
ശിവഗിരി: സർവ്വമത സമ്മേളന ശതാബ്ദിയാഘോഷ സമ്മേളനത്തിൽ ഉദ്ഘാടന പ്രസംഗം മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടങ്ങിയത് മലയാളത്തിൽ.' എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ,നിങ്ങൾക്ക് എല്ലാവർക്കും എന്റെ നമസ്കാരം' എന്ന് അദ്ദേഹം പറഞ്ഞപ്പോഴേക്കും സദസിൽ കരഘോഷം മുഴങ്ങി. എല്ലാവർക്കും പുതുവത്സരാംശസ നേർന്നാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
മഹാസമാധിയിലും വൈദിക മഠത്തിലും ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം സമ്മേളന വേദിയിലെത്തിയത്. സമാധിയിൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ , ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി പരാനന്ദ, സ്വാമി അസംഗാനന്ദഗിരി , സ്വാമി അമേയാനന്ദ, സ്വാമി ശങ്കരാനന്ദ, സ്വാമി പ്രബോധതീർത്ഥ , സ്വാമി ശിവനാരായണ തീർത്ഥ, സ്വാമി വിരജാനന്ദ ഗിരി, സ്വാമി ഹംസതീർത്ഥ, സ്വാമി ദേശികാനന്ദയതി, ശ്രീനാരായണ ദാസ്, സ്വാമി സത്യാനന്ദതീർത്ഥ, സ്വാമി ദിവ്യാനന്ദഗിരി, ബ്രഹ്മചാരികൾ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
ഗുരുദേവ ദർശനം 21ാം നൂറ്റാണ്ടിലെന്ന പേരിൽ താനെഴുതിയ പുസ്തകം ഇംഗ്ലീഷിലേക്ക് ഡോ. മനോജ് മൊഴിമാറ്റം നടത്തിയത് രാംനാഥ് കോവിന്ദ് സന്ദർഭോചിതമായി വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന് സ്വാമി സച്ചിദാനന്ദ നന്ദി അറിയിച്ചു. ഗുരുദേവ കൃതികളും വ്യാഖ്യാനവും പഠനങ്ങളുമടങ്ങിയ പുസ്തകം അദ്ദേഹത്തിന് സമർപ്പിച്ചു.