
തിരുവനന്തപുരം: നവകേരളയാത്രയെ കരിങ്കൊടി കാണിച്ചവരെ മൃഗീയമായി മർദ്ദിച്ചവർ രക്ഷാപ്രവർത്തനമാണ് നടത്തിയതെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അപക്വവും അപലപനീയവുമാണെന്ന് എ.ഐ.സി.സി പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി പറഞ്ഞു. ഡോ. എം.ആർ.തമ്പാൻ രചിച്ച് ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഉമ്മൻചാണ്ടി വേട്ടയാടപ്പെട്ട ജീവിതം" എന്ന പുസ്തകം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യപരമായ പ്രതിഷേധങ്ങളെ പക്വതയോടെയും സഹിഷ്‌ണുതയോടെയും നേരിട്ടിരുന്നെങ്കിൽ കേരളത്തിലെ തെരുവുകളിൽ യുവാക്കളുടെ ചോര ഒഴുകില്ലായിരുന്നു. ഇക്കാര്യത്തിൽ ഉമ്മൻചാണ്ടിയെ മാതൃകയാക്കണമെന്നും ആന്റണി കൂട്ടിച്ചേർത്തു.
എം.എം.ഹസൻ അദ്ധ്യക്ഷത വഹിച്ചു. മറിയാമ്മ ഉമ്മൻ പുസ്തകം സ്വീകരിച്ചു. ഡോ. എം.ആർ.തമ്പാനെ ഡോ. ഓമനക്കുട്ടി പൊന്നാടയണിയിച്ചു. പെരുമ്പടവം ശ്രീധരൻ, ചാണ്ടി ഉമ്മൻ, ബി.എസ്.ബാലചന്ദ്രൻ, പി.എസ്.ശ്രീകുമാർ, പന്തളം സുധാകരൻ, ഡോ. ശ്രീവത്സൻ നമ്പൂതിരി, മറിയ ഉമ്മൻ, ശരത്ചന്ദ്രപ്രസാദ്, ചെറിയാൻ ഫിലിപ്പ്, ഡോ. വിളക്കുടി രാജേന്ദ്രൻ, ഇ.എം.നജീവ്, ആർക്കിടെക്ട് ശങ്കർ, റാണി മോഹൻദാസ്, ഗിരിജാ സേതുനാഥ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ഷാനവാസ് ഖാൻ, സുദർശൻ കാർത്തികപറമ്പിൽ, എൻ.എസ്.നുസൂർ, കെ.സുദർശനൻ തുടങ്ങിയവർ പങ്കെടുത്തു.