തിരുവനനന്തപുരം : ഡി.ജി.പി ഓഫീസ് മാർച്ചിൽ അറസ്റ്റിലായ കെ.എസ്.യു പ്രവർത്തകരെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ അപേക്ഷ കോടതി തള്ളി. മുട്ടയിൽ മുളകുപൊടി ചേർത്ത് പൊലീസിനു നേർക്കു എറിഞ്ഞതിനാൽ ഇവയുടെ ഉറവിടം കണ്ടെത്താൻ കസ്റ്റഡി വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. എന്നാൽ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2 അത് അനുവദിച്ചില്ല. പരമാവധി രണ്ടുവർഷം മാത്രം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളുള്ള കേസിൽ റിമാൻഡിലുള്ളവർക്ക് അനാവശ്യമായി ജാമ്യം നിഷേധിക്കുകയാണ് പൊലീസിന്റെ കസ്റ്റഡി അപേക്ഷയുടെ ലക്ഷ്യമെന്ന് പ്രതിഭാഗം വാദിച്ചു.
കെ.എസ്.യു നേതാവ് മിവാ ജോളി, സുദേവ്, ജാനിബ്, അബ്ദുൾ ലുത്ഫി, സിജാഹ്,അനീസ്, ലിബിൻ, ജാവദ് പുത്തൂർ, മുഹമ്മദ് റാഷിദ് എന്നീ 9 പേരാണ് റിമാൻഡിലുള്ളത്. ഇവരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
പ്രതികൾക്കു വേണ്ടി അഭിഭാഷകരായ മൃദുൽ ജോൺ മാത്യു, അജയകുമാർ നെയ്യാറ്റിൻകര എന്നിവർ ഹാജരായി. നവകേരള മാർച്ചിനിടെ പ്രതിഷേധിച്ചവർക്കെതിരായ പൊലീസ് അതിക്രമത്തിനെതിരെയാണ് കെ.എസ്.യു പ്രവർത്തകർ ഡി.ജി.പി ഓഫീസിലേക്ക് മാർച്ച് നടത്തിയത്.