d

വലിച്ചാൽ വലിയുന്നതും വിട്ടാൽ പൂർവ്വ സ്ഥിതി പ്രാപിക്കുന്നതുമായ സ്വഭാവം ഇലാസ്റ്രിക്കിനുണ്ട്. ചില റബർ ഉത്പന്നങ്ങളും ഇതേ സവിശേഷതയുള്ളതാണ്. വളയാനും വലിയാനും വഴുതാനുമൊക്കെയുള്ള റബറിന്റെ ഈ സവിശേഷത കാരണം പലവിധ വസ്തുക്കളായി റബറിനെ മാറ്രാറുണ്ട്. ഒരുവേള പരിഹാസ രൂപത്തിലും റബറിനെ വിശേഷിപ്പിക്കാം. എങ്ങനെയും ഏതു സന്ദർഭത്തിലും വഴങ്ങുന്നവരെ, നട്ടെല്ല് റബറെന്ന് വിശേഷിപ്പിച്ചാണ് പരിഹസിക്കാറുള്ളത്. ഇതൊക്കെ വിളമ്പുന്നതെന്തിനെന്ന് സംശയം തോന്നാം.

കഴിഞ്ഞ 36 ദിവസങ്ങളിൽ കേരളത്തെ ഇളക്കിമറിച്ച നവകേരള സദസ് എന്ന ചരിത്ര സംഭവത്തിന്റെ ബാക്കിപത്രമായി സംസ്ഥാന പൊലീസ് മേധാവി പുറപ്പെടുവിച്ച ഒരു ഉത്തരവാണ് കാടുകയറി ചിന്തയ്ക്ക് നിദാനം.

നവകേരള സദസ് ഗംഭീര വിജയമാക്കാനും അതുല്യ തേജസായി വിളങ്ങുന്ന, പട്ടിണിപ്പാവങ്ങൾ ചോരയും നീരും നൽകി ഊട്ടിവളർത്തിയ കമ്യൂണിസ്റ്ര് പ്രസ്ഥാനത്തിന്റെ അമരക്കാരനായി നിന്ന് കേരളത്തിന്റെ നായകനായി വളർന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിലമതിക്കാനാവാത്ത ജീവന് നവകേരള സദസുകളിൽ സംരക്ഷണം നൽകിയ പൊലീസ് ഉദ്യോഗസ്ഥർക്ക് 'ഗുഡ് സർവീസ് എൻട്രി ' നൽകാനുള്ള തീരുമാനം. സർക്കാരിന്റെ ഏറ്റവും പ്രിയപ്പെട്ട എ.ഡി.ജി.പി എം.ആർ.അജിത് കുമാറാണ് ഉത്തരവിറക്കിയത്. സർക്കാർ, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി നിർദ്ദേശിച്ചാൽ , ഏതു കുമാറായാലും ഉത്തരവ് താനേ ഇറങ്ങും.

'വലിച്ചാൽ വലിയുന്നതും വിട്ടാൽ പൂർവസ്ഥിതി പ്രാപിക്കുന്നതുമായ സവിശേഷതയ്ക്ക് സ്തുതി'.

എല്ലാ വിഷയങ്ങൾക്കും എ പ്ളസ് കിട്ടുന്നവർ സമർത്ഥർ, ഒന്നിലധികം ബിരുദങ്ങളോ ബിരുദാനന്തര ബിരുദങ്ങളോ നേടുന്നവർ അതിസമർത്ഥർ, എഴുതുന്ന എല്ലാ ടെസ്റ്രുകളുടെയും റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റുന്നവർ പ്രതിഭകൾ. പക്ഷെ ഇതൊന്നും പോരാ, സിവിൽ സർവീസിൽ കയറിപ്പറ്റാൻ. അനിതര സാധാരണമായ കഴിവ് വേണം. മനസും ബുദ്ധിയും ശരീരവുമെല്ലാം ഒരു പോലെ സമർപ്പിച്ച് തപസ്യപോലെ പരിശ്രമിക്കുന്നവരാണ് സിവിൽ സർവീസിന്റെ പടികടക്കാറുള്ളത്. അതുകൊണ്ട് തന്നെ ഐ.എ.എസോ, ഐ.പി.എസോ ഉൾപ്പെടെയുള്ള യോഗ്യത നേടി എത്തുന്നവർ തെല്ലും മോശമാവാനിടയില്ല. ദൗർഭാഗ്യവശാൽ ഇത്തരം സർവീസുകളിൽ എത്തുന്നവർക്ക് പലപ്പോഴും തങ്ങളുടെ പ്രതിഭ പറണത്ത് വച്ച് പണിയെടുക്കേണ്ട സാഹചര്യം വരും. ജനാധിപത്യത്തിന്റെ മഹത്വം വല്ലാതങ്ങു കൂടിപ്പോയതിന്റെ ഒരു അസാധാരണ സവിശേഷതയാണ് അത്. ജനപ്രതിനിധികളും മന്ത്രിമാരുമൊക്കെ ഓരോന്നു കൽപ്പിക്കുമ്പോൾ, കമാന്നൊരക്ഷരം മിണ്ടാതെ, തെങ്ങിൽ നിൽക്കുന്നത് മാങ്ങയെന്നു പറഞ്ഞാലും പ്ളാവിൽ കിളിർക്കുന്നത് ചേനയെന്ന് വിളമ്പിയാലും ആഹാ എത്രശരി എന്ന മട്ടിൽ തലകുലുക്കി നിൽക്കുക. അല്ലെങ്കിൽ, പ്രത്യേകമായി രൂപീകരിക്കുന്ന വാഴപ്പിണ്ടി കോർപ്പറേന്റെയോ, കുടംപുളി സംസ്കരണ സംരംഭക പരിശീലന ഇൻസ്റ്രിറ്റ്യൂട്ടിന്റെയോ, പഴംതുണി നിർമ്മാർജ്ജന മിഷന്റെയോ ഒക്കെ തലപ്പത്ത് ഭരണസാരഥ്യത്തിലെത്തി സേവനം മുന്നോട്ടു കൊണ്ടുപോവുക. ഇതൊക്കെയേ വഴിയുള്ളൂ. ഇത്തരം പ്രായോഗിക ബുദ്ധിമുട്ടുകൾ സർവീസിലും ജീവിതത്തിലും ഉണ്ടാകുമെന്ന തിരിച്ചറിവുള്ള വിവേകശാലികൾ, ഏതു പാത്രത്തിലിരുന്നാലും അതിന്റെ രൂപത്തിലേക്ക് മാറുന്ന ദ്രാവക സ്വഭാവത്തിലേക്ക് തിരിയും. അപ്പോൾ ചില പരിണാമങ്ങളും സംഭവിക്കും.

'വലിച്ചാൽ വലിയുന്നതും വിട്ടാൽ പൂർവസ്ഥിതി പ്രാപിക്കുന്നതുമായ സവിശേഷതയ്ക്ക് സ്തുതി.'

നവകേരള സദസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ജീവൻരക്ഷാ പ്രവർത്തകർക്കും സംരക്ഷണമൊരുക്കിയ പൊലീസുകാർക്ക് ഗുഡ് സർവീസ് എൻട്രി നൽകാനുള്ള തീരുമാനം ഏതായാലും ഒരു എ.ഡി.ജി.പിക്ക് മാത്രമായി എടുക്കാനാവില്ല. തീരുമാനമാരുടേതായാലും അതു നടപ്പാക്കുക വഴി പരിഹാസ്യരാവാൻ യോഗമുള്ള ചിലരുണ്ടാവുമല്ലോ. തല്ലുകൊള്ളുന്നവന് തലോടൽ കിട്ടുന്നത് സാധാരണം. പക്ഷെ തല്ലുന്നവനെ തലോടുന്ന അസാധാരണ കീഴ്വഴക്കത്തിനും സാക്ഷ്യം വഹിക്കുകയാണ് കേരളം. അതിസമർത്ഥമായ അന്വേഷണം, കഠിനസാഹചര്യത്തിലെ ക്രമസമാധാന പാലനം, ദുരന്തകാലത്തെ സ്തുത്യർഹ രക്ഷാദൗത്യം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് സാധാരണ പൊലീസിന്റെ ഗുഡ് സർവീസ് എൻട്രി നൽകാറുള്ളത്. ഇപ്പോൾ ഗുഡ് സർവീസ് എൻട്രിക്ക് അർഹരായ പൊലീസുകാരുടെ സേവനങ്ങൾ ഇതിനെല്ലാമുപരിയാണ്. കല്യാശ്ശേരിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരനെ, ഡി.വൈ.എഫ്.ക്കാരുടെ ജീവൻരക്ഷാ ദൗത്യത്തിന്റെ ഭാഗമായി വളഞ്ഞിട്ട് തലോടുന്നു, ഇടയ്ക്കിടെ ഒരാൾ നാഭിയുടെ വലതുവശം നോക്കി ആവർത്തിച്ച് മുഷ്ടിചുരുട്ടി മർദ്ദമേൽപ്പിക്കുന്നു, മറ്റൊരാൾ ഹെൽമറ്റുപയോഗിച്ച് ശിരസിൽ മസാജ് ചെയ്യുന്നു. ഇതോടെ നിലത്തു വീഴുന്ന കരിങ്കൊടിക്കാരനെ, പിന്നാലെ പൊലീസ് എത്തി ലാത്തികൊണ്ട് ഉഴിയുന്നു.

കായംകുളത്ത് , ഭിന്നശേഷിക്കാരനായ കരിങ്കൊടിക്കാരനെ പൊലീസ് പുഷ്പം പോലെ എടുത്തുമാറ്രുന്നു, തുടർന്ന് ജീവൻരക്ഷാ സേന താഡന പീഡനം നടത്തുമ്പോൾ, പൊലീസ് നിർവികാരരായി എം.ടി കഥാപാത്രങ്ങളെപോലെ നിൽക്കുന്നു. ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപം കരിങ്കൊടിക്കാരായ യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്ക് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ നൽകിയ 'ഭക്ഷണ'ത്തിന് കലോറി പോരാഞ്ഞിട്ടാവണം ഗാനഗന്ധർവ്വനെപ്പോലെ തൂവെള്ള കുപ്പായമണിഞ്ഞെത്തിയ മുഖ്യമന്ത്രിയുടെ ഗൺമാൻ വഴിയിൽ കിട്ടിയ ലാത്തികൊണ്ട് കലോറി കൂട്ടിയത്. മറ്റൊരിടത്ത് കൃശഗാത്രനായ കരിങ്കൊടി പോരാളിയെ രണ്ടുവിരലുകൾ കൊണ്ട് കഴുത്തിൽ കുത്തിപ്പിടിച്ച് ജില്ലാ പോലീസ് മേധാവി മാറ്രുന്നതു കണ്ടപ്പോൾ, കുട്ടനാട്ടിലെ കർഷകർ താറാവിനെ കൊണ്ടുപോകുന്ന കാഴ്ചയാണ് ഓർമയിലെത്തിയത്. ഇങ്ങനെ ജീവൻ പണയം വച്ചും പൊലീസ് നടത്തിയ സ്തുത്യർഹ സേവനം എങ്ങനെ മറക്കാനാവും. കൊടുത്ത തല്ലിന്റെ വലിപ്പം നോക്കാതെ സി.പി.ഒ മുതൽ ഐ.ജി വരെയുള്ളവർക്ക് ഒരു പോലെ കിട്ടും ഗുഡ് സർവീസ് എൻട്രി.

'വലിച്ചാൽ വലിയുന്നതും വിട്ടാൽ പൂർവസ്ഥിതി പ്രാപിക്കുന്നതുമായ സവിശേഷതയ്ക്ക് സ്തുതി.'

ഗുഡ് സർവീസ് എൻട്രി നൽകാൻ വല്ല വ്യവസ്ഥയുമുണ്ടോ എന്ന ശങ്ക തോന്നാം. ഉണ്ട്, നിയമപരമായ ഉദ്ദേശം നിറവേറ്റാനല്ലാതെ ആർക്കെതിരേയും ബലപ്രയോഗം പാടില്ല, ജനങ്ങളോട് മര്യാദയോടെയും ഔചിത്യത്തോടെയും ഇടപെടണം. പ്രകോപനമുണ്ടായാലും ആത്മനിയന്ത്രണമില്ലാത്ത പെരുമാറ്റമുണ്ടാവരുത്, ജനങ്ങളുടെ ശരീരത്തെയോ സ്വത്തിനെയോ അപായപ്പെടുത്താനുള്ളതൊന്നും ചെയ്യരുത്. ഇതൊക്കെയാണ് പൊലീസ് ആക്ടിലുള്ളത്. 'പക്ഷെ ഏട്ടിലപ്പിടി, നാൻ ഇപ്പിടി' എന്നതാണ് ഇവിടെ സൂത്രവാക്യം.

ചില്ലിട്ട് വീടിന്റെ ഭിത്തിയിൽ കെട്ടിതൂക്കാൻ വെള്ളപേപ്പറിൽ അടിച്ചു നൽകുന്ന ഒരു സർട്ടിഫിക്കറ്റ് എന്നതിനപ്പുറം കാര്യമായ നേട്ടമൊന്നും ഈ ബഹുമതി കൊണ്ടില്ല, പിന്നെ സർവീസിൽ നിന്നു പിരിഞ്ഞ ശേഷം, മരുമക്കളെയും ചെറുമക്കളെയുമൊക്കെ വിളിച്ചു ചുറ്രിനുമിരുത്തി വമ്പു പറയാം, സർവീസിലിരിക്കുമ്പോ, ഞാനൊരു സംഭവമായിരുന്നെന്ന്. കേൾക്കുന്നവർക്ക് ഓക്കാനം വരുമെങ്കിലും.

ഇതുകൂടി കേൾക്കണേ

മികച്ച സേവനം നൽകിയതിനോ കുറ്റകൃത്യം തടയുന്നതിനോ കുറ്റാന്വേഷണത്തിനോ ക്രമസമാധാന പാലനത്തിനോ സഹായിച്ചവർക്കും വിവരംനൽകിയവർക്കും പാരിതോഷികം നൽകാനും പൊലീസ് ആക്ട് 66 പ്രകാരം വകുപ്പുണ്ട്. നോക്കണേ ഈ ജീവൻരക്ഷാ പ്രവർത്തകരുടെ ഒരു യോഗം, കുറച്ചു ദിവസം കഴിയുമ്പോൾ

നമ്മുടെ എ.ഡി.ജി.പി ഒരു ലിസ്റ്രുമായെത്തിയേക്കും. കേരളത്തിന്റെ ആകാശത്തിന് കീഴിലുള്ള ഡിഫിക്കുട്ടന്മാരെ, നിങ്ങൾ ഭാഗ്യവാന്മാർ, എന്തെന്നാൽ നിങ്ങൾക്കായി ഒരുങ്ങുന്നു പാരിതോഷിക കൂമ്പാരം.

'വലിച്ചാൽ വലിയുന്നതും വിട്ടാൽ പൂർവസ്ഥിതി പ്രാപിക്കുന്നതുമായ സവിശേഷതയ്ക്ക് സ്തുതി.'