
തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139-ാം സ്ഥാപകദിനം നാളെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു. കണ്ണൂർ ഡി.സി.സിയിൽ രാവിലെ 9ന് നടക്കുന്ന ജന്മദിനാഘോഷങ്ങൾക്ക് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ നേതൃത്വം നൽകും.
കെ.പി.സി.സി ആസ്ഥാനത്ത് രാവിലെ 10ന് സേവാദൾ വോളന്റിയർമാരുടെ ഗാർഡ് ഒഫ് ഓണറിന് ശേഷം കോൺഗ്രസ് പതാക ഉയർത്തും. ഡി.സി.സികളുടെയും മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ ജന്മദിന സമ്മേളനങ്ങളും റാലികളും സംഘടിപ്പിക്കും. ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ നേതാക്കൾ ഭവന സന്ദർശനം നടത്തും.
ഐ.എൻ.ടി.യു.സി സംസ്ഥാന സമ്മേളനം തൃശൂരിൽ
കൊല്ലം: ഐ.എൻ.ടി.യു.സി സംസ്ഥാന സമ്മേളനം 28 മുതൽ 30വരെ തൃശൂരിൽ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
28ന് വൈകിട്ട് 'ഇന്നത്തെ ഇന്ത്യയും തൊഴിലവസരങ്ങളും' എന്ന വിഷയത്തിൽ സെമിനാർ നടക്കും. മുൻ എം.പി സി. ഹരിദാസ് ഉദ്ഘാടനം ചെയ്യും . 29ന് വൈകിട്ട് 5.30ന് മഹാറാലിയും പൊതുസമ്മേളനവും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനംചെയ്യും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ ഐ.എൻ.ടി.യു.സി ദേശീയ പ്രസിഡന്റ് ഡോ. ജി. സഞ്ജീവ് റെഡ്ഡി ഭദ്രദീപം തെളിയിക്കും. ആർ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല എം.എൽ.എ, ഡോ. ശശി തരൂർ എം.പി, കൊടിക്കുന്നിൽ സുരേഷ് എം,പി, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ എന്നിവർ പങ്കെടുക്കും. 30ന് പ്രതിനിധി സമ്മേളനം നടക്കും. സംസ്ഥാനത്ത് ക്ഷേമനിധി പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരിയിൽ സെക്രട്ടേറിയറ്റ് വളയൽ സമരം നടത്തുമെന്നും ചന്ദ്രശേഖരൻ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണവേണി ജി.ശർമ, ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
യൂണി. പെൻഷൻ അദ്ധ്യാപകരുടെ
സെക്രട്ടേറിയറ്റ് മാർച്ച് ഇന്ന്
തിരുവനന്തപുരം: യു.ജി.സി പെൻഷൻ പരിഷ്കരണ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സർവകലാശാല പെൻഷൻ അദ്ധ്യാപകർ ഇന്ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ പ്രൊഫ. വി.എൻ.ചന്ദ്രമോഹനനും ജനറൽ കൺവീനർ പ്രൊഫ. ആർ.മോഹനകൃഷ്ണനും അറിയിച്ചു. വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബഡ്ജറ്റിൽ ഉൾപ്പെടുത്തിയതും നടപ്പാക്കി കഴിഞ്ഞതുമായ യു.ജി.സി ഏഴാം വേതനപരിഷ്കരണത്തിന്റെ ഗ്രാന്റാണ് കേന്ദ്രസർക്കാർ കേരളത്തിന് നിഷേധിച്ചിരിക്കുന്നത്. ഇതുമൂലം 2016 മുതലുള്ള ശമ്പള പരിഷ്കരണ കുടിശ്ശികയാണ് അദ്ധ്യാപകർക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നതെന്നും അവർ പറഞ്ഞു.