
ഏറ്റുമാനൂർ: വിദേശത്ത് ജോലി നൽകാമെന്ന് പറഞ്ഞ് മദ്ധ്യവയസ്‌കനിൽ നിന്നും പണം തട്ടിയയാൾ അറസ്റ്റിൽ. ചേർപ്പുങ്കൽ കെഴുവംകുളം കരുവാക്കുന്നേൽ സണ്ണി (61) നെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നീണ്ടൂർ സ്വദേശിയായ മദ്ധ്യവയസ്‌കനിൽ നിന്നും ഇയാളുടെ മകനും, സുഹൃത്തിന്റെ മകനും വിദേശത്ത് ജോലി തരപ്പെടുത്തി നൽകാമെന്നുപറഞ്ഞ് പണം വാങ്ങിയെടുക്കുകയും, വ്യാജമായി ജോബ് വിസയും, ഓഫർ ലെറ്ററും, ഫ്‌ളൈറ്റ് ടിക്കറ്റും നിർമ്മിച്ച് അയച്ച് നൽകുകയുമായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പൊലീസ് കേസെടുത്ത് നടത്തിയ തിരച്ചിലിൽ ഇയാളെ വയനാട് കണിയാമ്പറ്റയിൽ നിന്നും പിടികൂടുകയായിരുന്നു. ഇയാൾ തട്ടിച്ചെടുത്ത പണത്തിന്റെ ശാസ്ത്രീയമായ കണക്ക് ശേഖരിച്ചുവരികയാണ്. എസ്.എച്ച്.ഒ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ ജയപ്രസാദ്, സി.പി.ഒമാരായ സജി, ജോഷ്, ഡെന്നി പി.ജോയ്, സൈഫുദ്ദീൻ, അനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.