തിരുവനന്തപുരം: പ്രതിദിനം ആയിരക്കണക്കിന് പാവപ്പെട്ട രോഗികളുടെ ആശ്രയമായ തലസ്ഥാനത്തെ മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിന്റെ വരവ് ഇരട്ടി കരുത്താകും. സർക്കാർ മേഖലയിൽ ആദ്യമായാണ് മെഡിക്കൽ കോളേജിൽ ഈ വിഭാഗം ആരംഭിക്കുന്നത്.

ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് അത്യാധുനിക തീവ്ര പരിചരണം ഉറപ്പാക്കുന്ന ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം സങ്കീർണ രോഗാവസ്ഥയുള്ളവർക്ക് മികച്ച ചികിത്സയും അതിജീവനവും ഉറപ്പാക്കും. ഇതിനായി ഒരു അസോസിയേറ്റ് പ്രൊഫസർ തസ്തികയും 5 സീനിയർ റസിഡന്റ് തസ്തികകളും കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ അംഗീകരിച്ചിരുന്നു. ഗുരുതര രോഗബാധ കാരണം അവയവങ്ങളുടെ പ്രവർത്തനം നഷ്ടപ്പെടുന്ന രോഗികൾക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കി അതിജീവനം സാദ്ധ്യമാക്കുകയാണ് ക്രിട്ടിക്കൽ കെയർ വിഭാഗത്തിന്റെ ദൗത്യം. ഭാവിയിൽ ക്രിട്ടിക്കൽ കെയർ മെഡിസിനിൽ ഡി.എം. കോഴ്സ് ആരംഭിക്കാനും ഇതിലൂടെ സാധിക്കും.

അത്യാധുനിക സൗകര്യങ്ങളും

ഹൃദയാഘാതം, സ്‌ട്രോക്ക്, ശ്വാസകോശ അണുബാധ, അവയവ പരാജയം, മസ്തിഷ്‌ക രോഗങ്ങൾ, കാൻസർ, ട്രോമകെയർ, ഗുരുതരാവസ്ഥയിലുള്ള ഗർഭിണികൾ തുടങ്ങിയ തീവ്രപരിചരണത്തിനായി ഐ.സി.യുവിൽ എത്തുന്ന പലതരം രോഗികൾക്ക് അത്യാധുനിക രീതിയിൽ തീവ്രപരിചരണം ലഭ്യമാക്കി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ ക്രിട്ടിക്കൽ കെയർ വിഭാഗത്തിന് സാധിക്കും. ക്രിട്ടിക്കൽ കെയർ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് മെഡിക്കൽ പ്രൊഫഷണലുകൾ എന്നിവർ ചേർന്ന ടീമാണ് രോഗിയെ പരിചരിക്കുന്നത്. രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞാൽ പരിഹരിക്കുന്ന എക്‌മോ മെഷീൻ ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളും മെഡിക്കൽ കോളേജിൽ ഒരുക്കിയിട്ടുണ്ട്.

ക്രിട്ടിക്കൽ കെയറിലെ പ്രധാന ദൗത്യങ്ങൾ

അഡ്വാൻസ്ഡ് ഹീമോ ഡൈനാമിക് മോണിറ്ററിംഗ്

ജീവൻ നിലനിറുത്താൻ അത്യാധുനിക വെന്റിലേറ്റർ മാനേജ്‌മെന്റ്

ഹൃദയമിടിപ്പ് നിലനിറുത്തൽ

രക്തസമ്മർദ നിയന്ത്രണം

അവയവ സംരക്ഷണം

കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തൽ

അണുബാധയ്ക്കുള്ള ചികിത്സ

ക്രിട്ടിക്കൽ കെയർ ആശ്രയമാകുന്നവർ

ഗുരുതര രോഗികൾ

ശസ്ത്രക്രിയ കഴിഞ്ഞവർ

വൃക്ക രോഗികൾ

ഹൃദ്രോഗികൾ

പല അവയവങ്ങൾക്ക് (മൾട്ടി ഓർഗൻ) ഗുരുതര പ്രശ്നമുള്ളവർ

രക്താതിമർദ്ദ രോഗികൾ

വിഷാംശം ഉള്ളിലെത്തുന്നവർ