമസ് മംഗലശ്ശേരി,പഞ്ചായത്ത് സെക്രട്ടറി സജു മോഹൻ തുടങ്ങിയവർ മാസ് ട്രക്കിംഗിൽ പങ്കെടുത്തു.