pslv

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ.യുടെ ഏറ്റവും മികച്ച റോക്കറ്റായ പി.എസ്.എൽ.വി.യുടെ അറുപതാമത്തെ കുതിപ്പ് പുതുവത്സരദിനമായ ജനുവരി ഒന്നിന് രാവിലെ 9.10ന്.

ശ്രീഹരിക്കോട്ടയിൽ നിന്ന് എക്സ്‌പോസാറ്റ് ഉപഗ്രഹവുമായാണ് കുതിക്കുക. കൂടെ തിരുവനന്തപുരം എൽ.ബി.എസ്. വനിതാ എൻജിനിയറിങ് കോളേജിലെ വിദ്യാർഥിനികളും അധ്യാപകരും ചേർന്ന് നിർമിച്ച വിമൻ എൻജിനിയേഡ് സാറ്റലൈറ്റ് എന്ന 'വിസാറ്റും' ഉണ്ടാകും.

അമേരിക്കയ്‌ക്ക് ശേഷം,​ ബഹിരാകാശ ഉൗർജ്ജ സ്ത്രോസ്സുകൾ പഠിക്കാനുള്ള എക്സ്‌പോസാറ്റ് വിക്ഷേപിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

30 വർഷത്തിനിടെ പി.എസ്.എൽ.വി.345 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിട്ടുണ്ട്. 1993സെപ്തംബറിലായിരുന്നു ആദ്യവിക്ഷേപണം. ഇതുവരെ 59 വിക്ഷേപണങ്ങൾ. രണ്ടെണ്ണം പരാജയമായി. 1993 സെപ്റ്റംബർ 20ന് കന്നി ദൗത്യം പരാജയപ്പെട്ടു. രണ്ടാമത്തെ പരാജയം 2017 ഓഗസ്റ്റ് 31ന് . 1426 കിലോ ഭാരമുള്ള ഐ.ആർ.എൻ.എസ്.എസ്.1എച്ച് ഉപഗ്രഹവുമായി പി.എസ്.എൽ.വി. എക്സ്.എൽ പതിപ്പ് കുതിച്ചുയർന്നപ്പോഴായിരുന്നു.

ചന്ദ്രയാൻ 1, മംഗൾയാൻ, ആദിത്യ എൽ.1 തുടങ്ങി നിർണ്ണായക വിക്ഷേപണങ്ങളെല്ലാം പി.എസ്.എൽ.വി.യിലാണ്.104 ഉപഗ്രഹങ്ങളെ ഒറ്റക്കുതിപ്പിൽ ബഹിരാകാശത്ത് എത്തിച്ചതാണ് ചരിത്രനേട്ടം. വാണിജ്യവിക്ഷേപണങ്ങളിൽ ലോകത്തെ മുൻനിര റോക്കറ്റാണിത്. കുറഞ്ഞ ചെലവിൽ വിക്ഷേപിക്കാമെന്നതാണ് പ്രിയങ്കരമാക്കുന്നത്. അമേരിക്കയുൾപ്പെടെ 36രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ പി.എസ്.എൽ.വി. വിക്ഷേപിച്ചിട്ടുണ്ട്.

എക്സ്‌പോസാറ്റ് ഉപഗ്രഹം

ഐ.എസ്.ആർ.ഒ.യും ബാംഗ്ളൂരിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നുണ്ടാക്കിയ ഉപഗ്രഹമാണ് എക്സ്‌പോസാറ്റ്. അഞ്ച് വർഷമാണ് കാലാവധി. ബഹിരാകാശത്തെ നാൽപതോളം ഉൗർജ്ജ സ്ത്രോസുകളുടെ പഠനമാണ് ലക്ഷ്യം. എക്സ്‌പെക്റ്റ് എന്ന എക്സ് റേ സ്പെക്ട്രോസ്കോപ്പി ആൻഡ് ടൈംമിംഗ്,എക്സ്‌റേ പോളാരിമീറ്റർ എന്നീ ഉപകരണങ്ങളാണ് ഉപഗ്രഹത്തിലുള്ളത്.