arrest

കൊല്ലങ്കോട്: ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ലഹരി കടത്ത് തടയുന്നതിന് ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദിന്റെ നിർദ്ദേശ പ്രകാരം നടത്തിയ പ്രത്യേക ഡ്രൈവിൽ മുഖ്യ ലഹരിയിടപാടുകാരൻ വിനയൻ ദാസനും കൂട്ടാളികളും പിടിയിൽ. കൊല്ലങ്കോട് പൊലീസിനും ഡാൻസാഫ് സ്ക്വാഡിനും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 23.629 കിലോഗ്രാം കഞ്ചാവുമായാണ് ഇവരെ പിടികൂടിയത്. കോരഞ്ചിറ ചക്കിങ്കൽ വീട്ടിൽ വിനയൻ ദാസൻ (35), ഗോവിന്ദാപുരം എം പുതൂർ സ്വദേശി മണികണ്ഠൻ (39), ഗോവിന്ദാപുരം കരടിക്കുന്ന് സ്വദേശി ധർമ്മരാജൻ (61) എന്നിവരാണ് കഞ്ചാവ് കാറിൽ കടത്താൻ ശ്രമിക്കവെ കരടിക്കുന്നിൽ ധർമരാജന്റെ തെങ്ങിൻ തോപ്പിൽവച്ച് പിടിയിലായത്.

പാലക്കാട് മംഗലംഡാം അമ്പിട്ടൻതരിശ്ശ് സ്വദേശികളായ വിനയൻ ദാസനും, സഹോദരൻ വിനോദും അനധികൃത ഇടപാടുകൾക്കും മയക്കുമരുന്ന് കച്ചവടത്തിനുമായി വഷങ്ങളായി ഗോവിന്ദാപുരത്താണ് താമസം. സംസ്ഥാന അതിർത്തി കേന്ദീകരിച്ച് ഇവരുടെ നേതൃത്വത്തിൽ ലഹരി കടത്തിന് ഒരു ക്രിമിനൽ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. ഈ സംഘത്തെയും പൊലീസ് നിരീക്ഷിക്കുണ്ട്.

തമിഴ്നാട്, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിൽ നിന്ന് വിനയൻ വൻതോതിൽ കഞ്ചാവ് എത്തിച്ച് ധർമരാജിന്റെ കരടികുന്നിലുള്ള തോട്ടത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്. അവിടെ നിന്നും പ്രതികളെല്ലാം ചേർന്ന് കാറിൽ കടത്താൻ ശ്രമിക്കുമ്പോഴാണ് പിടിയിലാവുന്നത്.