
കല്ലമ്പലം: ഞാറയിൽക്കോണം - കുടവൂർ റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് കാലങ്ങൾ ഏറെയായി. റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ടും അധികൃതർക്ക് അനക്കമില്ല. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ എട്ടും ഒൻപതും വാർഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഞാറയിൽക്കോണം - തെങ്ങുവിള - കുടവൂർ - താളിയോളം വഴി കുടവൂർ പള്ളി ലക്ഷംവീട് റോഡിൽ ചെന്നുചേരുന്ന രണ്ട് കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിന്റെ തുടക്കമാണ് തകർന്ന് യാത്രചെയ്യാൻ കഴിയാത്ത അവസ്ഥയിലായത്.
ഇരുന്നൂറോളം കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. നാവായിക്കുളം - തുമ്പോട് റോഡിൽ ഞാറയിൽക്കോണത്ത് നിന്നു റോഡ് ആരംഭിക്കുന്നിടത്ത് 400 മീറ്ററോളം ദൂരത്തിലാണ് റോഡ് തകർന്നുകിടക്കുന്നത്. മെറ്റലുകൾ ഇളകി കുണ്ടും കുഴിയുമായി കിടക്കുന്നതിനാൽ കാൽനടയാത്ര പോലും അസാദ്ധ്യമാണ്. റോഡിന്റെ ഭൂരിഭാഗവും ലക്ഷങ്ങൾ മുടക്കി കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയെങ്കിലും തുടക്കം പൊളിഞ്ഞു കിടക്കുന്നതിനാൽ റോഡ് മൊത്തത്തിൽ ഉപയോഗിക്കാൻ കഴിയുന്നില്ല.
വാഹനങ്ങളും വരാറില്ല
കുടവൂർ ഏലായിൽ കൃഷിക്ക് ആവശ്യമായ ട്രാക്ടറും കൊയ്ത്ത് മെതി യന്ത്രങ്ങളും വളങ്ങളും മറ്റും എത്തിക്കുന്നതിനും റോഡിന്റെ തകർച്ച ബുദ്ധിമുട്ടുണ്ടാക്കുന്നു. ഓട്ടോ പോലും ഇതുവഴി ഓട്ടം വിളിച്ചാൽ പോകാറില്ല. സ്കൂൾ ബസും ഓടില്ല. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ നൂറോളം ഇരുചക്രവാഹനങ്ങളാണ് നിയന്ത്രണം തെറ്റി ഇവിടെ വീണത്. ദമ്പതികളടക്കം മുപ്പതോളം പേർക്ക് പരിക്കേറ്റു. ഇതിലേറെയും പത്തനാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലും കുടവൂർ അപ്പൂപ്പൻ നടയിലും പോയ ഭക്തരായിരുന്നു.
കൃഷിയേയും ബാധിക്കുന്നു
റോഡിന്റെ തകർച്ച കൃഷിയെ സാരമായി ബാധിച്ചിരിക്കുന്നു. കൃഷി നടത്തുന്നതിന് അമിതകൂലി നൽകേണ്ടിവരുന്ന നിലവിലെ സാഹചര്യത്തിൽ തലച്ചുമടായി സാധനങ്ങൾ കൊണ്ടുവന്ന് കൃഷിയിറക്കുന്നതും കർഷകരെ കടക്കെണിയിലാക്കുന്നു. മാത്രവുമല്ല അസുഖബാധിതരാകുന്ന മൃഗങ്ങളെയും മനുഷ്യരെയും പെട്ടെന്ന് ആശുപത്രികളിലെത്തിക്കാനും റോഡിന്റെ ശോചനീയാവസ്ഥമൂലം സാധിക്കുന്നില്ല.
ഇതുവഴിയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ച നിലയിലാണ്. ഇരുവാർഡിലെയും മെമ്പർമാർ മുൻകൈയെടുത്ത് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.