
ഒരു തീർത്ഥാടനം കൂടി. ഗുരുദേവന്റെ സായാഹ്ന സന്ദേശം. ജീവിത വിശുദ്ധിയുടെയും ക്ഷമയുടെയും ഉദാരതയുടെയും കാരുണ്യത്തിന്റെയും ആരാമമായിരുന്നു ഗുരുവിന്റെ അന്തരംഗം. ആരായുന്നവരിലേക്ക് ഈ ആരാമഭംഗികൾ നിരന്തരം വീശിക്കൊണ്ടിരിക്കും. ശിവഗിരി തീർത്ഥാടനവും അങ്ങനെ തന്നെ. തീർത്ഥാടനം ഒരാളുടെ ആയുസ്സിലെ അനർഘ നിമിഷമാകണം. ആ ആഴക്കാഴ്ചയിൽ ഗുരുദേവനെ കാണുന്നവർക്കേ തീർത്ഥാടന നാളുകളെ വേണ്ടവിധം പ്രയോജനപ്പെടുത്താനാകൂ.
വസന്തത്തിൽ പൂക്കൾ വെറുതെ വിരിയുന്നതല്ല. വരാനിരിക്കുന്ന ഋതുക്കളിൽ ആ പൂക്കളാണ് കായ്കനികളായി മാറുന്നത്, സർവ്വജീവജാലങ്ങളെയും അന്നമൂട്ടുന്നത്. പ്രകൃതിയിൽത്തന്നെയുള്ള അത്തരമൊരു തുടർച്ചയും വളർച്ചയും ആത്മീയതയുടെ വസന്തമായ തീർത്ഥാടനത്തിൽ നമ്മൾ നഷ്ടപ്പെടുത്തുന്നുണ്ടോ എന്നു കൂടി ആലോചിക്കണം. തീർത്ഥാടനത്തിനു ശേഷം എന്ത് എന്ന് ഓരോരുത്തരും സ്വയം ചോദിക്കണം. നിങ്ങൾ ഗുരുദേവ കൃതികൾ പാരായണം ചെയ്തിരിക്കാം, പഞ്ചശുദ്ധി പരിപാലിച്ചിരിക്കാം, തീർത്ഥാടന ലക്ഷ്യങ്ങൾ വിചിന്തനം ചെയ്തിരിക്കാം. തീർത്ഥാടനം കഴിയുന്നതോടെ അതൊക്കെ അതേപടി ചിട്ടയോടെയാവാൻ തരപ്പെടണമെന്നില്ല. പക്ഷേ, ശിവഗിരി തീർത്ഥാടനത്തിന് ആത്മീയമായ ഒരു തുടർച്ചയുണ്ടാവണം.
ഏത് പ്രലോഭനങ്ങളിലും വീണുപോകാതിരിക്കാനും ഭീഷണികളും വെല്ലുവിളികളും എത്ര ഭീമാകാരം പൂണ്ടുവന്നാലും ക്ഷമയോടെ, നിശ്ചയദാർഢ്യത്തോടെ നേരിടാനുമുള്ള ആത്മീയ കരുത്താണ് തീർത്ഥാടനം നല്കുന്നത്. അടുത്ത തീർത്ഥാടനം വരെ നന്മയിൽ ചലിപ്പിക്കുന്ന ഇന്ധനമായിത്തീരണം, അത്. എല്ലാവരെയും മനുഷ്യരായിക്കണ്ട് മൈത്രിയോടെ പുലരാനുള്ള സന്ദേശം- അതിനെ ആത്മസത്ത ചോർന്നുപോകാതെ സ്വീകരിക്കുകയും നെഞ്ചോടു ചേർക്കുകയും വേണം. അപ്പോൾ ക്രിയാത്മകവും സൗഭാഗ്യകരവുമായ ദിനങ്ങൾ കടന്നുവരും.
ഗുരുവിനെ ആരാധിക്കുന്നതിനൊപ്പം ഗുരുചിന്തയുടെ ആഘോഷം കൂടിയാകണം തീർത്ഥാടനം. തീർത്ഥാടകന് സ്വന്തം ജീവിതം ഇഴകീറി പരിശോധിക്കാനുള്ള അവസരമാണിത്. ഒരു കണ്ണാടിയിലെന്ന വണ്ണം ഒരാൾ സ്വയം കാണുന്നു. താൻ സ്വന്തം നിലനില്പിന് ആധാരമെന്ന് ധരിച്ചുവശായ ഭൗതികമായ പലതിൽനിന്നും തന്റെ ആത്മാവിനെ സ്നാനപ്പെടുത്താൻ ഇതുവഴി സാദ്ധ്യമാകുന്നു. ദൈവം മനുഷ്യനു നല്കിയ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനം കൂടിയാണിത്. യഥർത്ഥ സ്വാതന്ത്ര്യം സാക്ഷാത്കരിക്കപ്പെടുക, താൻ ദൈവസൃഷ്ടിയാണ് എന്ന അവബോധം ഉണരുമ്പോഴാണ്.
അനശ്വരതയിലേക്ക് തുറന്നുവച്ച വാതായനങ്ങളാണ് തീർത്ഥാടന ദിനങ്ങൾ. ഗുരുദർശന ചര്യകളൊന്നും നമ്മെ ഏകാന്തതയിലേക്കോ സന്യാസത്തിലേക്കോ കൊണ്ടുപോയി തളയ്ക്കുന്നില്ല. ആരാധനകൾ ഉള്ളുണർവ്വിനുള്ളതാണ്. നശ്വരതയുടെയും അനശ്വരതയുടേതുമായ രണ്ടു ലോകങ്ങളാണ് തീർത്ഥാടകനു മുന്നിൽ. രണ്ടിടത്തും തീർത്ഥാടകന് അപരിചിതത്വമില്ല. രണ്ടിനെയും അനുഭവത്തിന്റെ ഭാഗമാക്കുന്നു, പരസ്പരപൂരകമാക്കുന്നു. ഞാനെന്ന ഭാവം പൂർണ്ണമായി ഇല്ലാതാവുന്നിടത്താണ് തീർത്ഥാടനത്തിന്റെ തുടക്കം.
അകത്തെ അശുദ്ധിയില്ലാതാക്കുന്ന ആത്മീയതയാണ് തീർത്ഥാടനത്തിലൂടെ തിരിച്ചുപിടിക്കേണ്ടത്. വിശ്വാസം വിമലീകരിക്കപ്പെടുമ്പോൾ വിചാരം വിമലീകരിക്കപ്പെടും. വിമലീകരിക്കപ്പെട്ട വിചാരത്തിൽ നിന്നാണ് വിശുദ്ധ കർമ്മങ്ങൾ മുളയ്ക്കുക. കറയില്ലാത്ത അകവും കളങ്കങ്ങളില്ലാത്ത മുഖവും സാദ്ധ്യമാകുന്നത് അങ്ങനെയാണ്. വിമലീകരിക്കപ്പെട്ട ഗുരുദേവ വിശ്വാസത്തിന്റെ ആത്മീയതയാണ് ശിവഗിരി തീർത്ഥാടനത്തിന്റെ അടിത്തറ.