aneesh

തിരുവനന്തപുരം: സ്വയം തൊഴിൽ സംഘങ്ങൾക്ക് കോർപറേഷൻ നൽകുന്ന സബ്സിഡി വായ്‌പ തരപ്പെടുത്തി നൽകാമെന്ന പേരിൽ വീട്ടമ്മമാരെ കബളിപ്പിച്ച് 35ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രധാനി അറസ്റ്റിൽ. രണ്ടാം പ്രതിയായ കാട്ടാക്കട വീരണകാവ് പുളിങ്കോട് ആലമുക്ക് ബത്‌ലഹേം വില്ലയിൽ അനീഷിനെയാണ് (40) ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റിച്ചലിൽ കടനടത്തുന്ന വ്യക്തിയാണ് ഇയാൾ. ആറു പേർ പ്രതികളായ കേസിൽ ഇതോടെ മൂന്നു പേരാണ് അറസ്റ്റിലായത്. തട്ടിച്ചെടുത്ത 35 ലക്ഷം രൂപയും അനീഷിന്റെ അക്കൗണ്ടിലേക്കാണ് എത്തിയതെന്നും ഇതിൽ നിന്ന് 11 ലക്ഷം രൂപ അനീഷ് എടുത്ത ശേഷം ബാക്കി തുക മറ്റുള്ളവർക്ക് വീതിച്ചു നൽകിയതായും പൊലീസ് കണ്ടെത്തി. തട്ടിപ്പിനായി ബാങ്കിൽ ഹാജരാക്കിയ വ്യാജ രേഖകൾ നിർമിച്ചത് അനീഷാണ്. ആറു പേർ പ്രതികളായ കേസിൽ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ബാങ്ക് മാനേജർ ഉൾപ്പെടെ മൂന്നു പേരാണ് ഇനി പിടിയിലാകാനുള്ളത്.

കോർപറേഷൻ ഉദ്യോഗസ്ഥ ചമഞ്ഞ് വീട്ടമ്മമാർക്ക് ക്ലാസ് എടുക്കാനും രേഖകൾ ഒപ്പിട്ടു വാങ്ങാനും എത്തിയ പൂജപ്പുര വിജയമോഹിനി മില്ലിന് സമീപം രാജില രാജൻ, സംഘങ്ങൾ രൂപീകരിച്ച ചെറിയതുറ സ്വദേശി ഗ്രേസി എന്നിവരാണ് നേരത്തെ പിടിയിലായത്.