s

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ ഏകലോക സന്ദേശം മറ്റെന്തിനേക്കാളുമുപരി ഇന്നത്തെ കാലഘട്ടത്തിന് അനിവാര്യമാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.ജീവിതത്തിൽ ഭേദചിന്തകളെക്കൊണ്ട് നീറുന്ന സമൂഹത്തിന് സമാശ്വാസം പകരാൻ മനുഷ്യത്വ ദർശനം കൊണ്ടേ സാധിക്കൂ. ഗുരുദേവൻ മതത്തിനുപരി മനുഷ്യനെ സ്‌നേഹിച്ച മഹാത്മാവാണെന്നും സർവ്വമത സമ്മേളന ശതാബ്ദിയാഘോഷ സമ്മേളനത്തിലെ അദ്ധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം വ്യകതമാക്കി

ഗുരുവിന്റെ സന്ദേശം ഉൾക്കൊണ്ട് വിശ്വപൗരനായി മാറിയ മഹദ് വ്യക്തിയാണ് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പാർലമെന്റിൽ ഗുരുദേവന്റെ അരുവിപ്പുറം സന്ദേശമായ
'ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്' എന്ന നാലു വരികൾ പച്ച മലയാളത്തിൽ ചൊല്ലി ഗുരുദേവനോട് ആദരവുളവാക്കി. സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മഠത്തിന്റെ അഭിമാന ഭാജമായി മാറിയെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

സംഘടിത മതങ്ങൾക്ക് നേതൃത്വം നൽകുന്നവർ വിശ്വാസ സമൂഹത്തെ കനത്ത മതിൽക്കെട്ടുകൾ തീർത്ത് ചൂഷണം ചെയ്യുന്ന സ്ഥിതിയാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. മത തീവ്രവാദവും മതമൗലിക വാദവും വളരുന്ന സാഹചര്യത്തിൽ മതമണ്ഡലങ്ങൾ ഏറെ വെല്ലുവിളി നേരിടുന്ന കാലമാണ്. എല്ലാ മതങ്ങളെയും സമഭക്തിയോടും, സമബുദ്ധിയോടും ഉൾക്കൊള്ളാനും പഠിക്കാനും വിശ്വാസ സമൂഹം തയാറാകണമെന്ന ഗുരുവിൻെ ഉദ്‌ബോദനം ഉൾക്കൊള്ളേണ്ടതുണ്ടെന്നും സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.