
തിരുവനന്തപുരം: കേരള സർവകലാശാലാ സെനറ്റിലേക്കുള്ള ചാൻസലറുടെ നാമനിർദ്ദേശത്തിനെതിരേ ഹൈക്കോടതിയിൽ കേസിന് പോയി സ്റ്റേ വാങ്ങിയ 4 കുട്ടികളുടെ പേരുകൾ വാഴ്സിറ്റി ഗവർണറുടെ പരിഗണനയ്ക്ക് അയച്ചില്ലെന്ന് സൂചന.
വിവിധ വിഷയങ്ങളിലെ 30 ഒന്നാം റാങ്കുകാരും 40 കലാ, കായിക താരങ്ങളുമുള്ളതിൽ 8പേരെയാണ് രജിസ്ട്രാർ സെനറ്റ് നാമനിർദ്ദേശത്തിന് ശുപാർശ ചെയ്തത്. സംസ്കൃതം, സംഗീത വിദ്യാർത്ഥികളുടെയും വടംവലി മത്സര വിജയികളുടെയും പേരുകളായിരുന്നു ഇവ. എല്ലാ വിഭാഗത്തിലും മെരിറ്റുള്ള കൂടുതൽ പേരുള്ളപ്പോൾ 8പേരെ തിരഞ്ഞെടുത്തതിൽ ഗവർണർ ഒക്ടോബർ 15ന് വിശദീകരണം ആവശ്യപ്പെട്ടു. ഇതിന് മറുപടിയുമായി രജിസ്ട്രാർ ഫയൽ മടക്കി നൽകിയില്ലെന്നാണ് സൂചന. ഇതിനാലാണ് സെനറ്റിലേക്ക് ഗവർണർ സ്വന്തം നിലയിൽ നാമനിർദ്ദേശം നൽകാനിടയാക്കിയതെന്നാണ് ആക്ഷേപം.
28ന് ചേരുന്ന സിൻഡിക്കേറ്റിൽ ഇക്കാര്യം ചർച്ച ചെയ്യണമെന്നും രേഖകൾ യോഗത്തിൽ വയ്ക്കണമെന്നും സിൻഡിക്കേറ്റംഗം ജെ.എസ്. ഷിജുഖാൻ വൈസ് ചാൻസലർക്ക് കത്ത് നൽകി. ഗവർണർ 4 വിദ്യാർത്ഥികളെ നാമനിർദ്ദേശം ചെയ്തത് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. മന്ത്രി ബിന്ദു നൽകിയ പട്ടിക വി.സി ഗവർണർക്ക് കൈമാറിയിരുന്നു. ഇതിൽ ആരെയും ഗവർണർ നാമനിർദ്ദേശം ചെയ്തില്ല. കാലിക്കറ്റിലും വി.സി വഴി സർക്കാർ നൽകിയ ഭൂരിപക്ഷം പേരെയും ഗവർണർ തള്ളി. കേരളയിൽ 26അംഗ സിൻഡിക്കേറ്റാണുള്ളത്. തിരഞ്ഞെടുപ്പ് നടക്കാത്തതിനാൽ സർക്കാർ നാമനിർദ്ദേശം ചെയ്ത 6 സി.പി.എം അംഗങ്ങളും 3ഔദ്യോഗിക അംഗങ്ങളുമാണ് നിലവിൽ സിൻഡിക്കേറ്റിലുള്ളത്.
വി.സി നിയമനം:
പ്രതിനിധികളെ
തേടി ഗവർണർ
തിരുവനന്തപുരം: വൈസ്ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സെനറ്റ്, സിൻഡിക്കേറ്റ് പ്രതിനിധികളെ ആവശ്യപ്പെട്ട് സർവകലാശാലകൾക്ക് ഗവർണർ വീണ്ടും കത്തയച്ചു.
കേരള, കുസാറ്റ്, മലയാളം, എം.ജി, ഫിഷറീസ്, കണ്ണൂർ,സാങ്കേതിക വാഴ്സിറ്റികളിലാണ് വി.സിമാരില്ലാത്തത്. യു.ജി.സി, ചാൻസലർ, സെനറ്റ് അല്ലെങ്കിൽ സിൻഡിക്കേറ്റ് പ്രതിനിധികളാണ് സെർച്ച് കമ്മിറ്റിയിലുണ്ടാവേണ്ടത്. വാഴ്സിറ്റികൾ അവരുടെ പ്രതിനിധിയെ നൽകാത്തതിനാൽ ഗവർണർക്ക് സെർച്ച് കമ്മിറ്റി രൂപീകരിക്കാനാവുന്നില്ല. വാഴ്സിറ്റി പ്രതിനിധിയില്ലാതെ കേരളയിൽ ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് ഹൈക്കോടതി തടഞ്ഞിരുന്നു. വൈസ്ചാൻസലർ നിയമനത്തിൽ ചാൻസലറുടെ തീരുമാനം അന്തിമമാണെന്നും ചാൻസലർ വെറും സ്ഥാനപ്പേരല്ലെന്നും കണ്ണൂർ വി.സിയെ പുറത്താക്കിയ ഉത്തരവിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വാഴ്സിറ്റികൾക്ക് ഗവർണറുടെ കത്ത്.