pariyaram

പരിയാരം: പരിയാരം കവർച്ചാ കേസിൽ അറസ്റ്റിലായ ഒളിവിൽ കഴിഞ്ഞിരുന്ന സുള്ളൻ സുരേഷ്, സഹായി അബു എന്ന ഷെയ്ക്ക്അബ്ദുള്ള എന്നിവർക്കായി സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നും നിരവധി പൊലീസ് സ്റ്റേഷനുകളിൽ നിന്നും വിളികളെത്തി. പ്രതികളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ മറ്റ് കവർച്ചകളിൽ ഇവർക്ക് പങ്ക് ഉണ്ടോ എന്ന് അറിയാൻ കഴിയൂ. അതിനാൽ ഇവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാൻ കോടതിയിൽ അപേക്ഷ നൽകുമെന്ന് പരിയാരം സ്‌ക്വാഡ് തലവൻ എസ്.എച്ച്.ഒ പി.നളിനാക്ഷൻ പറഞ്ഞു.

കഴിഞ്ഞ മാസം കവർച്ചാ സംഘത്തിലെ അംഗങ്ങളായ ജെറാൾഡ്, രഘു എന്നിവരെ ആന്ധ്ര പൊലീസ് കഞ്ചാവ് കേസിൽ പിടികൂടി കവർച്ച അന്വേഷിക്കുന്ന സംഘത്തിന് കൈമാറിയിരുന്നു. മറ്റൊരു പ്രതി സഞ്ജീവ് കുമാറിനെ അതിന് മുൻപ് തന്നെ അന്വേഷണ സ്‌ക്വാഡ് കോയമ്പത്തൂർ സുളൂരിൽ നിന്ന് പിടികൂടിയിരുന്നു. അറസ്റ്റിലായ പ്രതികളെ പയ്യന്നൂർ കോടതി റിമാൻഡ് ചെയ്തു. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് സുള്ളൻ സുരേഷ്, സഹായി അബു എന്നിവരെ കണ്ടെത്തിയതും പിടകൂടിയതും. ഇതിനായി കണ്ണൂർ സൈബർ സെൽ എസ്‌.ഐ യദുകൃഷ്ണനും, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിജേഷ് കുയിലൂരും സജീവ പങ്ക് വഹിച്ചു. മോഷണ മുതലുകളിൽ എട്ടു പവൻ സ്വർണ്ണവും മോഷ്ടാക്കൾ ഉപയോഗിച്ച വാഹനവും അന്വേഷണ സംഘം കണ്ടെടുത്തു.
കഴിഞ്ഞ ഒക്ടോബർ 19നാണ് പരിയാരം ചിതപ്പിലെ പൊയിലിലെ ഡോ. ഷക്കീർ, ഡോ. ഫർസീന ദമ്പതിമാരുടെ വീട്ടിൽ കവർച്ച നടന്നത്. ഡോക്ടർ ദമ്പതിമാർ അന്നേ ദിവസം എറണാകുളത്തേക്ക് പോയിരുന്നു. സെപ്തംബർ 21ന് ഇതിനടുത്ത പ്രദേശമായ പളുങ്കു ബസാറിൽ മാടാളൻ അബ്ദുള്ളയുടെ വീട്ടിലും സമാനരീതിയിൽ കവർച്ച നടത്തി 25 പവനും പതിനഞ്ചായിരം രൂപയും കവർന്നിരുന്നു. അടുത്തടുത്ത് രണ്ട് കവർച്ച കുറച്ച് ദിവസങ്ങൾക്ക് ഇടയിൽ നടന്നതോടെ ജനങ്ങൾ ഭീതിയിലായി. ഇതിന്റെ പ്രതിഫലമെന്നോളം കവർച്ച നടന്ന വീട്ടിലെത്തിയ ഡിവൈ.എസ്.പിയോട് പ്രദേശവാസികൾ തട്ടി കയറുന്ന സ്ഥിതി വരെ ഉണ്ടായിരുന്നു.

അന്വേഷണ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ സഞ്ജയ് കുമാർ, എ.എസ്‌.ഐ സയ്യിദ്, സീനിയർ സി.പി.ഒമാരായ നൗഫൽ അഞ്ചില്ലത്ത്, അഷറഫ്, രജീഷ്, സഹോദരൻമാരായ ഷിജോ അഗസ്റ്റിൻ, സോജി അഗസ്റ്റിൻ, എ.എസ്‌.ഐ ചന്ദ്രൻ എന്നിവരും വനിതാ സിവിൽ പൊലീസ് ഓഫീസറായ സൗമ്യയും അന്വേഷണത്തിൽ പ്രധാന പങ്കുവഹിച്ചു.

പരിശോധിച്ചത് 500ലേറെ സിസി ടിവി ദൃശ്യങ്ങൾ

മികച്ച കുറ്റാന്വേഷകനെന്ന് പേരെടുത്ത പി. നളിനാക്ഷൻ പരിയാരം എസ്.എച്ച്.ഒയായി ചുമതലയേറ്റതോടെയാണ് അന്വേഷണത്തിന് വേഗം കൈവന്നത്. നിരവധി സിസിടിവി പരിശോധിച്ചതിൽ നിന്ന് സംശയാസ്പദമായ ഒരു ചുവന്ന കളർ ടവേര കണ്ടെത്തുകയും ഇതിന്റെ നമ്പർ വ്യാജമാണെന്ന് മനസിലാക്കുകയും ചെയ്തു. നളിനാക്ഷന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം വിവിധ സ്ഥലങ്ങളിലെ സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ച് ഈ വാഹനം കാഞ്ഞങ്ങാട് ചെർക്കള വഴി കർണാടയിലേക്ക് പോയതായി മനസിലാക്കുകയും കുശാൽനഗറിൽ ഇവരുടെ വാഹനം എത്തിയതായി സിസിടിവി വഴി മനസിലാക്കുകയും ചെയ്തു. തുടർന്ന് കുശാൽനഗറിനടുത്തുള്ള ശുണ്ടിക്കൊപ്പ എന്ന സ്ഥലത്തെ ഒരു ഹോട്ടലിൽ നിന്ന് കവർച്ചാ സംഘങ്ങളുടെ വ്യക്തമായ ദൃശ്യങ്ങൾ ലഭിക്കുകയും, ഇവിടെ വച്ച് അവർ അവരുടെ ഫോൺ ഓൺ ചെയ്തതായി മനസിലാക്കുകയും ചെയ്തു. ഒരാഴ്ചക്കാലം കേരളത്തിലേയും, കർണ്ണാടകത്തിലേയും അഞ്ഞൂറിലേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഒടുവിൽ ഈ സംഘത്തിന്റെ ഫോട്ടോ തമിഴ്നാട് പൊലീസിന് അയച്ച് കൊടുക്കുകയും ഇത് കുപ്രസിദ്ധ കവർച്ചക്കാരൻ സുള്ളൻ സുരേഷും സംഘവുമാണെന്ന് സ്ഥീരീകരിക്കുകയും ചെയ്യുകയായിരുന്നു.