puli

വിതുര: വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ പുള്ളിപ്പുലിയിറങ്ങി ഭീതി പരത്തിയതിനു പിന്നാലെ വിതുര പഞ്ചായത്തിലെ ആനപ്പാറ നാരകത്തിൻകാലയിലും പുലിയിറങ്ങി. ചൊവ്വാഴ്ച രാത്രിയോടെ തടത്തരികത്ത് വീട്ടിൽ സൂര്യന്റെ ആടിനെ പുലി കടിച്ചുകൊന്നു.

വീട്ടുമുറ്റത്ത് കെട്ടിയിരുന്ന ആടിന്റെ നിലവിളി കേട്ട് നോക്കിയപ്പോൾ പുലി കടിച്ചുകൊന്ന് ഭക്ഷിച്ച നിലയിലായിരുന്നു. സമീപത്തുതന്നെ പുലിയെ കണ്ട ആദിവാസികൾ ബഹളംവച്ചപ്പോൾ പുലി വനത്തിലേക്ക് പോയി. വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദും വനപാലകരും വെറ്ററിനറി ഡോക്ടർ കിരണും സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയാണ് ആടിനെ കടിച്ചുകൊന്നതെന്ന് ഡോക്ടറുടെ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. പൊന്മുടിക്ക് പുറമേ വിതുരയിലും പുലിയിറങ്ങിയതോടെ നാട്ടുകാർ ഭയത്തിലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തെ വനഭാഗങ്ങളിൽ ഇന്നലെ പരിശോധന നടത്തിയശേഷം ജനങ്ങൾക്ക് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.

നേരത്തേ ആദിവാസിമേഖലയിൽ പുലിയിറങ്ങിയെങ്കിലും നായ്‌ക്കളെയാണ് കൊന്നാെടുക്കിയിരുന്നത്. ഏതാനും മാസം മുമ്പ് വിതുര ജഴ്സിഫാമിലും പുലിയിറങ്ങിയിരുന്നു. അന്ന് കൂട് സ്ഥാപിച്ച് പിടികൂടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

നായ്‌ക്കളെ കൊന്നൊടുക്കി

ആനപ്പാറ നാരകത്തിൻകാല ആദിവാസിമേഖലയിൽ ഏതാനും ദിവസങ്ങളായി പുലിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നതായി ആദിവാസികൾ പറയുന്നു. കല്ലാർ മൊട്ടമൂട്,അല്ലത്താര,ചണ്ണനിരവട്ടം മേഖലയിലും പുലിയെ കണ്ടതായി ആദിവാസികൾ വ്യക്തമാക്കി. ഉപജീവനത്തിനായി വനവിഭവങ്ങൾ ശേഖരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഇവർ.