എഴുകോൺ : ഉത്സവ ഘോഷയാത്രയ്ക്കിടെ ഒരു കുടുംബത്തിലെ ആറ് പേരെ ഇടിക്കട്ടകൊണ്ട് പരിക്കേൽപ്പിച്ച കേസിൽ ചവറ തെക്കുംഭാഗം കാടൻ മൂല വാട്ടർ ടാങ്കിന് സമീപം കാഞ്ചനാലയത്തിൽ സുഭാഷിനെ (27) അഞ്ചു വർഷവും ഏഴുമാസവും തടവും അറുപത്തിരണ്ടായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പട്ടികജാതി, വർഗ്ഗ പ്രത്യേക കോടതി ജഡ്ജി ആർ.ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. 2019 ഏപ്രിലിലാണ് സംഭവം നടന്നത്. ചവറ തെക്കുംഭാഗം ഗുഹാനന്ദപുരം ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രയ്ക്കിടെയാണ് അതിക്രമം നടന്നത്. പൈതോളി ക്ഷേത്രത്തിന് സമീപം കെട്ടുകാഴ്ച കാണാനെത്തിയതായിരുന്നു ആക്രമിക്കപ്പെട്ട കുടുംബാംഗങ്ങൾ. തലയ്ക്കും ശരീരത്തും മാരകമായി പരിക്കേറ്റിരുന്നു. പിഴത്തുക 1 മുതൽ 3 വരെയുള്ള കക്ഷികൾക്കാണ് നൽകേണ്ടത്. ചവറ തെക്കുംഭാഗം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അസി.പൊലീസ് കമ്മിഷണർമാരായ അരുൺ രാജുവും വിദ്യാധരനുമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യുഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ജി.എസ്.സന്തോഷ്കുമാർ ഹാജരായി.