കിഴക്കമ്പലം: വാഴക്കുളം ചെമ്പറക്കി നാലു സെന്റ് കോളനിയിൽ പാക്കാട്ടുമോളം രവിയുടെ മകൾ അനുമോളെ (26) ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. പ്രതി വാഴക്കുളം നോർത്ത് എഴിപ്രം കൈപ്പൂരിക്കര മല്ലപ്പള്ളിത്തടം കോളനിയിൽ രജീഷ് (31) പൊലീസിന്റെ പിടിയിലായതായാണ് വിവരം.മറ്റൊരാളുമായി അനുമോൾക്ക് ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കൾ പൊലീസിന് നൽകുന്ന മൊഴി.മൂന്നുവർഷം മുമ്പ് പ്രേമിച്ചു വിവാഹിതയായ അനുമോൾ കുറച്ചുനാളായി ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിലായിരുന്നു താമസം. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ ബന്ധുക്കൾ പറഞ്ഞു തീർത്തതോടെ മൂന്നുമാസമായി രജീഷ് അനുമോളുടെ വീട്ടിൽ താമസിക്കുകയായിരുന്നു.
ഇന്നലെ രാവിലെ അനുമോളുടെ മാതാപിതാക്കൾ കൂലിപ്പണിക്കുപോയ സമയത്ത് ഭർത്താവ് രജീഷ് വീട്ടിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഉച്ചയ്ക്ക് ഒരു മണിയോടെ പിതാവ് രവി വീട്ടിലെത്തുമ്പോൾ അനുമോളെ കഴുത്തിന് വെട്ടേറ്റ് രക്തം വാർന്ന് അബോധാവസ്ഥയിൽ കാണുകയായിരുന്നു. രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുമണിയോടെ മരിച്ചു. . രജീഷ് പെയിന്റിംഗ് ജോലിക്കാരനാണ്. ഇവർക്ക് കുട്ടികളില്ല.