
പാല: യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. ഭരണങ്ങാനം ഉള്ളനാട് കൂടമറ്റത്തിൽ ബിനീഷ് (27), ഭരണങ്ങാനം ഉള്ളനാട് ചെമ്പൻപുരയിടത്തിൽ അനൂപ് (35) എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. പാലാ സ്വദേശികളായ യുവാക്കളെ തടഞ്ഞുനിർത്തി അസഭ്യംപറയുകയും ഹെൽമറ്റ് കൊണ്ട് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ യുവാവിന്റെ മൂക്കിന് പരിക്കേൽക്കുകയും ചെയ്തു. യുവാക്കൾ കടം നൽകിയ പണം തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. പരാതിയെ തുടർന്ന് പാലാ പൊലീസ് കേസെടുത്ത് ഇവരെ പിടികൂടി. എസ്.എച്ച്.ഒ കെ.പി ടോംസൺ, എസ്.ഐ ബിനു, സി.പി.ഒമാരായ ശ്രീജേഷ് കുമാർ, ജസ്റ്റിൻ, രഞ്ജിത്ത്, അരുൺകുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.