police

തിരുവനന്തപുരം: നവകേരള സദസിനെതിരേ കരിങ്കൊടി കാട്ടിയവരെ തല്ലിയൊതുക്കിയ പൊലീസുകാർക്ക് ഗുഡ് സർവീസ് എൻട്രി നൽകാനുള്ള തീരുമാനം അസാധാരണം. അതിസമർത്ഥമായ അന്വേഷണം, കഠിനസാഹചര്യത്തിലെ ക്രമസമാധാന പാലനം, ദുരന്തകാലത്തെ സ്തുത്യർഹ രക്ഷാദൗത്യം തുടങ്ങിയവയ്ക്കാണ് ഗുഡ്സർവീസ് എൻട്രി നൽകാറുള്ളത്.

സമരക്കാരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗൺമാനടക്കം പൊലീസുകാർക്കെതിരേ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. അതിക്രമങ്ങൾക്കെതിരേ പ്രതിപക്ഷം ജുഡീഷ്യൽ അന്വേഷണം തേടി. ഈ സാഹചര്യത്തിലാണ് സംസ്ഥാന വ്യാപക ഗുഡ്സർവീസ് എൻട്രി. മുഖ്യമന്ത്രിക്ക് കേരളമാകെ പഴുതടച്ച സുരക്ഷയൊരുക്കിയത് പരിഗണിച്ചാണ് സി.പി.ഒ മുതൽ ഐ.ജി വരെയുള്ളവർക്ക് അംഗീകാരം നൽകാനുള്ള എ.ഡി.ജി.പി എം.ആർ.അജിത്കുമാറിന്റെ ഉത്തരവ്.

നിയമപരമായ ഉദ്ദേശ്യം നിറവേറാനല്ലാതെ ആർക്കെതിരേയും ബലപ്രയോഗം പാടില്ലെന്നും ജനങ്ങളോട് മര്യാദയോടെയും ഔചിത്യത്തോടെയും ഇടപെടണമെന്നുമുള്ള പൊലീസ്ആക്ടിന് വിരുദ്ധമായി പ്രവർത്തിച്ചവർക്കാണ് താമ്രപത്രം നൽകുന്നതെന്നാണ് ആക്ഷേപം. പ്രകോപനമുണ്ടായാലും ആത്മനിയന്ത്രണമില്ലാത്ത

പെരുമാ​റ്റമുണ്ടാവരുതെന്നും ജനങ്ങളുടെ ശരീരത്തെയോ സ്വത്തിനെയോ അപായപ്പെടുത്താനുള്ളതൊന്നും ചെയ്യരുതെന്നുമാണ് ആക്ടിലുള്ളത്. നീളൻവടികളുമായി മുഖ്യമന്ത്രിയുടെ അംഗരക്ഷകരടക്കം റോഡിലിറങ്ങി പരാക്രമം കാട്ടിയതാണ് കേസായത്.

സാമ്പത്തികമായി മെച്ചമൊന്നുമില്ലാതെയും ഭക്ഷണവും വെള്ളവും കിട്ടാതെയും ദിവസങ്ങളോളം അന്യ ജില്ലകളിലടക്കം സുരക്ഷാ ജോലിയെടുത്ത പൊലീസുകാർക്കിടയിലെ അസ്വസ്ഥത തണുപ്പിക്കാൻ കൂടിയാണ് താമ്രപത്രം നൽകുന്നത്. എന്നാൽ മർദ്ദകവീരന്മാർക്ക് അംഗീകാരം നൽകുന്നത് സേനയ്ക്കുള്ള തെറ്റായ സന്ദേശമാണെന്ന് ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. എസ്.പിമാർ മുതലുള്ളവർക്ക് ജില്ലകളിൽ നൽകാവുന്ന ഗുഡ്സർവീസ് എൻട്രിക്കായി, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഉത്തരവിറക്കിയതും അസാധാരണമാണ്.സുരക്ഷയ്ക്കായി 30,000പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ പരിശ്രമിച്ചവർക്ക് അംഗീകാരം നൽകുന്നതിന്റെ മറവിൽ രാഷ്ട്രീയസ്വാധീനമുള്ളവരും അക്രമം കാട്ടിയവരും നിയമലംഘനം നടത്തിയവരും ഗുഡ്സർവീസ് എൻട്രി നേടുമെന്നാണ് സേനയിലെ ആശങ്ക.

മെഡലിന്

മുൻഗണന

ഗുഡ്സർവീസ്എൻട്രി കിട്ടിയാൽ സാമ്പത്തികനേട്ടമോ സ്ഥാനക്കയറ്റത്തിന് മുൻഗണനയോ ഇല്ല. സർവീസ് ബുക്കിൽ ഗുഡ്സർവീസെന്ന് പതിക്കും.

രാഷ്ട്രപതി, കേന്ദ്രആഭ്യന്തരമന്ത്രി, മുഖ്യമന്ത്രി എന്നിവരുടെ മെഡലുകൾക്ക് അപേക്ഷിക്കുമ്പോൾ ഗുഡ്സർവീസ് എൻട്രിയുള്ളവർക്ക് മുൻഗണനയുണ്ടാവും.

സേവനം മികച്ചതാണെന്ന് സർട്ടിഫിക്കറ്റ് രൂപത്തിൽ വെള്ളപേപ്പറിൽ അച്ചടിച്ച്

നൽകും.