k

തിരുവനന്തപുരം : ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ സമൂഹത്തെ ബോധവത്കരിക്കുന്ന പൊലീസും വ്യാജ ഒ.ടി.പി കെണിയിൽ വീണു. വ്യാജസന്ദേശം ലഭിച്ചതിന് പിന്നാലെ ലഭിച്ച ഒ.ടി.പി നൽകി. സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലെ അക്കൗണ്ട്സ് ഓഫീസറുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നാണ് കാൽലക്ഷം രൂപയും പോയത്.

എന്നാൽ ,സൈബർ ക്രൈം പൊലീസ് ഉടൻ ഇടപെട്ട് തട്ടിപ്പ് സംഘത്തിന്റെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നത് തടഞ്ഞു. ബാങ്കുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായ ശേഷം പൊലീസിന് പണം തിരികെ ലഭിക്കും. ഈമാസം 18നായിരുന്നു സംഭവം.

അക്കൗണ്ട്സ് ഓഫിസർ എസ്.കുമാരി മഞ്ജുവിന്റെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്.ക്യാഷ്യർ ജോണാണ് അക്കൗണ്ട്സ് ഓഫിസറുടെ ഔദ്യോഗിക അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. ജോണിന്റെ ഔദ്യോഗിക മൊബൈൽ ഫോൺ നമ്പറിലേക്കാണ് ബാങ്കിൽ നിന്നെന്ന വ്യാജേന 24 മണിക്കൂറിനുള്ളിൽ കെ.വൈ.സി പുതുക്കിയില്ലെങ്കിൽ അക്കൗണ്ട് റദ്ദാക്കുമെന്ന സന്ദേശമെത്തിയത്. ഔദ്യോഗിക അക്കൗണ്ടായതിനാൽ റദ്ദായാൽ അത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണ്. അതിനാൽ സന്ദേശം ലഭിച്ചപാടെ

ലിങ്കിൽ കയറി ഒടിപി കൈമാറി. പിന്നാലെ അക്കൗണ്ടിൽ നിന്ന് 25,000 രൂപ പിൻവലിച്ചെന്ന സന്ദേശമെത്തിയപ്പോഴാണ് പണി കിട്ടിയെന്ന വിവരം മനസിലായത്.

ഓഫിസർ ഉടൻ 1930 എന്ന കൺട്രോൾ റൂം നമ്പറിലേക്ക് വിവരം

അറിയിച്ചു. തട്ടിപ്പ് സംഘത്തിന്റെ അക്കൗണ്ടിലേക്കാണ് പണം ട്രാൻസ്‌ഫർ ചെയ്തതെന്ന് കണ്ടെത്തി. ഉത്തരേന്ത്യൻ സംഘമാണെന്നും വ്യക്തമായി. ഈ അക്കൗണ്ടിൽ വരുന്ന പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുന്നതായിരുന്നു തട്ടിപ്പ് സംഘത്തിന്റെ രീതി.ഉടൻ പണമെത്തിയ അക്കൗണ്ടിൽ നിന്ന് രണ്ടാമത്തെ അക്കൗണ്ടിലേക്ക് മാറ്റുന്നത് പൊലീസ് തടഞ്ഞു. സൈബർ ക്രൈം പൊലീസിന്റെ അന്വേഷണം തുടരുന്നു.